തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ ജനങ്ങൾക്ക് ഗുണകരമായ ഒന്നുമില്ലെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേരളത്തെ സംബന്ധിച്ച് തീർത്തും നിരാശാജനകമാണ്. വലിയ പ്രതീക്ഷയോടെയാണ് ബജറ്റിനെ എല്ലാവരും കാത്തിരുന്നത്. ഞങ്ങള്‍ക്ക് അങ്ങേയറ്റം ആത്മവിശ്വാസമാണ്, ഞങ്ങള്‍ തന്നെ വരും എന്നതരത്തിലാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ജനങ്ങള്‍ക്കും സാമ്പത്തിക രംഗത്തിനും ഗുണമുണ്ടാവുന്ന കാര്യങ്ങള്‍ വന്നിട്ടില്ല. കേരളത്തേയും ബാധിക്കുന്ന പ്രശ്‌നമാണത്. അടിസ്ഥാന സൗകര്യം, എയിംസ്, റെയില്‍വേ അടക്കം വലിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ചിരുന്നതാണ്. കേരളത്തിന് മാത്രമല്ല, രാജ്യത്തിന് മൊത്തം നിരാശാജനകമാണെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യയിലാകെ സാമ്പത്തിക കാര്യത്തില്‍ മരവിപ്പുണ്ട്. ഇന്ത്യയിലാകെയുള്ള ഉൽപാദനക്കുറവിനെ നേരിടാന്‍ കൂടുതല്‍ തൊഴിലവസരം ഉണ്ടാകാനും നിക്ഷേപം വരാനും കുറേയേറെ പദ്ധതികള്‍ പ്രഖ്യാപിക്കേണ്ടിയിരുന്നു. സാമ്പത്തിക രംഗത്തെ സജീവമാക്കാനുള്ള കാര്യങ്ങള്‍ വരേണ്ടതായിരുന്നു. ബജറ്റ് പ്രതീക്ഷക്ക് ഒത്ത് വന്നിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേന്ദ്രത്തിന്റെ ആകെയുള്ള ബജറ്റിന്റെ 36 ശതമാനത്തോളം കടമാണ്. കേന്ദ്ര സർക്കാർ ആകെ ചെലവാക്കുന്നതിന്റെ 25 ശതമാനവും പലിശക്കാണ്. വിലക്കയറ്റം നിയന്ത്രിക്കാന്‍ പണം അനുവദിച്ചിട്ടില്ല. ഭക്ഷ്യസബ്‌സിഡിക്ക് അനുവദിച്ച പണത്തില്‍ വാസ്തവത്തില്‍ ചെറിയ കുറവാണ് വന്നിട്ടുള്ളത്. കാര്‍ഷിക മേഖലയിലേക്കുള്ള അടങ്കല്‍ തുക കുറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ജോലികളില്‍ പത്തരലക്ഷം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. അതിനെപ്പറ്റി ബജറ്റിൽ പറയുന്നില്ല. തൊഴില്‍ പുതിയതില്ല, കാര്‍ഷിക മേഖലക്ക് പ്രത്യേക സഹായമില്ല. വന്ദേഭാരതിന്റെ നിലവാരത്തിലേക്ക് കോച്ചുകള്‍ മാറ്റിയാല്‍ ചാര്‍ജ് കൂട്ടേണ്ടിവരും. റെയില്‍വേയില്‍ അടിസ്ഥാന സൗകര്യവികസനത്തിന് കാര്യമായി പണം അനുവദിച്ചതായി കാണുന്നില്ലെന്നും മന്ത്രി ബാലഗോപാൽ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.