ഓയൂർ (കൊല്ലം): പട്ടാപ്പകൽ ആറുവയസ്സുകാരിയെ കാറിലെത്തി തട്ടിക്കൊണ്ടുപോയ സംഘം മോചനദ്രവ്യം തേടി കുട്ടിയുടെ അമ്മയെ വിളിച്ചത് പാരിപ്പള്ളിയിലെ കടയുടമയുടെ ഫോണിൽനിന്ന്. ഒരുപുരുഷനും സ്ത്രീയും കടയിൽ വന്ന് സാധനങ്ങൾ വാങ്ങുകയും കോൾ ചെയ്യാൻ ഫോൺ ചോദിച്ചുവാങ്ങുകയുമായിരുന്നുവെന്ന് കടയുടമ പറഞ്ഞതായി പൊലീസ് അറിയിച്ചു. ശേഷം ഇവർ രണ്ടുപേരും ഓട്ടോയിൽ മടങ്ങി. ഇവരുടെ കൂടെ കുട്ടി ഉണ്ടായിരുന്നില്ല. പിന്നാലെ മറ്റൊരു സ്ഥലത്തുവെച്ചും ഇവർ അമ്മയുടെ ഫോണിൽ വിളിച്ചു. ആദ്യം അഞ്ചു ലക്ഷം രൂപയും പിന്നീട് 10 ലക്ഷം രൂപയുമാണ് ആവശ്യപ്പെട്ടത്.
ഓയൂർ അമ്പലംകുന്ന് സിദ്ധാർഥ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി മരുതമൺപള്ളി കോഴിക്കോട് റെജി ഭവനിൽ റെജി ജോൺ - സിജി ദമ്പതികളുടെ മകൾ അബിഗേൽ സാറാ മറിയ (മിയ - ആറ്) യെയാണ് തിങ്കളാഴ്ച വൈകീട്ട് 4.45ന് കാറിലെത്തിയ സ്ത്രീ ഉൾപ്പെട്ട നാൽവർ സംഘം തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന ഒമ്പതു വയസ്സുകാരനായ സഹോദരൻ രക്ഷപ്പെട്ടു.
മിയ സഹോദരൻ യോനാഥനൊപ്പം സ്കൂൾവിട്ട് വീട്ടിലെത്തിയശേഷം ഭക്ഷണം കഴിഞ്ഞ് ട്യൂഷന് പോകാനായി വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു. ഓയൂർ പൂയപ്പള്ളി മരുതമൺ പള്ളിയിലെ റോഡിലിറങ്ങിയതോടെ കാറിൽ കാത്തുനിന്നവർ ഇരുവരെയും ബലമായി പിടിച്ച് കാറിൽ കയറ്റി. കാറിന്‍റെ വാതിൽ അടക്കുന്നതിനിടെ യോനാഥൻ ചാടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ, കുട്ടിയുടെ ഇരുകാലിലും മുറിവേറ്റിട്ടുണ്ട്. അമ്മക്ക് കൊടുക്കാനെന്ന് പറഞ്ഞ് പേപ്പർ നീട്ടിയാണ് കുട്ടികളെ കാറിനടുത്തേക്ക് വിളിച്ചത്. രക്ഷപ്പെട്ട കുട്ടി നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തി.
വെള്ള ഹോണ്ട അമേസ് കാറിലാണ് കുട്ടിയെ കടത്തിക്കൊണ്ട് പോയത്. മോചനദ്രവ്യം ആവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്കാണ് വിളി വന്നത്. അപരിചിത നമ്പറിൽനിന്ന് വിളിച്ചവർ അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. വിളിവന്ന ഫോൺ നമ്പർ പൊലീസ് പരിശോധിച്ചപ്പോഴാണ് കടയുടമയുടേതാണെന്ന് കണ്ടെത്തിയത്. പിന്നീട് മറ്റൊരുഫോണിൽനിന്ന് വിളിച്ചാണ് കുട്ടി സുരക്ഷിതയാണെന്നും നാളെരാവിലെ 10 മണിയോടെ 10 ലക്ഷം രൂപ തന്നാൽ കുട്ടിയെ തിരികെ ഏൽപിക്കാമെന്നും പറഞ്ഞ് കോൾ കട്ടാക്കി.
കുട്ടിയുടെ മാതാപിതാക്കൾ നഴ്സ് ദമ്പതികളാണ്. റൂറൽ എസ്.പി. സാബു മാത്യുവിന്‍റെയും ഡിവൈ.എസ്.പി ജി.ഡി. വിജയകുമാറിന്‍റെയും നേതൃത്വത്തിൽ റൂറലിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിൽനിന്നും പൊലീസ് സംഘം സ്ഥലത്തെത്തി. പരിസര പ്രദേശങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. വാഹന പരിശോധന ശക്തമാക്കി. സംസ്ഥാന അതിർത്തിയിലടക്കം ശക്തമായ വാഹനപരിശോധന രാത്രി വൈകിയും തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.