കണ്ണൂർ: ബി.ജെ.പിക്ക് അലോസരമുണ്ടാക്കുന്ന ഒരു കാര്യവും കേരളത്തിലെ കോൺഗ്രസ് ചെയ്യില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രഫ. കെ.വി. തോമസിനെ സി.പി.എം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കുന്നതിൽ നിന്ന് കെ.പി.സി.സി വിലക്കിയ പശ്ചാത്തലത്തിലാണ് കോടിയേരിയുടെ പ്രതികരണം. വിലക്ക് ലംഘിച്ച് സെമിനാറിൽ പങ്കെടുക്കാനാണ് തന്‍റെ തീരുമാനമെന്ന് കെ.വി. തോമസ് ഇന്നലെ വ്യക്തമാക്കിയിരുന്നു.
സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറിൽ കോൺഗ്രസ് നേതാക്കളെ ക്ഷണിച്ചിരുന്നുവെന്ന് കോടിയേരി പറഞ്ഞു. സി.പി.എമ്മുമായി സഹകരിക്കേണ്ട എന്നത് കോൺഗ്രസിന്റെ നിലപാടാണ്. കാരണം ഈ സെമിനാറുകളിൽ ചർച്ച ചെയ്യുന്ന കാര്യങ്ങൾ ബി.ജെ.പിക്ക് അലോസരമുണ്ടാക്കുന്ന കാര്യങ്ങളാണ്. ബി.ജെ.പിക്ക് അലോസരമുണ്ടാക്കുന്ന ഒരു കാര്യവും കേരളത്തിലെ കോൺഗ്രസ് ചെയ്യാൻ തയ്യാറല്ല. ബി.ജെ.പിയുമായി ചേർന്ന് സമരം ചെയ്യുക എന്നതിനാണ് അവർ പ്രധാന്യം നൽകുന്നത്.
പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കുമെന്ന കെ.വി. തോമസിന്റെ പ്രഖ്യാപനം സ്വാഗതാർഹമാണ്. കോൺഗ്രസ് ഇത്തരം വിലക്ക് ഏർപ്പെടുത്തിയാൽ അവരുടെ കൂടെ നിൽക്കുന്ന ആളുകൾ തന്നെ നഷ്ടപ്പെടും. കോൺഗ്രസ് വിട്ട് ഇടതുപക്ഷവുമായി സഹകരിക്കാൻ തയാറാണെങ്കിൽ കെ.വി. തോമസിനെ സ്വീകരിക്കുന്നതിലോ സ്വാഗതം ചെയ്യുന്നതിലോ പ്രയാസമുണ്ടാവില്ലെന്നും കോടിയേരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.