ആദിവാസി മേഖലയില്‍ ഈ വര്‍ഷം ഇന്റര്‍നെറ്റ് സംവിധാനമൊരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് കെ. രാധാകൃഷ്ണന്‍

കൊച്ചി: ആദിവാസി മേഖലയില്‍ മുഴുവന്‍ ഈ വര്‍ഷം തന്നെ ഇന്റര്‍നെറ്റ് സംവിധാനമൊരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. ഇത്തരത്തിലുള്ള ആദ്യ പ്രദേശമായി കേരളം മാറും. എറണാകുളം ടൗണ്‍ഹാളില്‍ സാമൂഹ്യഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ഡിജിറ്റല്‍ യുഗത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ കാലത്ത് ഡിജിറ്റല്‍ ഡിവൈസുകളും ആവശ്യമാണ്. ഇത് ഏറ്റവുമാദ്യം നല്‍കേണ്ടത് പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. 2024 മാര്‍ച്ച് 31 മുന്‍പായി കേരളത്തിലെ മുഴുവന്‍ ആദിവാസി മേഖലയിലും വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.

പിന്നാക്ക വിഭാഗക്കാരെ ആധുനിക യുഗത്തിലേക്ക് വളര്‍ത്തിയെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. 33 മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ സംസ്ഥാനത്ത് ആരംഭിച്ചു. മെച്ചപ്പെട്ട വിദ്യാഭ്യാസത്തിലൂടെയേ ഒരു സമൂഹത്തെ ഉയര്‍ത്തിക്കൊണ്ടു വരാനാകൂ. കേരളത്തിലെ മികച്ച വിദ്യാഭ്യാസത്തോടൊപ്പം രാജ്യത്തെയും വിദേശത്തെയും മികച്ച വിദ്യാഭ്യാസം പിന്നാക്ക വിഭാഗക്കാര്‍ക്ക് ലഭിക്കണം.

2021 മെയ് 20 മുതല്‍ 2023 മാര്‍ച്ച് 31 വരെ കേരളത്തില്‍ നിന്ന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗത്തില്‍പ്പെട്ട 422 കുട്ടികളെ വിദേശ സര്‍വകലാശാലകളില്‍ പഠിപ്പിക്കാന്‍ തീരുമാനിക്കുകയും അതു നടപ്പാക്കുകയും ചെയ്തു. ഈ വര്‍ഷം 320 കുട്ടികളെ വിദേശത്ത് പഠിക്കാന്‍ അയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അവര്‍ക്ക് സുരക്ഷിതമായ പഠനം ഉറപ്പാക്കുന്നതിന് ഒഡെപെകുമായി ചേര്‍ന്ന് എല്ലാ നടപടികളും സ്വീകരിക്കും.

പട്ടികവര്‍ഗ വിഭാഗത്തിലുള്ള 250 ഓളം നഴ്‌സിംഗ്, പാരാമെഡിക്കല്‍, മെഡിക്കല്‍ മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മുതല്‍ മെഡിക്കല്‍ കോളജ് വരെയുള്ള സര്‍ക്കാര്‍ സംവിധാനത്തില്‍ പരിശീലനത്തിന് അവസരം നല്‍കുന്നുണ്ട്. വിദ്യാഭ്യാസത്തിലൂടെയും തൊഴിലിലൂടെയും പിന്നാക്ക വിഭാഗക്കാരെ സ്വയം പര്യാപ്തതയിലെത്തിക്കുകയാണ് ലക്ഷ്യം. ആനുകൂല്യം നല്‍കി മാത്രം ഒരു ജനവിഭാഗത്തെ രക്ഷപെടുത്താനാകില്ല എന്നു നാം തിരിച്ചറിഞ്ഞതാണ്.

മൈക്രോ ലെവല്‍ പ്ലാനിംഗിലൂടെ ഓരോ കുടുംബത്തിന്റെയും പ്രത്യേകതകള്‍ കണ്ടെത്തി പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. 2021 മുതല്‍ അതിദരിദ്രരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. 2024 ഓടെ അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.   

Tags:    
News Summary - K.Radhakrishnan said that the government's goal is to prepare the internet system in the entire tribal region this year.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.