കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല പരമ്പരയിൽ മൂന്ന് കേസുകളിൽ ജാമ്യം തേടി മുഖ്യപ്രതി പൊന്നമറ്റം ജോളിയാമ്മ ജോസഫ് എന്ന ജോളി (48) വിചാരണക്കോടതിയിൽ അപേക്ഷ നൽകി. അപേക്ഷകളിൽ വിചാരണനടക്കുന്ന ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യാഴാഴ്ച വിധി പറയും.
കൊല്ലപ്പെട്ട പൊന്നാമറ്റത്തിൽ ടോം തോമസ്, അന്നമ്മ, ആൽഫൈൻ, മഞ്ചാടിയിൽ മാത്യു എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങൾ കൂടുതൽ തെളിവുകൾക്കായി ഹൈദരാബാദിലെ കേന്ദ്ര ഫോറൻസിക് ലാബിലേക്കയക്കണമെന്ന പ്രോസിക്യൂഷൻ ഹരജിയും വ്യാഴാഴ്ച വിധി പറയാൻ മാറ്റി. കൂട്ടക്കൊലക്കേസിൽ വിചാരണ നടപടികളുടെ ഭാഗമായി കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതിന്റെ മുന്നോടിയായ പ്രാരംഭ വാദം ഏപ്രിൽ ഒന്നിന് കേൾക്കാനും കോടതി തീരുമാനിച്ചു. ജോളി നൽകിയ ജാമ്യാപേക്ഷ സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. എൻ.കെ. ഉണ്ണിക്കൃഷ്ണൻ ശക്തമായി എതിർത്തു. അന്നമ്മ തോമസിനെ വധിെച്ചന്ന കേസിൽ ഹൈകോടതി നൽകിയ ജാമ്യം സുപ്രീംകോടതി സ്റ്റേചെയ്തതാണെന്നും മറ്റ് ജാമ്യാപേക്ഷകൾ ഹൈകോടതി നേരത്തേ തള്ളിയതാണെന്നുമായിരുന്നു സ്പെഷൽ പ്രോസിക്യൂട്ടറുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.