കോഴിക്കോട്: ജന്മനാ കേൾവി തകരാറുള്ളവരെ ശബ്ദത്തിന്റെ ലോകത്തേക്ക് തിരിച്ചെത്തിക്കുന്ന ശസ്ത്രക്രിയ സൗജന്യമായി ചെയ്ത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി. ലക്ഷങ്ങൾ ചെലവുവരുന്ന ബി.സി.ഐ (ബോണ്‍ കണ്ടക്ഷന്‍ ഇംപ്ലാന്റ്) 602 ബോണ്‍ ബ്രിഡ്ജ് ശസ്ത്രക്രിയയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയത്. അപൂര്‍വമായി നടത്തുന്ന ബി.സി.ഐ ശസ്ത്രക്രിയ ഒറ്റ ദിവസം മൂന്നുപേരിൽ വിജയകരമായി പൂര്‍ത്തിയാക്കിയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി രാജ്യത്തുതന്നെ പുതിയ ചരിത്രം കുറിച്ചത്.
സര്‍ക്കാറിന്റെ സൗജന്യ പദ്ധതി പ്രകാരം ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്ക് അനുമതി തേടി മാസങ്ങൾക്കു മുമ്പുതന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ സർക്കാറിന് കത്തയച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ 24 പേർക്ക് ശസ്ത്രക്രിയ നടത്താൻ മെഡിക്കൽ കോളജ് ഇ.എൻ.ടി വിഭാഗത്തിന് അനുമതി ലഭിച്ചു. ഇതിൽ മൂന്നെണ്ണമാണ് വെള്ളിയാഴ്ച മെഡിക്കൽ കോളജ് ഇ.എന്‍.ടി വിഭാഗം മേധാവി ഡോ. സുനില്‍കുമാറിന്റെ നേതൃത്വത്തിൽ നടന്നത്. മറ്റുള്ളവർക്കും വൈകാതെ ചികിത്സ ലഭ്യമാക്കുമെന്ന് ഡോ. സുനില്‍കുമാർ അറിയിച്ചു.
കോഴിക്കോട് സ്വദേശികളായ 20 വയസ്സുകാരിക്കും എട്ടു വയസ്സുകാരിക്കും വയനാട് സ്വദേശിയായ 23 വയസ്സുകാരനുമാണ് ശസ്ത്രക്രിയ നടത്തിയത്. ആറു ലക്ഷം രൂപയോളം വില വരുന്നതാണ് ഓരോ ഇംപ്ലാന്റും. ശബ്ദം നേരിട്ട് ആക്ടിവ് ആംപ്ലിഫിക്കേഷന്‍ സാങ്കേതിക വിദ്യയിലൂടെയാണ് ബി.സി.ഐ 602 ബോണ്‍ ബ്രിഡ്ജ് ഇംപ്ലാന്റ് ഉപയോഗിക്കുന്നത്. ഇതിലൂടെ പുറം ചെവിയിലും മധ്യ ചെവിയിലുമുള്ള തകരാറുകള്‍ മറികടക്കാന്‍ സാധിക്കുന്നു. ശസ്ത്രക്രിയക്ക് ആവശ്യമായ ബോണ്‍ കണ്ടക്ഷന്‍ ഇംപ്ലാന്റബ്ള്‍ ഹിയറിങ് ഡിവൈസ് കെ.എം.എസ്.സി.എല്‍ മുഖേനയാണ് ലഭ്യമാക്കിയത്.
പ്രഫസര്‍മാരായ ഡോ. അബ്ദുല്‍സലാം, ഡോ. എം.കെ. ശ്രീജിത്ത്, സീനിയര്‍ റെസിഡന്റ് ഡോ. സഫ, അനസ്തേഷ്യ വിഭാഗം പ്രഫസര്‍ ഡോ. ശ്യാം, ഡോ. വിപിന്‍, സ്റ്റാഫ് നഴ്സുമാരായ ദിവ്യ, തെരേസ, ശ്യാമ, സബിത, ഓഡിയോളജി വിഭാഗം തലവന്‍ സമീര്‍ പൂത്തേരി, ഓഡിയോളജിസ്റ്റ് നസ്ലിന്, ക്ലിനിക്കല്‍ സ്പെഷലിസ്റ്റ് നിഖില്‍ എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കാളികളായി. ശസ്ത്രക്രിയ വിജയകരമാക്കിയ ടീമംഗങ്ങളെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.