കൊച്ചി: കാക്കനാട് സീപോർട്ട്-എയർപോർട്ട് റോഡിലൂടെ പോകുമ്പോൾ ചിറ്റേത്തുകര ജില്ല ജയിലിനടുത്തായി ഒരു മാരുതി 800 കാറും കാറിനടുത്ത് നിറഞ്ഞ പ്രതീക്ഷയോടെ നിൽക്കുന്ന യുവതിയെയും കാണാം. കാറിനു പിറകിൽ കെട്ടിവെച്ച ബാനർ കണ്ടാൽ കാര്യം പിടികിട്ടും, വഴിയോര ബിരിയാണി വിൽപനയാണ്. ജീവിക്കാൻ പലവേഷവും കെട്ടേണ്ടിവന്ന ട്രാൻസ്ജെൻഡറായ സജ്ന ഷാജിയുടെ പുതിയ അതിജീവന സംരംഭമാണിത്. വെറും 60 രൂപക്ക് കിട്ടുന്ന ഇതിെൻറ പേര് സജനാസ് ഇലപ്പൊതി ബിരിയാണി.
പാരമ്പര്യത്തിെൻറ തനിമക്കൊപ്പം തെൻറ സ്വകാര്യ രുചിക്കൂട്ടും ചേർത്ത് തയാറാക്കുന്ന ബിരിയാണി അവർ വിളമ്പുന്നത് ഗൃഹാതുരത്വത്തിൽ വാട്ടിയെടുത്ത വാഴയിലയിലാണ്. ട്രേഡ് സീക്രട്ടാണ് ആ രുചിക്കൂട്ട്. അതുകൊണ്ട് സ്വാദേറെയാണെന്നു പറഞ്ഞ് മിക്കവരും വീണ്ടും വന്ന് വാങ്ങിക്കൊണ്ടുപോകുന്നുവെന്ന് അവർ പറയുന്നു.
നേരേത്ത ഓൺലൈൻ ഭക്ഷണവിതരണം നടത്തിയിരുന്ന സജ്നയുടെ ജോലി കോവിഡ് നഷ്ടപ്പെടുത്തിക്കളഞ്ഞു. ഇതോടെ പാചകത്തോടുണ്ടായിരുന്ന ഇഷ്ടവും നേരേത്ത ഹോട്ടലിൽ ജോലി ചെയ്തതിെൻറ പരിചയവും മുതൽകൂട്ടാക്കി പാചകരംഗത്ത് ഇറങ്ങുകയായിരുന്നു. ടിക്ടോകിൽ സജീവമായിരുന്ന സജ്നയുടെ ലോക്ഡൗൺ വിപണന കേന്ദ്രവും ടിക്ടോക് തന്നെയായിരുന്നു. ‘‘ആദ്യം അയൽക്കാർക്കൊക്കെ കൊടുത്തുതുടങ്ങി, എല്ലാവരും നന്നായിട്ടുണ്ടെന്ന് പറഞ്ഞപ്പോ ആത്മവിശ്വാസം വന്നു.
അങ്ങനെ ടിക്ടോകിലൂടെ ബിരിയാണി വിൽക്കാൻ തുടങ്ങി. ദിവസവും 200 ബിരിയാണിയൊക്കെ വിൽക്കുമായിരുന്നു. എന്നാൽ, ടിക്ടോക് പോയതോടെ പണികിട്ടി. എന്നാലങ്ങനെ വിട്ടുകൊടുക്കാൻ പറ്റില്ലല്ലോ, അങ്ങനെയാണ് റോഡ്സൈഡിൽ ബിരിയാണി വിറ്റാലോ എന്ന ചിന്ത വന്നത്’’ -അവർ ജീവിതം പറയുന്നു.
ഇന്നു പക്ഷേ 200 ബിരിയാണിയൊന്നും വിറ്റുപോവുന്നില്ലെന്നതിെൻറ നിരാശയുണ്ട്. പരമാവധി നൂറിൽ താഴെ. ചിലപ്പോൾ പാർട്ടി ഓർഡറും കിട്ടും. sajanashaji എന്ന പേരിലുള്ള ഫേസ്ബുക്, യുട്യൂബ്, ഇൻസ്റ്റഗ്രാം പ്രഫൈലുകളിലൂടെയും വിപണനമുണ്ട്. ഇങ്ങനെ ബിരിയാണിയിലൂടെ അതിജീവനം നടത്തുന്നതിനൊപ്പം നല്ലൊരു പങ്ക് എന്നും രാത്രി തെരുവുകളിൽ കഴിയുന്നവർക്കുനേരെ നീട്ടി കാരുണ്യത്തിെൻറ പുതുവഴികൂടി സജ്ന കണ്ടെത്തുന്നു. സ്വർണാഭരണങ്ങളെല്ലാം വിറ്റാണ് സജ്ന കാർ വാങ്ങിയത്. കാർ ഓടിക്കാനറിയാത്തതുകൊണ്ട് സുഹൃത്തായ ആബിദും ഒപ്പമുണ്ടാകും.
കാക്കനാട് വാഴക്കാലയിൽ താമസിക്കുന്ന സജ്ന രാത്രി ആലുവ ഭാഗത്താണ് 30ഓളം പേർക്ക് ബിരിയാണി നൽകുന്നത്. കച്ചവടം കൂടുതൽ വിപുലമാക്കി, മെച്ചപ്പെട്ട വരുമാനമുണ്ടാക്കണമെന്നാണ് ഇവരുടെ ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.