ഗാന്ധിനഗർ (കോട്ടയം): ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലിരുന്ന മെഡിക്കൽ കോളജിലെ നഴ്സ് മരിച്ചു. തിരുവനന്തപുരം പ്ലാമുട്ടുക്കട തോട്ടത്തുവിളാകത്ത് വിനോദ്കുമാറിന്റെ ഭാര്യയും കോട്ടയം മെഡിക്കൽ കോളജ് അസ്ഥിരോഗവിഭാഗത്തിലെ തീവ്രപരിചരണ വിഭാഗം നഴ്സിങ് ഓഫിസറുമായ രശ്മിരാജാണ് (32) മരിച്ചത്.
കഴിഞ്ഞ 29ന് സംക്രാന്തിയിലെ ഹോട്ടൽ പാർക്കിൽ (മലപ്പുറം മന്തി) നിന്ന് ഓർഡർ ചെയ്ത് വരുത്തിയ അൽഫാം രശ്മി കഴിച്ചിരുന്നതായി സഹപ്രവർത്തകർ പറയുന്നു. മെഡിക്കൽ കോളജ് നഴ്സിങ് ഹോസ്റ്റലിലാണ് ഇവർ താമസിച്ചിരുന്നത്. ഭക്ഷണം കഴിച്ച് ഏറെ വൈകാതെ ഛർദിയും വയറിളക്കവും ഉണ്ടായ ഇവരെ സഹപ്രവർത്തകർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിസിൻ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന ഇവരുടെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ഞായറാഴ്ച വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
തിങ്കളാഴ്ച ഡയാലിസിസിന് വിധേയയാക്കിയെങ്കിലും രാത്രി ഏഴോടെ മരണപ്പെടുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.
തിരുവാർപ്പ് പാലത്തറ രാജു-അംബിക ദമ്പതികളുടെ മകളാണ്. സഹോദരൻ: വിഷ്ണുരാജ്. കഴിഞ്ഞദിവസം ഹോട്ടൽ പാർക്ക് ഭക്ഷ്യസുരക്ഷാവിഭാഗം അടച്ചുപൂട്ടിയിരുന്നു. ഈ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച 20 പേർക്ക് ഭക്ഷ്യ വിഷബാധ ഏറ്റുവെന്ന പരാതിയെത്തുടർന്നായിരുന്നു നടപടി. ഹോട്ടലിന്റെ ലൈസൻസ് സസ്പെന്‍ഡും ചെയ്തു. എന്നാൽ, പോസ്റ്റ്മോർട്ടത്തിനുശേഷമേ രശ്മിയുടെ മരണകാരണം വ്യക്തമാകൂവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.