സി.പിഎം - സി.പി.ഐ പ്രത്യയശാസ്ത്ര പോരിൽ സമവായ പാത തുറന്ന കോടിയേരി

കോഴിക്കോട്: സി.പി.എം - സി.പി.ഐ പോരിലും സമവായത്തിന്റെ പാത സ്വീകരിച്ച നേതാവാണ് കോടിയേരി ബാലകൃഷ്ണൻ. ചിന്ത വാരികയിൽ പ്രസിദ്ധീകരിച്ച 'തിരുത്തൽവാദത്തിന്റെ ചരിത്ര വേരുകൾ' ലേഖനം സി.പി.ഐയുമായുള്ള പോരിന് കളമൊരുക്കിയപ്പോൾ അതിനെ ശാന്തമാക്കിയത് കോടിയേരിയുടെ ഇടപെടലാണ്.

സി.പി.ഐയുടെ മുഖപ്രസിദ്ധീകരണമായ നവയുഗത്തിൽ ചിന്തയിലെ ലേഖനത്തിനെതിരെ തുടര്‍ച്ചയായി വിമർശനങ്ങള്‍ പ്രസിദ്ധീകരിച്ച പശ്ചാത്തലത്തിലാണ് കോടിയേരി ഇടപെടൽ നടത്തിയത്.

ചിന്തയ്ക്കും സി.പി.എമ്മിനുമെതിരെ 'കണ്ടാലും കൊണ്ടാലും പഠിക്കാത്തവര്‍' എന്ന തലക്കെട്ടോടെയാണ് നവയുഗം ലേഖനം പ്രസിദ്ധീകരിച്ചത്. രണ്ട് ലക്കങ്ങളിലായി നവയുഗത്തില്‍ സി.പി.എം നിലപാടിനെ തുറന്ന് എതിർത്തിരുന്നു. ആ ലേഖനത്തില്‍ ഇ.എം.എസിനും സി.പി.എമ്മിനും എതിരെ രൂക്ഷവിമര്‍ശനമാണ് നവയുഗം നടത്തിയത്. കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയവഞ്ചന നടത്തിയതും അതിനു നേതൃത്വം കൊടുത്തതും മുന്‍ മുഖ്യമന്ത്രിയായ ഇ.എം.എസ് ആണെന്ന് ഉള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു.

ആദ്യമായി തുടര്‍ഭരണം കിട്ടിയ സി. അച്യുത മേനോന്‍ സര്‍ക്കാറിന്റെ മികച്ച പ്രകടനത്തെ ചരിത്രത്തില്‍നിന്ന് മറയ്ക്കാന്‍ സി.പി.എം ശ്രമിക്കുന്നതായും നവയുഗം ആരോപിച്ചിരുന്നു. കേരളത്തില്‍ മാവോവാദത്തിന്റെ പേരില്‍ ഒന്‍പതുപേരെയാണ് വ്യാജ ഏറ്റുമുട്ടലില്‍ കൊന്നതെന്നും ചൂണ്ടിക്കാട്ടി. അടിയന്തരാവസ്ഥയിൽ വിദ്യാർഥിയായ രാജൻ കക്കയം ക്യാമ്പിൽ കൊല്ലപ്പെട്ട സംഭവത്തിന്റെ പേരിൽ സി. അച്യുതമേനോനെ പ്രതികൂട്ടിലാക്കുന്നവർ മാവോവാദികളെ കൊന്നതിന്റെ പേരില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനെ അധിഷേപിക്കാന്‍ തയാറാകുമോയെന്നും നവയുഗം ലേഖനത്തില്‍ ചോദിച്ചിരുന്നു.

സി.പി.ഐക്കുനേരെ കടുത്ത വിമര്‍ശനമായിരുന്നു ചിന്താ വാരികയില്‍ പ്രസിദ്ധീകരിച്ച ലേഖനം. കമ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാര്‍ട്ടിയായിരുന്നു സി.പി.ഐ എന്നായിരുന്നു ലേഖനത്തിലെ പരാമര്‍ശം. റിവിഷനിസ്റ്റ് രോഗം ബാധിച്ചവരും വര്‍ഗവഞ്ചകരെന്ന വിശേഷണം അന്വര്‍ഥമാക്കുന്നവരുമാണ് സി.പി.ഐ എന്നും ചിന്ത ലേഖനത്തില്‍ ആരോപിച്ചിരുന്നു.

പാര്‍ട്ടിസമ്മേളനങ്ങളിലെ പ്രസംഗത്തിന് സി.പി.ഐ തയാറാക്കിയ കുറിപ്പില്‍ ഇടതുപക്ഷത്തെ തിരുത്തല്‍ശക്തിയായി നിലകൊള്ളുമെന്ന പ്രയോഗമുണ്ടായിരുന്നു. ഇതിനെതിരേയായിരുന്നു 'തിരുത്തല്‍വാദത്തിന്റെ ചരിത്രവേരുകള്‍' എന്നപേരില്‍ ചിന്തയിലെ ലേഖനം. സി.പി.എം ഒറ്റപ്പാലം ഏരിയ കമ്മിറ്റി അംഗവും പാലക്കാട് കിള്ളിക്കുറുശ്ശി മംഗലം കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം ചെയര്‍മാനുമായ ഇ. രാമചന്ദ്രനാണ് ചിന്തയിലെ ലേഖനം എഴുതിയത്.

ഇരുഭാഗത്തു നിന്നും വിവാദം മുറുകിയപ്പോൾ അത് അവസാനിപ്പിക്കണമെന്ന സന്ദേശവുമായി മുന്നിട്ടിറങ്ങിയത് കോടിയേരിയാണ്. വിവാദം അവസാനിപ്പിക്കാന്‍ സി.പി.എം ചിന്തയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സി.പി.ഐയുടെ ഭാഗത്ത് നിന്നും ഇടപെടല്‍ ഉണ്ടാവണമെന്നും കോടിയേരി പറഞ്ഞു. വിവാദങ്ങള്‍ അനവസരത്തിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു. അതോടെയാണ് പ്രത്യയശാസ്ത്ര പോര് കെട്ടടങ്ങിയത്.

Tags:    
News Summary - Kodiyeri paved the way for consensus in CPM-CPI ideological war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.