ജനസാന്ദ്രതയിൽ ഏഷ്യയിൽതന്നെ മുൻനിരയിലുള്ള പ്രദേശമാണ് ഈരാറ്റുപേട്ട. ഏഴര ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ നാൽപതിനായിരത്തിലധികം ജനങ്ങൾ തിങ്ങിപ്പാർക്കുന്നു. എന്നാൽ, അടിസ്ഥാന വികസനത്തിന്റെ കാര്യത്തിൻ കാതങ്ങൾ പിന്നിലാണ് ഇവിടം. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലും പ്രകടനപത്രികയിലും മാത്രം ഇടം പിടിച്ചതാണ് ഇവിടത്തെ വികസനം. മാറിവന്ന ഭരണകർത്താക്കളും അവഗണിക്കുന്നു. അധികൃതരുടെ അനാസ്ഥ കൊണ്ടുമാത്രം നഷ്ടമായ സൗകര്യങ്ങളും ഏറെ. ഈരാറ്റുപേട്ടയുടെ അടിസ്ഥാന വികസന പ്രശ്നങ്ങളെക്കുറിച്ച് ‘മാധ്യമം’ തയാറാക്കിയ പരമ്പര ഇന്നു മുതൽ...
ജില്ലയിലെ കിഴക്കൻ മേഖലയിലെ മീനച്ചിലാറിന്റെ കരകളിലായി വ്യാപിച്ചു കിടക്കുന്ന പ്രധാന പട്ടണമാണ് ഈരാറ്റുപേട്ട. പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ ആസ്ഥാനമായ ഈരാറ്റുപേട്ടയിലേക്ക് കോട്ടയത്തുനിന്ന് 40 കിലോമീറ്റർ ദൂരമുണ്ട്. ടൂറിസ്റ്റ് കേന്ദ്രമായ വാഗമണ്ണിലേക്ക് ഇവിടെനിന്ന് 28 കി.മീ. ദൂരമുണ്ട്. ശബരിമലയിലേക്കുള്ള പ്രധാന വഴിയാണിത്. ഇവിടെനിന്ന് 120 കി.മീ ദൂരമാണ് ശബരിമലയിലേക്കുള്ളത്. എരുമേലിയിലേക്ക് 31 കി.മീറ്ററും.
പൂഞ്ഞാർ ആറും (തെക്കനാറ്) തീക്കോയി ആറും (വടക്കനാറ്) സംഗമിച്ച് മീനച്ചിലാർ രൂപംകൊള്ളുന്ന ഈ സ്ഥലം, ഈരാറുകൾക്ക് ഇടയിലുള്ള സ്ഥലം എന്ന അർഥത്തിൽ ഈരാറ്റിട എന്നാണ് അറിയപ്പെട്ടിരുന്നത്. ഈരാപൊലി, ഈരാപ്പുഴ, ഈരാറ്റുപുഴ ഇവയെല്ലാം ഈ പേരിന്റെ രൂപ പരിണാമങ്ങളായിരുന്നു. ഒന്നാം നൂറ്റാണ്ടിൽ സെൻറ് തോമസ് പുണ്യാളന്റെ ആഗമനത്തോടെ ക്രൈസ്തവ സാന്നിധ്യം ഉണ്ടായി.
തുടർന്നുള്ള നൂറ്റാണ്ടുകളിൽ മുസ്ലിം-ഹൈന്ദവ ആഗമനവും ഉണ്ടായതായി ചരിത്രം വെളിപ്പെടുത്തുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ പൂഞ്ഞാർ രാജ്യം തെക്കുംകൂർ രാജാവിൽനിന്ന് വിലയ്ക്കുവാങ്ങിയ മാനവിക്രമ കുലശേഖര പെരുമാളിന്റെ കാലത്ത് തമിഴ്നാട്ടിൽനിന്നെത്തിയ മുസ്ലിംകളും പതിമൂന്നാം നൂറ്റാണ്ടിൽ ആന്ത്രോത്ത് ദ്വീപിൽനിന്നെത്തിയ ശൈഖ് സയ്യിദ് ബാവയുടെ പരമ്പരയിൽപെട്ടവരും ഉൾപ്പെടുന്നതാണ് ഇവിടുത്തെ മുൻതലമുറ.
ഈരാറ്റുപേട്ടയുടെ സംസ്കാരത്തെ വളരെയധികം സ്വാധീനിച്ചിരുന്നത് മീനച്ചിലാറാണ്. ഒന്നുപോലെ ഒഴുകി എത്തുന്ന രണ്ടാറുകൾ കൈകോർക്കുന്ന മുക്കട ജങ്ഷനിലെ വിശാലമായ മണൽപരപ്പും അവിടുത്തെ വ്യാപാരവും പുരാതന കാലം തൊട്ട് അറിയപ്പെടുന്നവയാണ്. ഈരാറ്റുപേട്ടയിൽ ഇസ്ലാം മതത്തിന്റെ ആഗമനത്തോടെ നിർമിക്കപ്പെട്ട നൈനാർ പള്ളിയും പൗരാണിക മാതൃകയിലുള്ള അങ്കാളമ്മൻ കോവിലും അരുവിത്തുറ പള്ളിയും മതസൗഹാർദത്തിന്റെ പ്രതിരൂപങ്ങളാണ്.
ചരിത്രാതീത കാലം മുതൽ ജില്ലയിലെ രണ്ടാമത്തെ തുറമുഖവും വാണിജ്യകേന്ദ്രവുമായിരുന്നു ഈരാറ്റുപേട്ട. അങ്കാളമ്മൻ കോവിലിന്റെ മുൻ വശത്തുള്ള വിശാലമായ മണൽപരപ്പിലാണ് പൊതുയോഗങ്ങളും വിവിധ കലാപരിപാടികളും നടത്തിയിരുന്നത്. 1952ൽ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവും മകൾ ഇന്ദിര ഗാന്ധിയും ഇവിടെ സന്ദർശനത്തിന് എത്തിയിട്ടുണ്ട്.
ആളുകളെ അക്കരെയിക്കരെ കടത്താൻ ജങ്കാറും പൊതുമരാമത്ത് കടത്തുവള്ളങ്ങളും ഉണ്ടായിരുന്നു. 1957വരെ വരെ മൂന്നു കരകളിലായി കിടന്നിരുന്ന ഈ ഗ്രാമം തെക്കേക്കര, വടക്കേക്കര, കിഴക്കേക്കര എന്ന പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. മൂന്നുകരയിലായി കിടന്ന നാടിനെ രണ്ട് ആർച്ച് പാലംകൊണ്ട് ഒന്നാക്കിയത് നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയും തിരുക്കൊച്ചി മന്ത്രിസഭയിലെ ആദ്യ മുഖ്യമന്ത്രിയും ആയിരുന്ന എ.ജെ. ജോണിന്റെ ശ്രമഫലമായാണ്. 1957ൽ ഇ.എം.എസ് മന്ത്രിസഭയിലെ ഗവർണർ ബി. രാമകൃഷ്ണറാവുവും പൊതുമരാമത്ത് മന്ത്രി ടി.എ. മജീദും ചേർന്നാണ് പാലങ്ങൾ തുറന്നുകൊടുത്തത്.
ഈ പാലങ്ങൾ നാടിന്റെ വിപ്ലവകരമായ മുന്നേറ്റത്തിന് കാരണമായെങ്കിലും പിന്നീട് വികസനപാതയിൽ മുന്നേറാൻ കഴിഞ്ഞില്ല. മുൻതലമുറയുടെ കരുതൽ പിന്നീടു വന്ന ജനപ്രതിനിധികൾക്ക് ഇല്ലാതായി എന്നു പറയുന്നതാവും ശരി.
ജില്ലയിലെ ഏറ്റവും വലിയ താലൂക്കായ മീനച്ചിൽ വിഭജിച്ച് ഈരാറ്റുപേട്ട കേന്ദ്രമായി പൂഞ്ഞാർ താലൂക്ക് രൂപവത്കരിക്കണമെന്ന ആവശ്യത്തിന് അരനൂറ്റാണ്ടിന്റെ പഴക്കമുണ്ട്. മാറിമാറി തെരഞ്ഞെടുപ്പ് വാഗ്ദാനത്തിലും പ്രകടനപത്രികയിലും ഉൾപ്പെടുത്തിയിട്ടും താലൂക്ക് എന്ന ആഗ്രഹത്തിന് ചിറകുവെച്ചില്ല. കുടുംബാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമീഷൻ ഉത്തരവിട്ടിട്ട് ആറുവർഷം കഴിഞ്ഞു. ഹൈകോടതി ഇടപെട്ടിട്ടും താലൂക്ക് ആശുപത്രി ഫയലിൽ ഉറക്കമാണ്. കടുവാമൂഴിയിലെ പ്രൈവറ്റ് ബസ്സ്റ്റാൻഡിന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്തത് നഗരസഭയുടെ വരുമാനത്തിലും ഇടിവുണ്ടാക്കുന്നു.
കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി 40 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച തേവരുപാറ ജലസേചന പദ്ധതി ചരമമടഞ്ഞിട്ട് 13 വർഷങ്ങൾ പിന്നിട്ടു. അഞ്ചു പതിറ്റാണ്ട് മുമ്പ് ആവശ്യമായതെന്തും ഒരു കുടക്കീഴിൽ ലഭ്യമാക്കിയിരുന്ന മാർക്കറ്റ് ഇന്ന് പേരിനുപോലും ഇല്ലാതായി. കോടികൾ മുടക്കിപ്പണിത ഹൈജീനിക് മാർക്കറ്റ് കോംപ്ലക്സ് നോക്കുകുത്തിയായി.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.