തിരുവനന്തപുരം: കൊടകര കുഴൽപണ കേസിൽ 20 പ്രതികളെ അറസ്റ്റ് ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. 1.12 കോടി രൂപയും സ്വർണവും കണ്ടെടുത്തിട്ടുണ്ട്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ട പ്രകാരമുള്ള വിവരങ്ങൾ ജൂൺ ഒന്നിന് അവർക്ക് കൈമാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുഴൽപണ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം മുഖ്യമന്ത്രി തള്ളി.
കൊടകര കേസ് തൃശൂർ റേഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്. അന്വേഷണം ഊർജിതമായി നടക്കുകയാണ്. അതിനാൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
അറസ്റ്റിലായ പ്രതികളെല്ലാം ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 96 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. ശക്തമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. നാടിന്‍റെ ജനാധിപത്യ വ്യവസ്ഥയെ തകർക്കാനുള്ള നീക്കം നടന്നെങ്കിൽ അതുമായി ബന്ധപ്പെട്ട കാര്യം കൂടി പുറത്തുവരും -മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കേസിൽ സി.പി.എമ്മും ബി.ജെ.പിയും ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ബി.ജെ.പി നേതാക്കളുടെ പങ്ക് പുറത്തുവരാതിരിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഒത്തുതീർപ്പിന്‍റെ വിവരം പ്രതിപക്ഷ നേതാവിനുണ്ടെങ്കിൽ തുറന്നുപറയണമെന്ന് മുഖ്യമന്ത്രി വെല്ലുവിളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.