'മോദി ഭരണത്തിന്‍റെ കമാൻഡർ ഇൻ ചീഫ് ആകാനുള്ള ഭാവം'; ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി കോടിയേരി

കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഓർഡിനൻസുകളിൽ ഒപ്പിടാതെ ബി.ജെ.പി-ആർ.എസ്.എസ് രാഷ്ട്രീയ ചേരിയെ ആഹ്ലാദിപ്പിക്കുകയാണ് ഗവർണർ. ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് കമ്യൂണിസ്റ്റ് വിരുദ്ധത പടർത്തുകയാണ് ഗവർണറും ചെയ്യുന്നത്. മോദി സർക്കാറിന്റെ ചട്ടുകമാണ് ഗവർണറെന്നും പാർട്ടി മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തിൽ കോടിയേരി വിമർശിച്ചു.

മോദി സർക്കാറിന്റെ ചട്ടുകമായ ഗവർണറും മതനിരപേക്ഷതയിൽ ഉറച്ചുനിൽക്കുന്ന എൽ.ഡി.എഫ് സർക്കാറും തമ്മിലുള്ള ഭിന്നതയാണ് കാതലായ വസ്തുത. ഗവർണറുടെ വളയമില്ലാ ചാട്ടത്തിന്റെ രാഷ്ട്രീയവും നിലവാരവും എന്തെന്ന് വ്യക്തമാക്കുന്നതാണ് കണ്ണൂർ വൈസ്ചാൻസലർക്കെതിരായ ആക്രോശവും ചുവടുവയ്പും.

കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രനോട് ഗവർണർക്ക് പകയുണ്ടാകാനുള്ള കാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് മോദി സർക്കാറിന്റെ പൗരത്വനിയമ ഭേദഗതിയെന്ന കാടൻനിയമത്തിന് കണ്ണൂരിൽ ചേർന്ന ചരിത്ര കോൺഗ്രസ് ഹല്ലേലൂയ പാടാത്തതാണ്. ലോകം ബഹുമാനിക്കുന്ന ചരിത്രകാരനായ പ്രഫ. ഇർഫാൻ ഹബീബിനെ തെരുവുഗുണ്ടയെന്ന്‌ വിളിക്കുന്നതിലേക്ക്‌ ഗവർണറുടെ അവിവേകം എത്തിയിരിക്കുന്നു.

മോദി സർക്കാറിന്റെ ന്യൂനപക്ഷവിരുദ്ധ, മതനിരപേക്ഷത തകർക്കുന്ന നയത്തെ അനുകൂലിക്കാത്ത അക്കാദമിക് പണ്ഡിതന്മാരെ വച്ചുപൊറുപ്പിക്കില്ല എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ മാത്രമല്ല, കേരളത്തിലും അത് നടപ്പാക്കും. അതിനുള്ള മോദി ഭരണത്തിന്റെ കമാൻഡർ ഇൻ ചീഫ് ആകാനുള്ള ഭാവമാണ് ആരിഫ് മുഹമ്മദ് ഖാൻ പ്രകടിപ്പിക്കുന്നത്. ഗവർണർ സൃഷ്ടിച്ച പ്രശ്‌നങ്ങളിലെല്ലാം നിറഞ്ഞിരിക്കുന്നത്‌ സംഘപരിവാർ അജൻഡയാണെന്നും കോടിയേരി വിമർശിച്ചു. 

Tags:    
News Summary - kodiyeri balakrishnans article criticizing governor arif muhammad khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.