കെ-റെയിലിനെതിരെ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എം.എൽ.എ സെക്രേട്ടറിയറ്റിന് മുന്നിൽ പ്രതിഷേധകല്ല് സ്ഥാപിക്കുന്നു

കെ-റെയിൽ: പ്രതിഷേധം സർക്കാറിന് തലവേദന, പരിഹാരം തേടി പാർട്ടി

തിരുവനന്തപുരം: കെ-റെയിൽ കല്ലിടലിനെതിരെ വ്യാപകമാകുന്ന പ്രതിഷേധം സർക്കാറിന് തലവേദനയാകുന്നു. കെ-റെയിൽ ജനകീയ പ്രതിരോധസമിതിയുടെ വേദിയിൽ യു.ഡി.എഫും ബി.ജെ.പിയും അണിനിരന്നതോടെ രാഷ്ട്രീയ പ്രതിരോധത്തിന് സി.പി.എമ്മും എൽ.ഡി.എഫും വഴിതേടുകയാണ്. ഭൂമി ഏറ്റെടുക്കലിനല്ല, സർവേക്കായാണ് കല്ലിടുന്നതെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും കെ-റെയിൽ അധികൃതരും ആവർത്തിക്കുമ്പോഴും ജനങ്ങളിലെ ആശങ്ക പരിഹരിക്കാൻ അതൊന്നും മതിയാകുന്നില്ല.

കല്ല് പിഴുതെടുക്കുന്നവർ അടികൊള്ളുമെന്ന യുവ എം.എൽ.എയുടെ പ്രസ്താവനയും തടയുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന കെ-റെയിലിന്‍റെ മുന്നറിയിപ്പും ജനരോഷം ആളിക്കത്തിക്കാനാണ് സഹായിച്ചത്.

തുടക്കത്തിൽ നേരിട്ട് പങ്കെടുക്കാതിരുന്ന മുതിർന്ന കോൺഗ്രസ് നേതാക്കൾകൂടി പ്രതിഷേധത്തിന്‍റെ മുൻനിരയിലേക്ക് വന്നുതുടങ്ങി. ബി.ജെ.പി സംസ്ഥാന നേതൃത്വവും സമരത്തിന്‍റെ മുന്നിലുണ്ട്. ബംഗാളിൽ സി.പി.എം നേതൃത്വത്തിലെ ഇടത് ഭരണത്തിന് അന്ത്യം കുറിക്കുന്നതിൽ ഒരു കാരണമായ നന്ദിഗ്രാം വിഷയവുമായി കെ-റെയിൽ വിരുദ്ധ പ്രതിഷേധത്തെ പ്രതിപക്ഷം താരതമ്യം ചെയ്യുന്നു. ഇത് ഇടതുവിരുദ്ധ വികാരം ആളിക്കത്തിക്കാനാണെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രിയും സി.പി.എമ്മും തിരിച്ചടിക്കുന്നത്.

പ്രതിഷേധത്തിന്‍റെ പേരിൽ വെടിവെപ്പുണ്ടാക്കുകയും മഴവിൽ സഖ്യം രൂപവത്കരിക്കുകയുമാണ് പ്രതിപക്ഷ ലക്ഷ്യമെന്ന് നേതാക്കൾ വാദിക്കുന്നു. വിമോചന സമരകാലത്തെ ഓർമിപ്പിക്കുന്ന സി.പി.എം നേതൃത്വം, കോൺഗ്രസ്-ബി.ജെ.പി കൂട്ടുകെട്ടാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന് ആക്ഷേപിക്കുന്നുമുണ്ട്. എന്നാൽ, ആശങ്കയുള്ളവരോട് നേതാക്കൾ ദാർഷ്ട്യം ഒഴിവാക്കി മൃദുസ്വരത്തിൽ സംസാരിക്കണമെന്ന അഭിപ്രായം സി.പി.എമ്മിലും എൽ.ഡി.എഫിലുമുണ്ട്. പൊലീസ് സന്നാഹം ഒഴിവാക്കി നഷ്ടപരിഹാര പാക്കേജ് വിശദീകരിച്ച് പ്രചാരണം നടത്തണമെന്ന് നേതൃത്വത്തിൽതന്നെ അഭിപ്രായമുണ്ട്. അതേസമയം, കല്ലിടൽ വിഷയത്തിൽ സി.പി.എം പരസ്യ ഇടപെടൽ നടത്തരുതെന്ന നിർദേശം പ്രാദേശികതലത്തിൽ നൽകിയിട്ടുണ്ട്. പ്രതിഷേധക്കാരുമായി ഏറ്റുമുട്ടൽ അരുതെന്നാണ് നിലപാട്. പകരം മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും മന്ത്രിമാരും കാര്യങ്ങൾ വിശദീകരിക്കും. ഇത് കണ്ണൂർ പാർട്ടി കോൺഗ്രസിനുശേഷം സംസ്ഥാനാടിസ്ഥാനത്തിൽ പ്രചാരണമാക്കാനാണ് തീരുമാനം.

Tags:    
News Summary - K-Rail: Protest is a headache for the government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.