കേളകം: അവഗണനയുടെ ബാക്കിപത്രമായി കൊട്ടിയൂർ -വയനാട് ചുരം റോഡ്. മുള ബാരിക്കേഡുകൾ ദ്രവിച്ചുവീണിട്ടും ജനങ്ങളുടെ യാത്രാ സുരക്ഷിതത്വത്തിന് വർഷം മൂന്നായിട്ടും നടപടിയായില്ല. തുടർച്ചയായി ഉരുൾപൊട്ടലുകളും പ്രളയവും തകർത്ത കൊട്ടിയൂർ -വയനാട് ചുരം റോഡ് പുനർനിർമാണമാണ് അനിശ്ചിതമായി നീളുന്നത്.
മുളവേലിയും ബാരിക്കേഡുകളും സംരക്ഷണ മറയൊരുക്കിയ പാതയിൽ യാത്രക്കാർക്ക് നെഞ്ചിടിപ്പേറുകയാണിപ്പോൾ. പാൽചുരം മുതൽ ബോയ്സ് ടൗൺ വരെ ഭാഗികമായ ഓട്ടയടക്കൽ മാത്രമാണ് കഴിഞ്ഞ വർഷം നടത്തിയത്. ഇതാണ് കാലവർഷത്തിൽ തകർന്ന് ഗർത്തങ്ങളായി ഇപ്പോൾ ഗതാഗതം ദുസ്സഹമായത്. ഒന്നാം ഹെയർപിൻ വളവ് മുതൽ വയനാട് അതിർത്തിയിലെ ചെകുത്താൻ തോടുവരെ പാത തകർന്ന് ഗർത്തങ്ങളായതിനാൽ അപകടങ്ങളും പതിവായി.
ഒരുവശം കൊക്കയും മറുഭാഗം വൻ മലയുമായ പാതയിൽ ദുരന്തത്തിെൻറ വഴിവക്കിലാണ് യാത്രക്കാർ. റോഡിെൻറ ഒരു വശം പ്രളയത്തിൽ തകർന്നതാണ്. ടാർ ചെയ്ത റോഡ് വിട്ടാൽ ഇരുവശവും പാതയോരം ഗർത്ത സമാനമാണ്. കണ്ണൂർ ജില്ലയെ എളുപ്പത്തിൽ വയനാടുമായി ബന്ധിപ്പിക്കുന്ന ഏക റോഡാണ് പാൽചുരം-ബോയ്സ്ടൗൺ റോഡ്. കെ.എസ്.ആർ.ടി.സി ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളും നൂറുകണക്കിന് യാത്രക്കാരുമാണ് നിത്യേന ഈ വഴി പോകുന്നത്. ഇത്തരത്തിൽ തകർന്ന, കർണാടക സർക്കാറിെൻറ വീരാജ്പേട്ട-കുടക് ചുരം പാത മാസങ്ങൾക്കൊണ്ട് ഗതാഗത യോഗ്യമാക്കിയത് കണ്ടെങ്കിലും കേരള പൊതുമരാമത്ത് വകുപ്പ് കണ്ണുതുറക്കാത്തതെന്തെന്നാണ് മലയോര ജനതയുടെ ചോദ്യം. പാതയിൽ അമിതഭാരം കയറ്റി വാഹനങ്ങൾ സഞ്ചരിക്കുന്നതാണ് നിരന്തരമായി തകരാൻ കാരണമെന്നാണ് അധികൃത ഭാഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.