കൊടകര കുഴൽപ്പണ കേസിൽ കെ. സുരേന്ദ്രൻ നിരപരാധിയല്ലെന്ന് വി.ഡി. സതീശൻ; ‘അന്വേഷണം അട്ടിമറിച്ചത് സി.പി.എം-ബിജെ.പി കൂട്ടുകെട്ട്’

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിൽ നിരപരാധിയാണെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ വാദം പൂർണമായും തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 41 കോടി 40 ലക്ഷം രൂപയുടെ കള്ളപ്പണം തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സംസ്ഥാനത്തേക്ക് കൊണ്ടുവന്നു. കള്ളപ്പണം കൊണ്ടുവരാൻ നിർദ്ദേശിച്ചത് കെ. സുരേന്ദ്രൻ ആണെന്നും സതീശൻ ആരോപിച്ചു. കേരള പൊലീസിന്റെ ആദ്യ അന്വേഷണത്തിൽ തന്നെയിത് വ്യക്തമായതാണ്. എന്നിട്ടും കള്ളപ്പണ ഇടപാടിൽ കേസെടുക്കാൻ ഇ.ഡി തയ്യാറായില്ല എന്നത് വിസ്മയിപ്പിക്കുകയാണ്. എത് ആരോപണം വന്നാലും അതിന് പിന്നാലെ പായുന്ന ഇ.ഡി, കൊടകര കുഴൽപ്പണ കേസിൽ പൂർണ നിശബ്ദത പാലിക്കുകയാണ്. അന്വേഷണത്തിനായി സമ്മർദ്ധം ചെലുത്താൻ സംസ്ഥാന സർക്കാർ തയ്യാറായതുമില്ലെന്ന് സതീശൻ കുറ്റപ്പെടുത്തി.

തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന് മുൻപ് തന്നെ 41 കോടി 40 ലക്ഷം രൂപയുടെ കളളപ്പണ ഇടപാടിനെ കുറിച്ച് പൊലീസിന് അറിയാമായിരുന്നു. സി.പി.എം-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടിന്റെയും ഗൂഢാലോചനയുടേയും ഭാഗമായി അന്വേഷണം പ്രഹസനമായി. പരസ്പര സഹായ സഹകരണ സംഘമായി സി.പി.എമ്മും ബി.ജെ.പിയും പ്രവർത്തിച്ചു.

പിണറായി വിജയന് കേരള ബി.ജെ.പിയിൽ എത്രമാത്രം സ്വാധീനമുണ്ട് എന്നതിന്റെ തെളിവാണ് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്റെ ഇന്നത്തെ ആരോപണങ്ങൾ. ശോഭ സുരേന്ദ്രൻ രാഷ്ട്രീയത്തിൽ ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നവരിൽ പ്രധാനി പിണറായി വിജയനാണെന്നാണ് അവരുടെ ആരോപണം. കേരളത്തിലെ ബി.ജെ.പി നേതൃത്വം പിണറായി വിജയനുമായി ചേർന്ന് തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിക്കുന്നു എന്ന പരോക്ഷ ആരോപണമാണ് ശോഭ സുരേന്ദ്രൻ ഉന്നയിക്കുന്നതെന്ന് സതീശൻ പറഞ്ഞ​​ു. സി.പി.എം-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട് എവിടെ എത്തി നിൽക്കുന്നു എന്നതിന് തെളിവാണ് ശോഭ സുരേന്ദ്രൻ്റെ വാക്കുകൾ. ഇത്രയും ദുഷിച്ച രാഷ്ട്രീയ ബന്ധത്തിന് ഉപതിരഞ്ഞെടുപ്പുകളിൽ ജനം മറുപടി നൽകുമെന്നും സതീശൻ പറഞ്ഞു. 

Tags:    
News Summary - Kodakara black money case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.