മലപ്പുറം: കെ.ടി. ജലീലിന്റെ ആക്രമണ പദ്ധതി പരാജയപ്പെട്ടെന്ന് മുസ് ലിം ലീഗ് നേതാവ് കെ.പി.എ മജീദ് എം.എൽ.എ. കെ.ടി. ജലീലിന്റെ നിലപാടല്ല മുഖ്യമന്ത്രിക്കും സി.പി.എമ്മിനും ഉള്ളതെന്നും മജീദ് വ്യക്തമാക്കി.
കേരള പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തി ഇല്ലാത്തതിനാലാണ് ജലീൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) സമീപിച്ചത്. കേന്ദ്ര സർക്കാറിന്റെ ഏജൻസിയുടെ അന്വേഷണത്തെ ഒരു കാലത്തും സി.പി.എം സ്വാഗതം ചെയ്തിട്ടില്ലെന്നും കെ.പി.എ മജീദ് ചൂണ്ടിക്കാട്ടി.
പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട മലപ്പുറം എ.ആർ നഗർ സഹകരണ ബാങ്കിലെ ക്രമക്കേടുകൾ ഇ.ഡി അന്വേഷിക്കണമെന്ന മുൻ മന്ത്രി കെ.ടി. ജലീലിന്റെ ആവശ്യം മുഖ്യമന്ത്രി തള്ളിയിരുന്നു. ഇ.ഡി അന്വേഷിക്കണമെന്നത് സാധാരണ നിലയിൽ ഉന്നയിക്കാൻ പാടില്ലാത്ത ആവശ്യമാണ്. ശരിയായ കാര്യവുമല്ല. കേരളത്തിൽ അന്വേഷിക്കാൻ ആവശ്യമായ സംവിധാനങ്ങളുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
കെ.ടി. ജലീൽ ഇ.ഡി ചോദ്യം ചെയ്തയാളാണല്ലോ. ആ ചോദ്യം ചെയ്യലോടെ ഇ.ഡിയിൽ കുറെക്കൂടി വിശ്വാസം അദ്ദേഹത്തിന് വന്നിട്ടുണ്ട് എന്നാണ് തോന്നുന്നത്. അങ്ങനെയുള്ള പ്രതികരണങ്ങളാണ് കാണുന്നത്. കേരളത്തിലെ സഹകരണ മേഖല ഇ.ഡി കൈകാര്യം ചെയ്യേണ്ട മേഖലയല്ല.
സംസ്ഥാന സർക്കാർ ആവശ്യമായ നടപടിയെടുത്തു കൊണ്ടിരിക്കുന്നതാണ്. ജലീൽ പരാമർശിച്ച ബാങ്കിെൻറ കാര്യത്തിൽ സഹകരണ വകുപ്പ് കർശന നടപടിയിലേക്ക് നീങ്ങിയതാണ്. നിലവിൽ ഹൈകോടതിയുടെ സ്റ്റേ നിലനിൽക്കുന്നതിനാലാണ് മറ്റ് നടപടികളിലേക്ക് നീങ്ങാൻ കഴിയാതിരിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.