കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരുമാസം പിന്നിട്ടിട്ടും തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാൻ യോഗം പോലും ചേരാനാകാത്തതിൽ മുസ്ലിം ലീഗിൽ അതൃപ്തി പുകയുന്നു. സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിതന്നെ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തിറങ്ങി. തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം ഉന്നതാധികാര സമിതി യോഗം ചേർന്നെങ്കിലും തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയിരുന്നില്ല. ഫലം പ്രവർത്തക സമിതി ചേർന്ന് വിലയിരുത്തുമെന്നായിരുന്നു നേതാക്കൾ വ്യക്തമാക്കിയത്. പിന്നീട് സംസ്ഥാന ഭാരവാഹികൾ, ജില്ല പ്രസിഡൻറ്, സെക്രട്ടറിമാർ, പോഷക സംഘടന ഭാരവാഹികൾ, എം.എൽ.എമാർ എന്നിവർ ഓൺലൈനിൽ യോഗം ചേർന്നെങ്കിലും കോവിഡ് പ്രവർത്തനങ്ങളാണ് ചർച്ച ചെയ്തത്.
സി.പി.എം, കോൺഗ്രസ്, ബി.ജെ.പി, കേരള കോൺഗ്രസ് പാർട്ടികളെല്ലാം തെരഞ്ഞെടുപ്പ് വിലയിരുത്താൻ യോഗം ചേ ർന്നെങ്കിലും ലീഗ് യോഗം കോവിഡ് കാരണം പറഞ്ഞ് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോവുകയാണ്. ഇതിനെതിരെ പുകയുന്ന പ്രതിഷേധമാണ് കെ.എം. ഷാജിയിലൂടെ ഇപ്പോൾ പുറത്തുവന്നത്. പാർട്ടി പ്രവർത്തകരുടെ വികാരവും പാർട്ടി ചർച്ചകളും തീരുമാനങ്ങളിൽ പ്രതിഫലിക്കുന്നില്ലെന്ന് കെ.എം. ഷാജി 'മീഡിയവണി'ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സംഘടന സംവിധാനം പാർട്ടി ഭരണഘടന അനുസരിച്ച് ക്രമീകരിക്കണം. പാർട്ടിയുടെ ഘടന ശക്തിപ്പെടുത്തണം.
ഭരണഘടന അവിടെ കിടക്കട്ടെ എന്ന സമീപനം ശരിയല്ല. പ്രവർത്തകരുടെ വികാരങ്ങളോട് അനുരഞ്ജനം പാടില്ല. തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ തെൻറ വീട്ടിൽ നടന്ന റെയ്ഡ് യാദൃച്ഛികമാണെന്ന് കരുതുന്നില്ല. ചില ഘട്ടങ്ങളിൽ ചില വ്യക്തികളെ തകർക്കാൻ രാഷ് ട്രീയത്തിനതീതമായ 'ഡിപ്ലോമാറ്റിക് കോംപ്രമൈസ്' ഉണ്ടാകുന്നുണ്ട്. ജയിച്ച സീറ്റുകളുടെ കണക്കല്ല ചർച്ച ചെയ്യേണ്ടത്. നഷ്ടപ്പെട്ട സീറ്റുകളെക്കാൾ നഷ്ടപ്പെട്ട വോട്ട് സംബന്ധിച്ച ചർച്ച നടക്കണം. വോട്ട് കുറഞ്ഞത് ഗൗരവമായി കാണണം. പാർട്ടിയുടെ പല ഘടകങ്ങളും ജനകീയമല്ലെന്നും ഷാജി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.