തിരുവനന്തപുരം: വർധിക്കുന്ന വൈദ്യുതി ആവശ്യകത മുന്നിൽകണ്ട് കൂടുതൽ കരാറുകൾക്ക് കെ.എസ്.ഇ.ബി നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി പവർ ബാങ്കിങ് വഴി കരാറിലേർപ്പെടാൻ ടെൻഡർ ക്ഷണിച്ചു. ഡിസംബറിൽ 100 മെഗാവാട്ടും ജനുവരിയിൽ 200 മെഗാവാട്ടുമാണ് ലഭ്യമാക്കുക.
ഫെബ്രുവരി-250 മെഗാവാട്ട്, മാർച്ച്- 500 മെഗാവാട്ട്, ഏപ്രിൽ- 400 മെഗാവാട്ട്, മേയ്- 400 മെഗാവാട്ട് എന്നിങ്ങനെ വൈദ്യുതി ലഭ്യമാക്കാനും ഇത് ജൂൺ മുതൽ സെപ്റ്റംബർ വരെ കാലയളവിൽ വിവിധ സമയങ്ങളിലായി തിരികെ നൽകാനുമാണ് ലക്ഷ്യമിടുന്നത്. ഒരു വർഷത്തിനിടെ വൈദ്യുതി രംഗം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. വർധിച്ച ഉപയോഗത്തിനനുസരിച്ച് ഉൽപാദനം വർധിപ്പിക്കാൻ കഴിയാതെവന്നതും നാലു ദീർഘകാല കരാറുകൾ റദ്ദാക്കിയതുമൂലമുള്ള പ്രതിസന്ധിയും അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിനു വരെ കാരണമായി.
കേരളത്തിന് പുറത്തുനിന്നുള്ള വൈദ്യുതിയിൽ കുറവ് വന്നതുമൂലം കഴിഞ്ഞ മാസവും വൈദ്യുതി വിതരണം തടസ്സപ്പെടുന്ന സാഹചര്യമുണ്ടായി. ഇനി ഇത്തരം പ്രതിസന്ധി ആവർത്തിക്കാതിരിക്കാനാണ് ശ്രമം. കുറഞ്ഞ നിരക്കിൽ സാധ്യമായ എല്ലാ മേഖലയിൽനിന്നും വൈദ്യുതി ലഭ്യമാക്കുകയാണ് ലക്ഷ്യം. സോളാർ എനർജി കോർപറേഷനുമായി 500 മെഗാവാട്ടിന്റെ 25 വർഷത്തേക്കുള്ള കരാർ കഴിഞ്ഞയാഴ്ച ഒപ്പിടാനായത് നേട്ടമാണ്. വൈദ്യുതി ആവശ്യകത കൂടുതലുള്ള വൈകീട്ട് ആറിന് ശേഷമടക്കം വൈദ്യുതി ലഭ്യമാകുന്ന കരാറാണ് ഇതെന്നതാണ് പ്രത്യേകത.
പകൽ സൗരോർജ വൈദ്യുതിയും പീക്ക് മണിക്കൂറുകളിൽ രണ്ടു മണിക്കൂർ ബാറ്ററി സ്റ്റോറേജ് സിസ്റ്റം വഴിയുള്ള വൈദ്യുതിയുമാണ് ലഭ്യമാകുക. എന്നാൽ, 2026 സെപ്റ്റംബറോടെ മാത്രമേ കരാർ പ്രകാരമുള്ള വൈദ്യുതി ലഭ്യമായിത്തുടങ്ങൂ. അതുവരെ കൂടുതൽ ഹ്രസ്വകാല കരാറുകൾ വേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.