'മഴ കണ്ടാൽ അവധിയില്ല, മഴ കനത്താലാണ് അവധി'; മഴയിൽ അവധി പ്രഖ്യാപിക്കുന്നത് എങ്ങനെയെന്ന് വിശദീകരിച്ച് കോഴിക്കോട് കലക്ടറുടെ ഫേസ്ബുക് കുറിപ്പ്

കോഴിക്കോട്: മഴ കനക്കുമ്പോൾ ജില്ല കലക്ടർമാരുടെ സമൂഹമാധ്യമ പേജിൽ ആളുകൾ കൂടും. മഴയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ടോയെന്ന ആകാംക്ഷയാണ് ഇതിന് പിന്നിൽ. 'കനത്ത മഴയാണല്ലോ അവധിയില്ലേ', 'മറ്റു ജില്ലകളിൽ അവധിയാണല്ലോ, ഇവിടെ അവധിയില്ലേ' തുടങ്ങിയ കമന്‍റുകൾ നിറയും. ചില വിരുതന്മാരായ കുട്ടികളാകട്ടെ, കലക്ടറുടെ പേജിൽതന്നെയങ്ങ് കൂടും. കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായപ്പോൾ ജില്ല കലക്ടറുടെ പേജിൽ ഇത്തരത്തിൽ നിരവധി കമന്‍റുകൾ നിറഞ്ഞിരുന്നു. ഈ കമന്‍റുകൾക്കെല്ലാം മറുപടിയായി കുറിപ്പിട്ടിരിക്കുകയാണ് കലക്ടർ സ്നേഹിൽ കുമാർ സിങ്.

മഴ കണ്ടാലല്ല, മഴ കനത്താലാണ് അവധിയെന്നാണ് കലക്ടർ സ്നേഹപൂർവം വിശദീകരിച്ചിരിക്കുന്നത്. മഴയിൽ അവധി പ്രഖ്യാപിക്കാനുള്ള നടപടിക്രമം എങ്ങനെയാണെന്നും വിശദീകരിച്ചിട്ടുണ്ട്.

കലക്ടറുടെ കുറിപ്പ് വായിക്കാം...

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പെയ്യുന്ന മഴയുടെ അളവ്, തീവ്രത, പുഴകളിലെ ജല നിരപ്പ്, വെള്ളക്കെട്ട് സാധ്യത, മണ്ണിടിച്ചിൽ ഭീഷണി, വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും അധ്യാപകർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്നിങ്ങനെ വിവിധങ്ങളായ ഘടകങ്ങൾ ദിവസേന നടത്തുന്ന ഉദ്യോഗസ്ഥ തല അവലോകന യോഗത്തിൽ വിലയിരുത്തിയാണ് മഴ അവധി സംബന്ധിച്ച തീരുമാനം എടുക്കുന്നത്.

നിങ്ങളുടെ സുരക്ഷക്കാണ് എപ്പോഴും ഞങ്ങൾ ഏറ്റവും പ്രാധാന്യം നൽക്കുന്നത്, അതോടൊപ്പം തന്നെ അധ്യയന ദിനങ്ങൾ പരമാവധി സംരക്ഷിക്കുകയും വേണം.

അവധി രസമാണ്, എന്നാൽ പഠനം അതിലേറെ രസമുള്ളതല്ലേ! മഴ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്, പഠനവും. മഴയോടൊത്ത് ജീവിക്കാൻ ശീലിച്ചവരാണ് നമ്മൾ, മഴയാണ് എന്ന് കരുതി നമ്മൾ നമ്മുടെ ഉത്തരവാദിത്തങ്ങൾ മാറ്റിവെക്കാറില്ലല്ലോ.

കമന്റ്‌ ബോക്സിലെ നിങ്ങളുടെ ക്രിയാത്മകത ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട്, നമ്മുടെ സാമൂഹ്യ മാധ്യമ ഇടപെടലുകൾ കൂടുതൽ ആരോഗ്യകരമാക്കേണ്ടതുണ്ട്.

അപ്പൊ പറഞ്ഞുവരുന്നത് “കാലമിനിയുമുരുളും..

വിഷുവരും വർഷം വരും

തിരുവോണം വരും

പിന്നെയൊരോ തളിരിനും

പൂ വരും കായ്‌വരും

അപ്പോഴാരെന്നും

എന്തെന്നും ആർക്കറിയാം..“

എന്നിരുന്നാലും, നമുക്ക് അറിയാവുന്ന ഒന്നുണ്ട് വിദ്യാധനം സർവ്വധാനാൽ പ്രധാനം.

ശുഭദിനം!


Full View


Tags:    
News Summary - Kozhikode district collector facebook post on school holiday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.