കൊച്ചി: കൊടകര കുഴൽപണക്കേസിനെപ്പറ്റി അറിയില്ലെന്ന ആദായനികുതി ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്റെ വാദം ശരിയല്ലെന്ന് സംസ്ഥാന പൊലീസ്. കേസ് സംബന്ധിച്ച് കേട്ടുകേൾവിയേ ഉള്ളൂവെന്നും പണം തങ്ങൾക്ക് കൈമാറിയിട്ടില്ലെന്നും കൂടുതൽ ഒന്നും അറിയില്ലെന്നുമായിരുന്നു ആദായനികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ജനറൽ ദേബ് ജ്യോതിദാസ് കഴിഞ്ഞദിവസം പറഞ്ഞത്.
എന്നാൽ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് ബി.ജെ.പിക്കായി 41 കോടി രൂപ കർണാടകയിൽനിന്ന് കുഴൽപണമായി എത്തിയതായി ആദായനികുതി വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നെന്ന് പൊലീസ് കേന്ദ്രങ്ങൾ പറഞ്ഞു. സി.പി.എം-ബി.ജെ.പി ഒത്തുകളിയെത്തുടർന്നാണ് കൊടകര കേസ് അന്വേഷണം നിലച്ചതെന്ന് കോൺഗ്രസ് ആരോപിക്കുന്നതിനിടെയാണ് പൊലീസിനെ പ്രതിക്കൂട്ടിലാക്കി ആദായനികുതി വകുപ്പിൽനിന്ന് പ്രതികരണമുണ്ടായത്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ കള്ളപ്പണ ഒഴുക്ക് തടയാൻ സ്വീകരിച്ച നടപടികൾ അറിയിക്കുമ്പോഴാണ് കൊടകര കുഴൽപണക്കേസിനെപ്പറ്റി മാധ്യമങ്ങൾ ആദായനികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ജനറലിനോട് ആരാഞ്ഞത്.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്ന കുഴൽപണം കൊടകരയിൽ കൊള്ളയടിച്ചതും അതിൽ 1.56 കോടി രൂപ പൊലീസ് പിന്നീട് കണ്ടെത്തിയതും ആദായനികുതി വകുപ്പിനെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും തെരഞ്ഞെടുപ്പ് കമീഷനെയും അറിയിച്ചിരുന്നു. സംഭവം നടന്നതിനുപിന്നാലെയും ശേഷവും മൂന്ന് റിപ്പോർട്ടുകൾ ആദായനികുതി വകുപ്പിന് നൽകി. 2021 ആഗസ്റ്റ് എട്ടിന് നൽകിയ അവസാന റിപ്പോർട്ടിൽ കുഴൽപണ ഇടപാടിന്റെ മുഴുവൻ വിശദാംശങ്ങളും അറിയിച്ചിരുന്നു.
അഞ്ച് സ്രോതസ്സുകൾ വഴിയാണ് 41 കോടി രൂപ വന്നതെന്നും വ്യക്തമാക്കിയിരുന്നു. ഇതിൽ ഒരു കേന്ദ്രത്തിൽ നിന്നുള്ള പണമാണ് കൊള്ളയടിക്കപ്പെട്ടത്. സംഭവത്തിന് തൊട്ടുപിന്നാലെ കുഴൽപണ ഇടപാടുമായി ബന്ധപ്പെട്ടവർ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അടക്കമുള്ളവരെ ബന്ധപ്പെട്ടിരുന്നെന്നും ആദായനികുതി വകുപ്പിനെ അറിയിച്ചിരുന്നു. പിടികൂടിയ പണം ഇരിങ്ങാലക്കുട കോടതിയിൽ ഹാജരാക്കിയതും രേഖാമൂലം ആദായനികുതി വകുപ്പ് തൃശൂർ ഓഫിസിനെ അറിയിച്ചു. എന്നിരിക്കെയാണ് ഒന്നും അറിഞ്ഞില്ലെന്ന് ആദായനികുതി വകുപ്പ് കൈകഴുകുന്നതെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.