'കള്ളപ്പണത്തിന്‍റെ സൂത്രധാരൻ സാക്ഷിയാകുന്ന സൂത്രം കേരള പൊലീസിനേ അറിയൂ'; അടിയന്തര പ്രമേയവുമായി പ്രതിപക്ഷം

തിരുവനന്തപുരം: വിവാദമായ കൊടകര കള്ളപ്പണ കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നുവെന്ന് നിയമസഭയിൽ പ്രതിപക്ഷ ആരോപണം. കള്ളപ്പണത്തിന്‍റെ സൂത്രധാരൻ സാക്ഷിയാകുന്ന സൂത്രം കേരളാ പൊലീസിന് മാത്രമേ അറിയൂവെന്നും അടിയന്തര പ്രമേയത്തിന് അനുമതി തേടിയ റോജി എം. ജോൺ പരിഹസിച്ചു.

കള്ളപ്പണത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് പൊലീസിന് അറിയാം. എന്നിട്ടും അന്വേഷണം മുന്നോട്ടു പോവുകയോ ബി.ജെ.പി സംസ്ഥാന നേതാക്കളിലേക്ക് എത്തിച്ചേരുകയോ ചെയ്യുന്നില്ല. കള്ളപ്പണ കേസിൽ സി.പി.എം-ബി.ജെ.പി ഒത്തുകളി നടക്കുകയാണെന്നും റോജി എം. ജോൺ ചൂണ്ടിക്കാട്ടി.

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ സൂത്രധാരൻ ആണെന്നാണ് സി.പി.എം നേതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ, കുറ്റപത്രം സമർപ്പിച്ചപ്പോൾ സൂത്രധാരൻ സാക്ഷിയായി മാറി. മുഖ്യമന്ത്രി ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ ഷാൾ അണിയിച്ചു. അതിന് പിന്നാലെ സ്വർണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നു. കൂടാതെ സുരേന്ദ്രനെ സാക്ഷിയാക്കി കള്ളപ്പണ കേസിൽ കുറ്റപത്രം സമർപ്പിക്കുന്നു. ഇതെല്ലാം ഒത്തുതീർപ്പാണെന്നും റോജി എം. ജോൺ പറഞ്ഞു .

കൊടകരയിൽ നിന്ന് പിടിച്ചെടുത്ത കള്ളപ്പണം ബി.ജെ.പിയുടേതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ വ്യക്തമാക്കി. അന്വേഷണത്തിൽ ഇക്കാര്യം തെളിഞ്ഞിട്ടുണ്ട്. കേസിൽ 21 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നാലാം പ്രതി ബി.ജെ.പി പ്രവർത്തകനാണ്. കേസിൽ കെ. സുരേന്ദ്രൻ അടക്കം 206 സാക്ഷികളുണ്ടെന്നും കേസിന്‍റെ അന്വേഷണം തുടരുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കള്ളപ്പണം സംബന്ധിച്ച വിവരങ്ങൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് (ഇ.ഡി) കൈമാറിയിട്ടുണ്ട്. കള്ളപ്പണത്തിന്‍റെ സ്രോതസ് അന്വേഷിക്കാൻ കേന്ദ്ര എജൻസികൾക്ക് അധികാരമുണ്ട്. സംസ്ഥാനം കേസ് കൈമാറേണ്ട ആവശ്യമില്ല. കള്ളപ്പണത്തിന്‍റെ പ്രധാന കണ്ണിയായ ധർമ്മരാജൻ ബി.ജെ.പി അനുഭാവിയാണ്. കെ. സുരേന്ദ്രൻ അടക്കമുള്ളവരുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ്. ഹവാല ഏജന്‍റായും ഇയാൾ പ്രവർത്തിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായാണ് പണം കൊണ്ടുവന്നതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.

മൂന്നര കോടി രൂപക്ക് പുറമെ തെരഞ്ഞെടുപ്പിനായി കർണാടകയിൽ സ്വരൂപിച്ചുവെച്ച 17 കോടി രൂപയുടെ വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അവശേഷിക്കുന്ന കവർച്ചാമുതൽ കണ്ടെത്തുന്നതിന് അന്വേഷണം തുടരുകയാണ്. കേസ് ഒതുക്കുന്നുവെന്ന ആക്ഷേപം ജനശ്രദ്ധ തിരിക്കാനെന്നും മുഖ്യമന്ത്രി മറുപടി നൽകി.

Tags:    
News Summary - Kodakara Money Laundering Case in Kerala Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.