കോഴിക്കോട് മേയറെ പിന്തുണച്ച് കെ. സുരേന്ദ്രൻ; 'സി.പി.എമ്മിന്‍റേത് വർഗീയ പ്രീണന രാഷ്ട്രീയം'

കോഴിക്കോട്: ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിന് സി.പി.എം തള്ളിപ്പറഞ്ഞ കോഴിക്കോട് കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പിനെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. എല്ലാ മുസ്ലിം തീവ്രവാദ സംഘടനകളുടെ പരിപാടികളിലും സി.പി.എം നേതാക്കൾക്ക് പങ്കെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ, കോഴിക്കോട് കോർപറേഷൻ മേയർ ശ്രീകൃഷ്ണനെ കുറിച്ച് രണ്ടുവാക്ക് പറഞ്ഞതോടെ അവർക്കെതിരെ നടപടിയെടുക്കാൻ പോവുകയാണ്. സി.പി.എമ്മിന്‍റെ വർഗീയ പ്രീണന രാഷ്ട്രീയത്തിന്‍റെയും ഇരട്ടനീതിയുടെയും ഏറ്റവും വലിയ ഉദാഹരണമാണിതെന്നും വാർത്തസമ്മേളനത്തിൽ കെ. സുരേന്ദ്രൻ പറഞ്ഞു.

അബ്ദുന്നാസിർ മഅ്ദനിക്കൊപ്പം മുഖ്യമന്ത്രിക്ക് വേദി പങ്കിടാം, പോപുലർ ഫ്രണ്ട് സംഘടിപ്പിക്കുന്ന ഇഫ്താർ വിരുന്നിൽ പങ്കെടുക്കാം, പി.ഡി.പിയുടെ മണ്ഡലം കൺവെൻഷൻ അമ്പലപ്പുഴ എം.എൽ.എക്ക് ഉദ്ഘാടനം ചെയ്യാം. എല്ലാ മുസ്ലിം തീവ്രവാദ സംഘടനകളുടെ പരിപാടികളിലും സി.പി.എം നേതാക്കൾക്ക് പങ്കെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ, കോഴിക്കോട് മേയർ ശ്രീകൃഷ്ണനെ കുറിച്ച് രണ്ടുവാക്ക് പറഞ്ഞതോടെ അവർക്കെതിരെ നടപടിയെടുക്കാൻ പോവുകയാണ്.


ശ്രീകൃഷ്ണനെ കുട്ടികൾ മാതൃകയാക്കണമെന്ന് പറഞ്ഞതാണോ കോഴിക്കോട് മേയർ ചെയ്ത അപരാധം. വടക്കേ ഇന്ത്യയിൽ കുട്ടികളെ എല്ലാവരും നല്ലനിലയിൽ സ്നേഹിക്കുന്നു എന്ന് പറഞ്ഞതിനാണ് മേയർക്കെതിരെ നടപടി വന്നത്. മുസ്ലിം ഭീകര സംഘടനകളുടെ എതിർപ്പിനെ ഭയപ്പെട്ടുകൊണ്ടാണ് എല്ലാ കാര്യങ്ങളിലും കേരളത്തിൽ സി.പി.എം നിലപാട് സ്വീകരിക്കുന്നത്. പോപുലർ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും പി.ഡി.പിയുമടക്കമുള്ള സംഘടനകളുടെ താൽപര്യത്തിനൊത്താണ് നിലപാടുകൾ. അവരുടെയൊന്നും വേദി പങ്കിടുന്നതിൽ ആർക്കും എതിർപ്പില്ല.

വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടുള്ള തീരുമാനം പിൻവലിക്കേണ്ടിവന്നത് മുസ്ലിം തീവ്രവാദ സംഘടനകളുടെ കണ്ണുരുട്ടൽ കാരണമാണ്. ആലപ്പുഴ കലക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചപ്പോൾ ഒരു കാരണവശാലും തീരുമാനത്തിൽ നിന്ന് പിന്മാറില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ മുസ്ലിം സംഘടനകൾ സമരത്തിനിറങ്ങിയതോടെ രണ്ട് ദിവസത്തിനകം കലക്ടറെ മാറ്റി. സംസ്ഥാന സർക്കാറും സി.പി.എമ്മും കൈകൊള്ളുന്ന എല്ലാ തീരുമാനങ്ങളും മുസ്ലിം മതമൗലികവാദ സംഘടനകളുടെ സമ്മർദത്തിന് വഴങ്ങിയാണ് -കെ. സുരേന്ദ്രൻ പറഞ്ഞു.

മേയറെ പരസ്യമായി തള്ളിപ്പറഞ്ഞ് സി.പി.എം

കോഴിക്കോട്: സംഘ്പരിവാർ പരിപാടിയിൽ പ​ങ്കെടുത്ത കോഴിക്കോട് കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പിനെ തള്ളി സി.പി.എം. ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയിൽ പ​ങ്കെടുത്ത് സംസാരിച്ച നിലപാട് ശരിയായില്ലെന്നും സി.പി.എം വ്യക്തമാക്കി. മേയറുടെ സമീപനം സി.പി.എം എല്ലാ കാലത്തും ഉയർത്തിപ്പിടിച്ച പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമാണ്. ഇത് പാർട്ടിക്ക് ഒരു വിധത്തിലും അംഗീകരിക്കാൻ കഴിയില്ല. അതിനാൽ മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുകതാണെന്നും സി.പി.എം ജില്ല സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

ബീന ഫിലിപ്പ് ബാലഗോകുലം പരിപാടിയിൽ പ​ങ്കെടുത്തതാണ് വിവാദമായത്. ഞായറാഴ്ച ബാലഗോകുലം സംഘടിപ്പിച്ച മാതൃസമ്മേളനം ഉദ്ഘാടനം ചെയ്തത് മേയറായിരുന്നു. ഇതിന്റെ വിഡിയോയും ചിത്രവും പുറത്ത് വന്നതോടെയാണ് പരിപാടി വിവാദത്തിലായത്. ശ്രീകൃഷ്ണ പ്രതിമയില്‍ തുളസിമാല ചാര്‍ത്തിയാണ് മേയര്‍ വേദിയിലെത്തിയത്.

ബാലഗോകുലം ആർ.എസ്.എസിന്റെ പോഷക സംഘടനയായി തോന്നിയിട്ടില്ലെന്നും അമ്മമാരുടെ പരിപാടിയെന്ന നിലയിലാണ് ബാലഗോകുലം പരിപാടിയിൽ പ​ങ്കെടുത്തതത് എന്നുമായിരുന്നു മേയറുടെ വിശദീകരണം. ബി.ജെ.പിയുടെ പല പരിപാടികളിലും പ​ങ്കെടുത്തിട്ടുണ്ടെന്നും മേയർ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് രംഗത്തു വന്നത്.

Tags:    
News Summary - Kozhikode Mayor K Surendran 'CPM's politics of communal appeasement'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.