കോഴിക്കോട്: മുസ്‍ലിം ലീഗ് നേതാവ് കെ.എന്‍.എ. ഖാദറിനെ ആർ.എസ്.എസ് മുഖപത്രമായ 'കേസരി'യുടെ ഓഫിസിൽ നടന്ന ചടങ്ങിൽ ക്ഷണിച്ചത് ദേശീയ വീക്ഷണമുള്ള ദേശസ്നേഹിയായ വ്യക്തി എന്ന നിലയിലെന്ന് ആര്‍എസ്എസ്. പരന്ന വായനയുള്ള മാനവികപക്ഷത്ത് നിലയുറപ്പിച്ച ആളാണ് ഖാദറെന്നും ദേശീയ വീക്ഷണമുള്ള ദേശസ്നേഹിയായ വ്യക്തി എന്ന നിലയിലാണ് ക്ഷണിച്ചതെന്നും ആര്‍.എസ്.എസ് സംസ്ഥാന സഹ പ്രചാര്‍ പ്രമുഖും കേസരി പത്രാധിപരുമായ ഡോ. എന്‍.ആര്‍. മധു പറഞ്ഞു.
മാനവിക നിലപാടുള്ള വ്യക്തിയാണ് ഖാദര്‍. കേസരി പരിപാടിക്കു വേണ്ടി താന്‍ തന്നെ നേരിട്ട് ക്ഷണിക്കുകയായിരുന്നു. ലീഗ് പുറത്താക്കിയാല്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം കെ.എന്‍.എ ഖാദറിന് ഉണ്ടാകില്ല -അദ്ദേഹം പറഞ്ഞു.
ആർ.എസ്.എസ് ആഭിമുഖ്യത്തിൽ കോഴിക്കോട് ചാലപ്പുറത്തെ 'കേസരി'യില്‍ നടത്തിയ സ്‌നേഹബോധി സാംസ്‌കാരിക സമ്മേളനത്തിലാണ് കെ.എന്‍.എ ഖാദര്‍ പങ്കെടുത്തത്. ആർ.എസ്.എസ് ദേശീയ നേതാവും ബൗദ്ധികാചാര്യനുമായ ജെ. നന്ദകുമാര്‍ ഉൾപ്പെടെ സംബന്ധിച്ച പരിപാടിയായിരുന്നു അത്. ചടങ്ങിൽ ഖാദറിനെ ജെ. നന്ദകുമാര്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചിരുന്നു. നിലവില്‍ മുസ്‍ലിം ലീഗിന്റെ ദേശീയ സമിതി അംഗവും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമാണ് മുന്‍ എംഎല്‍എ കൂടിയായ ഖാദര്‍.
അതേസമയം, ഖാദര്‍ ആർ.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതില്‍ ലീഗിൽ അതൃപ്തി പുകയുന്നുണ്ട്. സംഭവം പാര്‍ട്ടി നയത്തിന് എതിരാണെന്ന് എം.കെ. മുനീര്‍ പറഞ്ഞു. പാര്‍ട്ടി ഉന്നതാധികാര സമിതിയുടെ അനുമതിയില്ലാതെയാണ് ഖാദര്‍ പരിപാടിയില്‍ പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. വിഷയം പാര്‍ട്ടി പരിശോധിക്കുമെന്ന് ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ എം.സി. മായിന്‍ ഹാജിയും വ്യക്തമാക്കി.
സംഭവം വിവാദമായതോടെ സാംസ്‌കാരിക പരിപാടിയായതിനാലാണ് പങ്കെടുത്തതെന്നും മതസൗഹാര്‍ദത്തെ കുറിച്ചാണ് സംസാരിച്ചതെന്നും വിശദീകരിച്ച് കെ.എന്‍.എ. ഖാദര്‍ രംഗത്തെത്തിയിരുന്നു. ഇത് സാംസ്കാരിക പരിപാടിയായാണെന്ന് മനസിലാക്കിയാണ് പങ്കെടുത്തതെന്നാണ് കെഎൻഎ ഖാദർ പറയുന്നത്. സാംസ്കാരിക പരിപാടികൾക്ക് മുൻപും പോയിട്ടുണ്ട്. ലീഗ് സംസ്ഥാനത്തെമ്പാടും എല്ലാ മതങ്ങളെയും വിളിച്ചുകൂട്ടി പരിപാടി നടത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.