കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ റൺവേ റീകാർപറ്റിങ് പ്രവൃത്തികൾ അതിവേഗത്തിൽ പുരോഗമിക്കുന്നു. ഹജ്ജ് സർവിസുകൾ കരിപ്പൂരിൽനിന്ന് നടത്തുന്നതിനായി മേയ് ആദ്യവാരത്തോടെ പ്രവൃത്തി പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമാണം നടക്കുന്നത്. പ്രവൃത്തി പൂർത്തീകരിക്കാൻ നവംബർ വരെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും റീകാർപറ്റിങ് വേഗത്തിൽ തീർക്കാനാണ് ശ്രമം. അനുബന്ധ പ്രവൃത്തികൾ നവംബറിലും പൂർത്തിയാക്കും.
റീകാർപറ്റിങ്ങിന്റെ ഭാഗമായി മൂന്ന് പാളികളായാണ് റൺവേയിൽ ടാറിങ് നടക്കുന്നത്. ഇതിൽ ഒന്നാംഘട്ടം കഴിഞ്ഞ ദിവസം പൂർത്തിയായി. രണ്ടാംഘട്ട ടാറിങ് ഈയാഴ്ച ആരംഭിച്ചു. ഇതോടൊപ്പം റൺവേയിൽ സെന്റർ ലൈൻ ലൈറ്റിങ് സംവിധാനവും ഒരുക്കുന്നുണ്ട്. 2,860 മീറ്ററാണ് കരിപ്പൂരിലെ റൺവേയുടെ നീളം. ഇത് പൂർണമായി ടാർ ചെയ്യുന്നുണ്ട്. ഡൽഹി ആസ്ഥാനമായ എൻ.എസ്.സി കമ്പനിക്കാണ് നിർമാണ ചുമതല. 56 കോടി രൂപക്കാണ് ഇവർ കരാർ ഏറ്റെടുത്തിരിക്കുന്നത്. പ്രവൃത്തി നിരീക്ഷിക്കുന്നതിനായി കമ്പനിയുടെ ഉന്നത പ്രതിനിധികൾ കരിപ്പൂരിലുണ്ട്.
അതേസമയം, റൺവേ റീകാർപറ്റിങ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലുൾപ്പെടെയുള്ള പ്രചാരണങ്ങൾ ശരിയല്ലെന്ന് വിമാനത്താവള ഡയറക്ടർ എസ്. സുരേഷ് ‘മാധ്യമ’ത്തോട് പ്രതികരിച്ചു. പ്രവൃത്തി കൃത്യമായ മാനദണ്ഡ പ്രകാരമാണ് നടക്കുന്നത്. മറിച്ചുള്ള പ്രചാരണങ്ങൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
റൺവേയിൽ വിള്ളലുകൾ പരിഹരിക്കുന്നില്ലെന്നതടക്കമുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. വിള്ളലുകൾ കണ്ടെത്തിയ ഭാഗങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും രണ്ടാംഘട്ട ടാറിങ് പൂർത്തിയാകുന്നതോടെ പ്രശ്നം പരിഹരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.