കോഴിക്കോട്: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും കോഴിക്കോട് മുന്‍ മേയറുമായ സി. മുഹ്സിന്‍ (67) അന്തരിച്ചു. ബുധനാഴ്ച ഉച്ചക്കുശേഷം ചിന്താവളപ്പിലെ ഫ്ളാറ്റില്‍വെച്ച് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനത്തെുടര്‍ന്ന് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 3.10ഓടെ മരിക്കുകയായിരുന്നു. മൃതദേഹം മിനി ബൈപാസില്‍ കല്ലുത്താന്‍ കടവിന് സമീപത്തെ സഹോദരിയുടെ വീട്ടില്‍. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് ജയില്‍ റോഡ് മസ്ജിദുല്‍ മുജാഹിദീനില്‍. ഖബറടക്കം കണ്ണമ്പറമ്പ് ഖബറിടത്തില്‍.
ജനതാദള്‍-എസ് ദേശീയ നിര്‍വാഹക സമിതിയംഗമാണ്. കൊടുവള്ളി നിയോജകമണ്ഡലത്തില്‍നിന്ന് മൂന്നുതവണ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. സോഷ്യലിസ്റ്റ് വിദ്യാര്‍ഥിപ്രസ്ഥാനമായ ഇന്‍ഡിപെന്‍ഡന്‍റ് സ്റ്റുഡന്‍റ്സ് ഓര്‍ഗനൈസേഷനിലൂടെ (ഐ.എസ്.ഒ) രാഷ്ട്രീയജീവിതം തുടങ്ങി. യുവജനതാദള്‍ ജില്ലാ ട്രഷറര്‍, നിയോജകമണ്ഡലം പ്രസിഡന്‍റ്, ജില്ലാ സെക്രട്ടറി, പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനം വഹിച്ചു. 1972ല്‍ സോഷ്യലിസ്റ്റ് യുവജനസഭ സിറ്റി സെക്രട്ടറിയായിരുന്നു.
അടിയന്തരാവസ്ഥക്കെതിരെ സമരക്കൂട്ടായ്മ നടത്തി അറസ്റ്റിലായിട്ടുണ്ട്. 77ല്‍ ജനതാപാര്‍ട്ടി കോഴിക്കോട് ഒന്നാം മണ്ഡലം സെക്രട്ടറിയും 84ല്‍ പ്രസിഡന്‍റുമായി പ്രവര്‍ത്തിച്ചു. 93 മുതല്‍ 2000 വരെ ജനതാദള്‍ ജില്ലാ പ്രസിഡന്‍റായിരുന്നു. പുതിയറ വാര്‍ഡില്‍നിന്ന് കോണ്‍ഗ്രസ് നേതാവ് എം.ആര്‍. പ്രസാദിനെ അട്ടിമറിച്ചാണ് 1989ല്‍ മേയറായത്. 1991ലും 96ലും 2001ലുമാണ് ലീഗ് കോട്ടയായ കൊടുവള്ളിയില്‍ മത്സരിക്കാന്‍ പാര്‍ട്ടി നിയോഗിച്ചത്.
കാമരാജ് ഫൗണ്ടേഷന്‍ ജില്ലാ രക്ഷാധികാരി, കല്ലുത്താന്‍കടവ് വികസനസമിതി രക്ഷാധികാരി, നഗരത്തിലെ ആദ്യ അയല്‍പക്കവേദികളിലൊന്നായ പുതിയറ അയല്‍പക്കവേദി രക്ഷാധികാരി തുടങ്ങി നിരവധി സംഘടനകളുടെ നായകനായിരുന്നു. ഖാദി ബോര്‍ഡംഗവുമായിരുന്നു. പ്രമുഖ സോഷ്യലിസ്റ്റും സ്വാതന്ത്ര്യ സമര നായകനുമായിരുന്ന കെ.പി. മുഹമ്മദിന്‍െറ സഹോദരി പുത്രനാണ്. പുതിയറ ചേരിയമ്മല്‍ പരേതനായ സി. ഹസന്‍ മാസ്റ്ററുടെയും ആമിന ടീച്ചറുടെയും മകനായി 1949 സെപ്റ്റംബര്‍ 22ന് ജനനം.
ഭാര്യ: മുനീറ പാണ്ടികശാല. മക്കള്‍: ഫയിസ് മുഹ്സിന്‍ (ബിസിനസ്), ദിലാര (സൈക്കോളജിസ്റ്റ്, ദുബൈ). മരുമക്കള്‍: ഷഫ്നാസ് ഖാന്‍ (ദുബൈ), ജസീന (ചെറുവണ്ണൂര്‍). സഹോദരങ്ങള്‍: എ.കെ. മുസ്തഫ (റിട്ട. കെ.എസ്.ആര്‍.ടി.സി-കെ.ഡി.എഫ്.എ മുന്‍ വൈസ്. പ്രസിഡന്‍റ്), സി. അബൂബക്കര്‍ (മലയാള മനോരമ), അബ്ദുറഹീം, റുഖിയ, അബ്ദുല്‍ സലാം ( ഫുട്ബാള്‍ കോച്ച്), റംല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.