കൊച്ചി: കോതമംഗലം മാർത്തോമ ചെറിയ പള്ളി ജനുവരി എട്ടിനകം ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറിയില്ലെങ്കിൽ കേന്ദ്രസേന ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കുന്നതിനുള്ള കാലാവധി ഹൈകോടതി വീണ്ടും നീട്ടി. സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീൽ ഹരജിയിലാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് ടി.ആർ. രവി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്. അപ്പീൽ എന്ന് പരിഗണിക്കണമെന്ന കാര്യത്തിൽ കക്ഷികൾ തീരുമാനമെടുത്ത് അറിയിക്കാൻ നിർദേശിച്ച കോടതി, അതുവരെ സിംഗിൾ ബെഞ്ച് ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞാണ് ഉത്തരവിട്ടിരിക്കുന്നത്. നേരത്തേ ജനുവരി 15 വരെ ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞിരുന്നു. വെള്ളിയാഴ്ച വീണ്ടും ഹരജി പരിഗണിക്കവേയാണ് കാലാവധി വീണ്ടും നീട്ടിയത്.
ഓർത്തഡോക്സ് വിഭാഗം വികാരി തോമസ് പോൾ റമ്പാൻ നൽകിയ കോടതിയലക്ഷ്യ ഹരജിയിലായിരുന്നു സിംഗിൾ ബെഞ്ചിെൻറ ഉത്തരവ്. ഈ ഉത്തരവ് നടപടിക്രമം പാലിക്കാതെയാണെന്നാണ് സർക്കാറിെൻറ അപ്പീൽ. ജനുവരി 15 വരെ വിധി നടപ്പാക്കുന്നത് തടഞ്ഞ ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഒാർത്തഡോക്സ് വിഭാഗം നേരേത്ത കോടതിയെ അറിയിച്ചിരുന്നെങ്കിലും വെള്ളിയാഴ്ച കേസ് പരിഗണിക്കവേ ഇക്കാര്യത്തിൽ തീരുമാനമായില്ലെന്നും അപ്പീൽ നൽകുന്നില്ലെന്നും അവർ വ്യക്തമാക്കി. ജനുവരി 20ലേക്ക് അപ്പീൽ ഹരജി മാറ്റാനും ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ കോടതി രേഖപ്പെടുത്തി.
കേന്ദ്രസേനയുടെ സഹായത്തോടെ പള്ളി ഏറ്റെടുക്കുമെന്ന ഉത്തരവിനെതിരെ പുനഃപരിശോധന ഹരജി നൽകാൻ കേന്ദ്രസർക്കാർ നിർദേശിച്ചതായി അസി. സോളിസിറ്റർ ജനറൽ ആവർത്തിച്ചു. ഹരജി തയാറാക്കി കേന്ദ്രസർക്കാറിെൻറ പരിഗണനക്ക് അയച്ചിരിക്കുകയാണെന്നും അടുത്തയാഴ്ച സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. തുടർന്നാണ് അപ്പീൽ എന്ന് പരിഗണിക്കണമെന്ന് കേസിലെ കക്ഷികൾ തീരുമാനിക്കാനും അതുവരെ വിധി നടപ്പാക്കുന്നത് നീട്ടിവെക്കാനും കോടതി നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.