കോ​വി​ല​ന്‍റെ മ​ക​ൾ പ്ര​ഫ. വി​ജ​യ മാ​ധ്യ​മം ആ​ഴ്ച​പ​തി​പ്പി​ലെ​ഴു​തി​യ ക​ത്ത്

കോവിലന്‍റെ ഡോക്ടറേറ്റ്: നടപടി ഉണ്ടാകുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു

ഗുരുവായൂർ: കോവിലന് പ്രഖ്യാപിച്ച ഡോക്ടറേറ്റ് മരണാനന്തര ബഹുമതിയായി നൽകുന്ന കാര്യത്തിൽ ഇടപെടൽ നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. കോവിലൻ മരിക്കുന്നതിന് മുമ്പേ പ്രഖ്യാപിച്ച ഡോക്ടറേറ്റ് നൽകാതെ പോയതിനെ കുറിച്ചുള്ള 'മാധ്യമം' വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

മരണാനന്തര ബഹുമതിയായി ഡോക്ടറേറ്റ് നൽകുന്നതിലെ നിയമവശങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി കോവിലൻ ട്രസ്റ്റ് അംഗം ഹരീഷ് നാരായണനെ അറിയിച്ചു. നേരത്തെ ഇക്കാര്യത്തിൽ അന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒന്നും നടന്നിരുന്നില്ല.

കോവിലന് നേരത്തേ പ്രഖ്യാപിച്ച ഡോക്ടറേറ്റ് നൽകാനാവാതെപോയത് പരിശോധിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണനും വ്യക്തമാക്കി. സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് മരണാനന്തര ബഹുമതിയായി ഡോക്ടറേറ്റ് നൽകുന്ന കാര്യം പരിഗണിക്കും. കണ്ടാണശേരി കോവിലൻ ട്രസ്റ്റ് സംഘടിപ്പിച്ച കോവിലൻ ജന്മശതാബ്ദി ആഘോഷങ്ങൾ തൃശൂരിൽ ഉദ്ഘാടനം ചെയ്യുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

'ഡോ. വി.വി. അയ്യപ്പൻ -സബാഷ്'; ആ തൊപ്പി കോവിലന് അണിയാനായില്ല

ഗുരുവായൂർ: 'ഡോ. വി.വി. അയ്യപ്പൻ-സബാഷ്'-നിക്ക് ഡോക്ടറേറ്റ് നൽകാൻ കലിക്കറ്റ് സർവകലാശാല തീരുമാനിച്ചു എന്നറിഞ്ഞപ്പോൾ വട്ടംപറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍ എന്ന മലയാള സാഹിത്യത്തില്‍ പരുക്കൻ യാഥാർഥ്യങ്ങളുടെ വേറിട്ട പാത ചമച്ച കഥാകാരൻ കോവിലന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു. രണ്ട് വർഷം മുമ്പ് 'മാധ്യമം' ആഴ്ചപതിപ്പിലൂടെയാണ് കോവിലന്‍റെ മകൾ പ്രഫ. വി.എ. വിജയ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഡി.ലിറ്റ് പ്രഖ്യാപിച്ചത് മുതൽ അത് കിട്ടാനുള്ള മോഹത്തിലായിരുന്നു അച്ഛനെന്നും അവർ പറഞ്ഞിരുന്നു. യൂനിവേഴ്സിറ്റി വിളിച്ചില്ലല്ലോ എന്ന് പലപ്പോഴും പറഞ്ഞിരുന്നു. മൂത്ര തടസ്സത്തിന് കത്തീറ്റർ പ്രയോഗം ഉണ്ടായപ്പോൾ ഡി.ലിറ്റ് വാങ്ങാൻ ബാഗും കുഴലും പിടിച്ച് പോകാമെന്നും എങ്ങനെയായാലും ആ തൊപ്പി കിട്ടിയാൽ മതിയെന്നും അച്ഛൻ തന്‍റെ ശൈലിയിൽ പ്രതികരിച്ചിരുന്നുവെന്നും വിജയ പറഞ്ഞിരുന്നു.

ആ തൊപ്പി എപ്പോൾ കിട്ടുമെന്നായിരുന്നു എപ്പോഴുമുള്ള ചോദ്യം. 2010 മേയ് 31ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി വന്നപ്പോൾ ''ഇനി അവർ വിളിച്ചാൽ എപ്പോൾ വേണമെങ്കിലും പോകാമല്ലോ'' എന്നാണ് പറഞ്ഞത്. എന്നാൽ രണ്ട് ദിവസം കഴിഞ്ഞ് ജൂൺ രണ്ടിന് കോവിലൻ മരിച്ചു. പ്രഫ. വിജയയും കഴിഞ്ഞ മേയ് 30ന് മരിച്ചു. മരണാനന്തരം ഡോക്ടറേറ്റ് നൽകണമെന്ന് മക്കൾ ആവശ്യപ്പെടില്ലെന്നും അദ്ദേഹത്തിന്‍റെ മഹത്വം സർവകലാശാല തീരുമാനിക്കട്ടെ എന്നും വിജയ പ്രതികരിച്ചിരുന്നു.

Tags:    
News Summary - /kerala/kovilans-doctorate-action-will-be-taken-rbindu-1040803

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.