തിരുവനന്തപുരം: കൊടകര കുഴൽപണ കേസിൽ മുൻ ഓഫിസ് സെക്രട്ടറിയുടെ വെളിപ്പെടുത്തിൽ വെട്ടിലാക്കിയത് ബി.ജെ.പിയാണെങ്കിലും പരോക്ഷമായി പ്രതിരോധത്തിലായത് സർക്കാർ. കേരളത്തിലെത്തിയത് കള്ളപ്പണമാണെന്ന് സ്ഥിരീകരിക്കുന്ന തുറന്നുപറച്ചിലുകളോടെ പൊലീസ് നടത്തിയ അന്വേഷണത്തിലെ പാളിച്ച വീണ്ടും ചർച്ചകളിൽ നിറയുകയാണ്. കേസ് ഒരുക്കിത്തീർക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒത്തുകളിച്ചെന്ന ആരോപണങ്ങൾക്കിടെയാണ് ഉപതെരഞ്ഞെടുപ്പ് കാലത്തെ വെളിപ്പെടുത്തലുകൾ.
2021ലെ തെരഞ്ഞെടുപ്പ് സമയത്തായിരുന്നു കൊടകര സംഭവം. തെരഞ്ഞെടുപ്പിന് ചെലവഴിക്കാനുള്ള പണമാണിതെന്ന് അന്നുതന്നെ ആക്ഷേപമുയർന്നിരുന്നു. എന്നാൽ, വ്യാജ അപകടം സൃഷ്ടിച്ച് കാര് തട്ടിക്കൊണ്ടുപോയി മൂന്നരക്കോടി കവർന്നെന്ന ‘ക്രൈമിൽ’ മാത്രം അന്വേഷണം പരിമിതപ്പെട്ടു. പണം എവിടെനിന്ന് വന്നു, എവിടേക്കാണ് കൊണ്ടുപോയത്, എന്ത് ആവശ്യത്തിനായിരുന്നു തുടങ്ങിയ കാര്യങ്ങളിലേക്ക് അന്വേഷണം നീണ്ടില്ല. ഇത് ബി.ജെ.പി നേതാക്കളെ സുരക്ഷിതമാക്കാനുള്ള ഇടപെടലാണെന്നായിരുന്നു വിമർശനം. ഈ പശ്ചാത്തലത്തിലാണ് ആരോപണങ്ങൾ ശരിവെക്കുന്ന വെളിപ്പെടുത്തലുണ്ടായപ്പോൾ ചോദ്യമുന സർക്കാറിലേക്ക് നീളുന്നത്.
സി.പി.എം സെക്രട്ടേറിയറ്റ് യോഗശേഷം സെക്രട്ടറി എം.വി. ഗോവിന്ദൻ പരസ്യമായാണ് സർക്കാറിനോട് പുനരന്വേഷണം ആവശ്യപ്പെട്ടത്. വിഷയത്തിൽ പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന ആരോപണങ്ങൾ ചെറുക്കാനുള്ള നീക്കം കൂടിയായിരുന്നു ഇത്. സാധാരണ പാർട്ടി നിർദേശങ്ങൾ സർക്കാറിനെ അറിയിക്കാൻ കൃത്യമായ സംവിധാനങ്ങളുണ്ട്. ഘടകകക്ഷി മന്ത്രിമാരോടുപോലും ആശയവിനിമയത്തിന് ഈ രീതിയാണ് സ്വീകരിച്ചുപോരുന്നത്. ഈ പതിവ് തെറ്റിച്ചാണ് പരസ്യ ആവശ്യം.
അതേസമയം പുനരന്വേഷണം കണ്ണിൽ പൊടിയിടലാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കുറ്റപത്രം സമർപ്പിച്ചതിനാൽ പുനരന്വേഷണത്തിന് കോടതിയുടെ അനുമതി വേണം. ഇത് കിട്ടുമ്പോഴേക്കും ഉപതെരഞ്ഞെടുപ്പ് കഴിയും. അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ ഇ.ഡിക്ക് കൈമാറിയിട്ടും അവർ അന്വേഷിക്കാൻ തയാറായില്ല എന്നതാണ് സർക്കാറിന്റെ പിടിവള്ളി. എന്നാൽ, 41 കോടി കേരളത്തിലേക്ക് എത്തിയെന്ന് മൂന്നുവർഷം മുമ്പ് പൊലീസ് കണ്ടെത്തിയിട്ടും ഇതേക്കുറിച്ച് അന്വേഷിക്കാതെ ഇപ്പോൾ പുനരന്വേഷണത്തിന് തുനിയുന്നതിലും ചോദ്യങ്ങളുയരുന്നു. ഓഫിസ് സെക്രട്ടറി വെളിപ്പെടുത്തിയതിനേക്കാൾ ഉയർന്ന തുകയാണ് പൊലീസ് കണ്ടെത്തിയത് എന്നതിനാൽ വിശേഷിച്ചും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.