കോടിയേരി ബാലകൃഷ്​ണൻ വീണ്ടും സി.പി.എം സംസ്​ഥാന സെക്രട്ടറി

തിരുവനന്തപുരം: സി.പി.എം സംസ്​ഥാന സെക്രട്ടറിയായി വീണ്ടും കോടിയേരി ബാലകൃഷ്​ണൻ. വെള്ളിയാഴ്ച ചേർന്ന സി.പി.എം സംസ്​ഥാന സെക്രട്ടറിയേറ്റ്​ യോഗം കോടിയേരിയുടെ തിരിച്ചുവരവിന്​ അംഗീകാരം നൽകി.

2020നവംബർ 13നാണ്​ കോടിയേരി സെക്രട്ടറി സ്​ഥാനം ഒഴിഞ്ഞത്​. പിന്നീട്​ എ. വിജയരാഘവന്​ താൽകാലിക ചുമതല നൽകുകയായിരുന്നു. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സെക്രട്ടറി സ്​ഥാനത്തുനിന്ന്​ കോടിയേരി മാറിനിന്നത്​.

രോഗബാധിതനായതിനെ തുടർന്ന് ഏറെ നാൾ കോടിയേരി ബാലകൃഷ്ണൻ ചികിത്സയിലായിരുന്നു. ആരോഗ്യപരമായ കാരണം പറഞ്ഞായിരുന്നു അവധി അപേക്ഷയെങ്കിലും മകൻ ബിനീഷ് കോടിയേരി ജയിലിലായതിനെ തുടർന്നാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തു നിന്ന് മാറി നിന്നത്.

ബിനീഷിന് കഴിഞ്ഞ മാസം കര്‍ണാടക ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെ തുടർന്ന് കോടിയേരി സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തണമെന്നാണ് സി.പി.എം നേതൃത്വത്തിന്‍റെ തീരുമാനം.

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിലായിരുന്നു കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്​. ബിനീഷിന്‍റെ അറസ്റ്റ്​ രാഷ്​​ട്രീയ എതിരാളികൾ പ്രചരണ വിഷയമാക്കുന്നത്​ ഒഴിവാക്കാനാണ്​ വിജയരാഘവന്​ ചുമതല നൽകി കോടിയേരി ഒഴിഞ്ഞതെന്ന ആക്ഷേപം ശക്​തമായിരുന്നു.

2015ൽ ആലപ്പുഴയിൽ നടന്ന സമ്മേളനത്തിലാണ് കോടിയേരി സെക്രട്ടറിയായത്. 2018ൽ തൃശൂരിൽ നടന്ന സമ്മേളനത്തിലും അദ്ദേഹം തൽസ്​ഥാനത്ത് തുടർന്നു. സി.പി.എം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, കേന്ദ്ര കമ്മിറ്റി അംഗം, പിബി അംഗം തുടങ്ങിയ പദവികൾ പാർട്ടിയിൽ കോടിയേരി വഹിച്ചിട്ടുണ്ട്​. നിലവിൽ സി.പി.എം പി.ബി അംഗമാണ്. 

Tags:    
News Summary - kodiyeri balakrishnan to be cpm kerala state secretary again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.