കുറ്റ്യാടി: പള്ളി ഇമാമിനും മുതവല്ലിക്കും പൊലീസ് മർദനമേറ്റ നരയങ്കോട് ജുമാമസ്ജിദ് കെ. മുരളീധരൻ എം.പി സന്ദർശിച്ചു.
പെരുന്നാൾ ദിവസം കോവിഡ് പ്രോട്ടോകോൾ അനുസരിക്കണം എന്നുപറയാൻവന്ന പള്ളിയിലെ മുസ്ലിയാരെയും മുതവല്ലിയെയും കുറ്റ്യാടി സി.ഐയുടെ നേതൃത്വത്തിൽ മർദിച്ചത് തെറ്റായ നടപടിയാണെന്ന് എം.പി പറഞ്ഞു.
പ്രോട്ടോകോൾ പാലിച്ചവരെ തല്ലുന്ന നടപടി ഒരു നിലക്കും ന്യായീകരിക്കാനാവില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.പി.സി.സി സെക്രട്ടറി കെ. പ്രവീൺ കുമാറും മറ്റു നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പാറക്കൽ അബ്ദുല്ല എം.എൽ.എയും യു.ഡി.എഫ് മണ്ഡലം ഭാരവാഹികളും സ്ഥലം സന്ദർശിച്ചു. പള്ളി ഭാരവാഹിയെയും ജീവനക്കാരനെയും മർദിച്ച പൊലീസ് നടപടിയിൽ എം.എൽ.എ പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ഇ.കെ. വിജയൻ എം.എൽ.എ മർദനമേറ്റവരെ സന്ദർശിച്ചു.
പൊലീസ് അതിക്രമത്തിൽ വ്യാപക പ്രതിഷേധം
കുറ്റ്യാടി: പെരുന്നാൾ ദിനത്തിൽ അടുക്കത്ത് നരയങ്കോട്ട് ജുമാമസ്ജിദിൽ മുതവല്ലി ശരീഫിനെയും ഇമാം സുലൈമാൻ മുസ്ലിയാരെയും മർദിക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മേഖലയിലെ 15 മഹല്ല് ഭാരവാഹികൾ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രി, ഡി.ജി.പി എന്നിവർക്ക് നൽകി.
സി.ഐക്കെതിരെ നടപടിയാവശ്യപ്പെട്ട് ശരീഫ് റൂറൽ എസ്.പിക്ക് പരാതി നൽകിയിട്ടുണ്ട്. സി.ഐ ശനിയാഴ്ച മുതൽ അവധിയിലാണ്.മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി, വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി, സി.പി.എം ലോക്കൽ കമ്മിറ്റി, കോൺഗ്രസ് കാവിലുമ്പാറ ബ്ലോക്ക്, യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി, ജമാഅത്തെ ഇസ്ലാമി അടുക്കത്ത് ഹൽഖ, അടുക്കത്ത് മുസ്ലിം ജമാഅത്ത്, സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ്, എസ്.ഐ.ഒ കുറ്റ്യാടി ഏരിയ, മണ്ണൂർ മഹല്ല് കമ്മിറ്റി, കുളിക്കുന്ന് പാറ മഹല്ല് കമ്മിറ്റി തുടങ്ങിയ സംഘടനകൾ സംഭവത്തിൽ പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.