കൊച്ചി: കോവിഡ് കാലത്ത് കുറച്ച പാർക്കിങ് നിരക്കുകൾ കുത്തനെ കൂട്ടി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. പുതുക്കിയ നിരക്ക് ഈമാസം 20 മുതൽ നിലവിൽവരും. 250 ശതമാനം വരെ വർധനവാണ് വരുത്തിയിരിക്കുന്നത്. മെട്രോ യാത്രക്കാരുടെ വാഹനം പാർക്ക് ചെയ്യാൻ പുതിയ നിരക്ക് പ്രകാരം 50 ശതമാനമാണ് വർധന.
ആദ്യ രണ്ട് മണിക്കൂറിന് നാലുചക്ര വാഹനങ്ങൾക്ക് 20 രൂപയും ഇരുചക്ര വാഹനങ്ങൾക്ക് 10 രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിനും യഥാക്രമം അഞ്ച് രൂപയും രണ്ട് രൂപയുമായിരുന്നു പഴയ നിരക്ക്. കോവിഡിന് ശേഷം പ്രധാന ഒമ്പത് സ്റ്റേഷനുകളിൽ പാർക്കിങ് നിരക്ക് നാലുചക്ര വാഹനങ്ങൾക്ക് 10 രൂപയും ഇരുചക്ര വാഹനങ്ങൾക്ക് അഞ്ച് രൂപയുമായി ഇളവ് ചെയ്തിരുന്നു. ഇതാണ് ഇപ്പോൾ വർധിപ്പിച്ചത്.
കാർ/ജീപ്പ് എന്നിവയുടെ പാർക്കിങ്ങിന് ആദ്യ രണ്ട് മണിക്കൂറുകൾക്ക് 10 രൂപയിൽനിന്ന് 35 രൂപയായും തുടർന്നുള്ള ഓരോ മണിക്കൂറിനും അഞ്ച് രൂപയിൽനിന്ന് 20 രൂപയായുമാണ് കൂട്ടിയത്. ഇരുചക്ര വാഹനങ്ങൾക്ക് പാർക്കിങ്ങിനായി ആദ്യ രണ്ട് മണിക്കൂറിന് അഞ്ച് രൂപയിൽനിന്ന് 20 രൂപയായും പിന്നീടുള്ള ഓരോ മണിക്കൂറിനും രണ്ട് രൂപയിൽനിന്ന് പത്ത് രൂപയായും വർധിപ്പിച്ചു. ഫലത്തിൽ 500 ശതമാനമാണ് ഈ വർധനവ്.
അതേസമയം, മെട്രോ യാത്രക്കാർക്ക് ആദ്യത്തെ രണ്ട് മണിക്കൂറിന് നാലുചക്ര വാഹനങ്ങൾക്ക് 15 രൂപയാണ് പുതുക്കിയ നിരക്ക്. നാലുചക്ര വാഹനങ്ങൾക്ക് തുടർന്നുള്ള ഓരോ മണിക്കൂറിനും അഞ്ചുരൂപ വീതം ഈടാക്കും. ഇരുചക്ര വാഹനക്കാർക്ക് ഓരോ രണ്ട് മണിക്കൂറിനും അഞ്ചുരൂപ വീതമാകും ഈടാക്കുക.
ഈ അടുത്ത് നടത്തിയ പരിശോധനയിൽ പാർക്കിങ് സൗകര്യം മെട്രോ യാത്രക്കാരേക്കാൾ കൂടുതൽ മറ്റുള്ളവരാണ് ഉപയോഗപ്പെടുത്തുന്നത് എന്ന് കണ്ടെത്തിയതിനാലാണ് നിരക്ക് കുത്തനെ കൂട്ടിയതെന്നാണ് അധികൃതരുടെ വിശദീകരണം. ഇക്കാരണത്താൽ മെട്രോയുടെ സ്ഥിരം യാത്രക്കാർക്ക് പലപ്പോഴും പാർക്കിങ് സൗകര്യം ലഭിക്കുന്നില്ലെന്ന് പരാതിയുമുണ്ട്. മെട്രോ യാത്രക്കാർക്ക് പ്രയോജനപ്രദമായ രീതിയിൽ പാർക്കിങ് സൗകര്യങ്ങൾ പരിമിതപ്പെടുത്താനാണ് തീരുമാനം.
ദിവസേനയുള്ള പാസുകൾക്ക് പുറമെ പ്രതിവാര, പ്രതിമാസ പാസും ലഭ്യമാണ്. ദിവസേനയുള്ള പാസുകള്‍ക്ക് പുറമെ പ്രതിവാര, പ്രതിമാസ പാസുകളും ലഭ്യമാക്കും. കാറിന് 1000, 250, ഇരുചക്ര വാഹനങ്ങള്‍ക്ക് 500, 125 എന്നിങ്ങനെയാണ് യഥാക്രമം യാത്രക്കാര്‍ക്കുള്ള പ്രതിമാസ, പ്രതിവാര പാര്‍ക്കിങ് നിരക്കുകള്‍. പുറത്തുള്ളവര്‍ക്ക് വീക്ക്ലി പാസ് ലഭിക്കില്ല. മാസാന്ത പാസിന് കാറുകള്‍ക്ക് 4000 രൂപയും, ഇരുചക്രവാഹനങ്ങള്‍ക്ക് 1500 രൂപയും നല്‍കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.