കൊച്ചി: നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്ന കാര്യത്തിൽ നഗരസഭ ഒറ്റക്കെട്ടാണെങ്കിലും സ്ഥിരം പല്ലവികളിൽ തന്നെ കുടുങ്ങി നഗരസഭ കൗൺസിൽ. കുടിവെള്ള ക്ഷാമത്തിന് 30 വർഷത്തെ പഴക്കമുണ്ടെന്നും വാട്ടർ അതോറിറ്റി ഇക്കാര്യത്തിൽ കടുത്ത അനാസ്ഥയാണ് കാണിക്കുന്നതെന്നുമുള്ള കാര്യത്തിൽ മേയർക്കും കൗൺസിൽ അംഗങ്ങൾക്കും അഭിപ്രായവ്യത്യാസമില്ല. ശ്വാശ്വത പരിഹാരം സർക്കാർ തലത്തിൽ ആവശ്യപ്പെട്ട് പ്രമേയവും പാസാക്കി. ജല അതോറിറ്റിയുടെ അനാസ്ഥയിൽ പ്രതിഷേധിച്ചും സർക്കാറിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുമാണ് പ്രമേയം.
നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള പദ്ധതിക്ക് 2000 കോടിയാണ് വേണ്ടത്. ഇതിനായി പുതിയ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനൊപ്പം പഴകിയ പൈപ്പുകൾ മാറ്റി വിതരണ ശൃംഖല കുറ്റമറ്റതാക്കുന്നതിനും ഓവർഹെഡ് ടാങ്കുകൾ അടക്കം സ്ഥാപിക്കുകയും വേണം. നിലവിൽ ആലുവയിലെ പ്ലാന്റിന്റെ ശേഷിയായ 225 എം.ഡി നഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് പര്യാപ്തമല്ല. മരട് പ്ലാന്റിന്റെ ശേഷി 100 എം.ഡിയാണ്. മരട് പ്ലാന്റിൽനിന്ന് പൂർണതോതിൽ കുടിവെള്ളം ലഭിച്ചാൽപോലും നഗരവാസികളുടെ ശുദ്ധജലത്തിനുവേണ്ടിയുള്ള കാത്തിരിപ്പിന് വിരാമമാവുകയില്ല.
ഈ സാഹചര്യത്തിലാണ് ആലുവയിൽ 190 എം.ഡിയുടെ പുതിയ പ്ലാന്റിന്റെ കാര്യം വിഭാവനം ചെയ്തത്. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ലഭിച്ച വായ്പത്തുകയിൽ രൂപയുമായുള്ള വിനിമയ നിരക്കിലുണ്ടായ വ്യത്യാസം മൂലം അധികം ലഭിച്ച 790 കോടി ഇതിലേക്ക് വിനിയോഗിക്കാനും തീരുമാനിച്ചിരുന്നു. 143 എം.ഡിയായി പദ്ധതി വാട്ടർ അതോറിറ്റി പുനർവിഭാവനം ചെയ്യുകയും 2012ൽ തന്നെ അതിനാവശ്യമായ ആസൂത്രണം പൂർത്തീകരിച്ചതുമാണ്. പുതിയ പ്ലാന്റ് പണിയുന്നതിനായി ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ളവ ഈ പദ്ധതിയുടെ കാര്യത്തിൽ പ്രശ്നവുമല്ല. ജല അതോറിറ്റിയുടെ ആലുവയിലെ നാല് ഏക്കർ പ്ലാന്റ് നിർമാണം നടത്താനാകുമെന്നും കണ്ടെത്തിയിരുന്നു.
പ്ലാന്റ് നിർമാണത്തിന് സംസ്ഥാന പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 180 കോടിയുടെ ഭരണാനുമതി 2021ൽ തന്നെ ലഭിച്ച് ടെൻഡർ നടപടി സ്വീകരിച്ചെങ്കിലും ആ ടെൻഡർ റദ്ദാക്കി പുതിയ ഫണ്ട് കിഫ്ബിയിൽനിന്ന് ലഭിക്കുന്നതിനായി കാത്തിരിക്കുകയാണെന്ന് പ്രമേയം അവതരിപ്പിച്ച അഡ്വ. പി.എസ്. വിജു ചൂണ്ടിക്കാട്ടി.
ആലുവയിൽ പുതിയ പ്ലാന്റ് സ്ഥാപിക്കാതെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകില്ലെന്നും മേയർ എം. അനിൽകുമാർ പറഞ്ഞു. പല ഡിവിഷനുകളിലും കുടിവെള്ളം കിട്ടാക്കനിയായി തുടരുന്നതിനിടെ പാലാരിവട്ടത്ത് പ്രധാന കുടിവെള്ള പൈപ്പ് പൊട്ടിയത് ആശങ്ക ഇരട്ടിപ്പിക്കുന്നതായി കൗൺസിലർ ജോർജ് നാനാട്ട് പറഞ്ഞു.
മുൻ യു.ഡി.എഫ് കൗൺസിലിന്റെ കാലത്ത് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച പത്മസരോവർ പദ്ധതിക്കായി ഒരു രൂപപോലും കോർപറേഷൻ ഫണ്ടിൽനിന്ന് നൽകില്ലെന്ന് മേയർ എം. അനിൽകുമാർ അറിയിച്ചു. ഒരു കോടി കോർപറേഷൻ നൽകുമെന്ന വാർത്ത അദ്ദേഹം നിഷേധിച്ചു.
വൃക്കരോഗികൾക്ക് ചികിത്സാസഹായം നൽകുമെന്ന് പറഞ്ഞ് കബളിപ്പിച്ചതായി യു.ഡി.എഫ് കൗൺസിലർ എം.ജി. അരിസ്റ്റോട്ടിൽ കുറ്റപ്പെടുത്തി. 32 ലക്ഷം രൂപയാണ് ജനകീയാസൂത്രണ ഫണ്ടിൽ ഇതിനായി നീക്കിവെച്ചത്. ഓരോ ഡിവിഷനിൽനിന്നും രണ്ടുപേർക്ക് വീതം ചികിത്സ സഹായം നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും ആർക്കും ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. റിലയൻസ് ജിയോക്ക് കേബിൾ വലിക്കാൻ അനുമതി നൽകിയതിലൂടെ കോർപറേഷൻ രണ്ടരക്കോടി നഷ്ടപ്പെടുത്തിയതായും അരിസ്റ്റോട്ടിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.