സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നവരെ കോടിയേരി അടച്ചാക്ഷേപിക്കുന്നു -കെ. സുധാകരന്‍

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ രംഗത്തുവരുന്നവരെല്ലാം കോര്‍പറേറ്റുകളില്‍നിന്ന് പണം കൈപ്പറ്റുന്നവരാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടച്ചാക്ഷേപിച്ചത് വന്യമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഏതുവിധേനയും പദ്ധതി നടപ്പാക്കാനാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. യു.ഡി.എഫും നിരവധി സാമൂഹിക സാംസ്‌കാരിക സംഘടനകളും പദ്ധതിയെ എതിര്‍ക്കുന്നവരാണ്. കൂടാതെ, സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്ന 40 പേരും രംഗത്തുവന്നു.

ഇവരില്‍ ബഹുഭൂരിപക്ഷം പേരും ഇടതുസഹയാത്രികരാണ്. സി.പി.എമ്മുമായി വളരെ അടുത്തുപ്രവര്‍ത്തിച്ചവരും അവരുടെ ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിച്ചവരുമുണ്ട്. ജനകീയാസൂത്രണം ഉള്‍പ്പെടെയുള്ള പരിപാടികള്‍ വിജയിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവരുണ്ട്. സമൂഹം അങ്ങേയറ്റം ആദരിക്കുന്നവരാണിവര്‍. എന്നാല്‍, എല്ലാവരെയും കോടിയേരി അടച്ചാക്ഷേപിക്കുകയാണെന്ന് സുധാകരന്‍ പറഞ്ഞു.

സര്‍ക്കാറിന്റെ ദുര്‍ബലമായ പൊതുധനകാര്യവും വര്‍ധിച്ചുവരുന്ന പാരിസ്ഥിതിക ദുര്‍ബലതയും കണക്കിലെടുക്കണം, പദ്ധതി സംസ്ഥാനത്തിനു ഭാരിച്ച കടബാധ്യത വരുത്തും, ഏകപക്ഷീയമായാണ് പദ്ധതി നടപ്പാക്കുന്നത് തുടങ്ങിയ നിരവധി ആശങ്കകളാണ് 40 പേര്‍ മുഖ്യമന്ത്രിയോടു പങ്കുവച്ചത്. ഇക്കാര്യങ്ങളാണ് യു.ഡി.എഫും ഉന്നയിച്ചുകൊണ്ടിരിക്കുന്നത്.

സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുമ്പോള്‍ ലഭിക്കാനിടയുള്ള ശതകോടികളുടെ കമീഷന് മറയിടാനാണ് കോടിയേരി പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്കെതിരെ വന്യമായ ആരോപണം ഉന്നയിക്കുന്നത്. ആടിനെ പട്ടിയാക്കുകയും പട്ടിയെ പേപ്പട്ടിയാക്കുകയും പിന്നെ തല്ലിക്കൊല്ലാന്‍ ആളെക്കൂട്ടുകയും ചെയ്യുന്ന സി.പി.എമ്മിന്റെ പതിവുതന്ത്രമാണ് കോടിയേരി പയറ്റുന്നതെന്നും സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - Kodiyeri shuts down those who oppose Silver Line project -K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.