തൃശൂർ: ഗാർഹിക ഉപഭോക്താക്കളിൽനിന്ന് കെ.എസ്.ഇ.ബിക്ക് ലഭിക്കാനുള്ള വൈദ്യുതി കുടിശ്ശികയിൽ റെക്കോഡ്. 436.17 കോടി രൂപയാണ് ഗാർഹിക ഉപഭോക്താക്കൾ കെ.എസ്.ഇ.ബിക്ക് വൈദ്യുതി നിരക്കിനത്തിൽ നൽകാനുള്ളത്. എക്കാലത്തെയും കൂടിയ നിരക്കാണിത്. 2017ൽ 68.81 കോടി രൂപ മാത്രം ഉണ്ടായിരുന്നിടത്താണ് ആറുമടങ്ങായി കുടിശ്ശിക വർധിച്ചത്.
വൈദ്യുതി വിതരണക്കമ്പനികളുടെ സാമ്പത്തിക വികസനത്തിനുള്ള കേന്ദ്രസർക്കാർ പദ്ധതിയായ ഉദയ് യുടെ (ഉജ്ജ്വൽ ഡിസ്‌കോം അഷ്വറൻസ് യോജന) വിലയിരുത്തലുമായി ബന്ധപ്പെട്ട കംട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി) റിപ്പോർട്ടിലാണ് കെ.എസ്.ഇ.ബിയിലെ കുടിശ്ശിക കണക്കുകളുള്ളത്. കോവിഡ്കാലത്ത് കണക്ഷൻ റദ്ദാക്കൽ ഉൾപ്പെടെ നിർത്തിവെച്ച് പ്രഖ്യാപിച്ച ആശ്വാസനടപടികളാണ് കുടിശ്ശികത്തുക കുതിച്ചുകയറാൻ കാരണമായതെന്ന് സി.എ.ജിക്ക് കെ.എസ്.ഇ.ബി നൽകിയ റിപ്പോർട്ടിൽ പറയുന്നു.
കുടിശ്ശിക വരുത്തിയതിന് സി.എ.ജി റിപ്പോർട്ടിൽ രൂക്ഷവിമർശനമാണുള്ളത്.2021മാർച്ചുവരെ കെ.എസ്.ഇ.ബിക്ക് 2342.36 കോടി രൂപ വൈദ്യുതി ചാർജിനത്തിൽ കുടിശ്ശികയായുണ്ട്. ഗാർഹിക ഉപഭോക്താക്കളെ കൂടാതെ സ്വകാര്യ കമ്പനികളിലെ കുടിശ്ശിക 943.8 കോടിയാണ്. നാലുവർഷം മുമ്പ് 587.11 കോടിയായിരുന്നു. ജല അതോറിറ്റി ഉൾപ്പെടെ പൊതുമേഖല സ്ഥാപനങ്ങളുടെ കുടിശ്ശിക 736.9 കോടി.
വിവിധ സർക്കാർ വകുപ്പുകളിലെ വൈദ്യുതി കുടിശ്ശിക-90.35 കോടി. ഉദയ് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് 2017ൽ സംസ്ഥാന സർക്കാറുമായുണ്ടാക്കിയ കരാർപത്രത്തിൽ 2019 മാർച്ച് 31 നുള്ളിൽ സർക്കാർ സ്ഥാപനങ്ങളിലെ വൈദ്യുതി കുടിശ്ശിക പൂർണമായും തിരിച്ചുപിടിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. ആ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന് സി.എ.ജി കുറ്റപ്പെടുത്തി. കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലെ വൈദ്യുതി കുടിശ്ശികയിലും വർധനയുണ്ടായി -3.15 കോടി. തദ്ദേശസ്ഥാപനങ്ങൾ 6.68 കോടി കുടിശ്ശിക വരുത്തി.
ചെറുകിട-വൻകിട വ്യവസായ ഉപഭോക്താക്കളുടെ (എൽ.ടി-എച്ച്.ടി) കുടിശ്ശികയിൽ 15 ശതമാനവും നിയമക്കുരുക്കിലാണ്. 527.68 കോടി രൂപയുടെ കുടിശ്ശികയാണ് ഇതിൽപ്പെടുന്നത്. ഇതിൽ 268.53 കോടി രൂപ 15 വർഷത്തിലധികമായി കുടിശ്ശികയുള്ളതാണ്. 116.25 കോടി രൂപ 10-15 വർഷത്തിനിടയിലെ കുടിശ്ശികയും.
വൈദ്യുതി അദാലത്തുകളും വൺ ടൈം സെറ്റിൽമെന്റുകളും നടത്തിയിട്ടും കാര്യമായി പ്രയോജനപ്പെട്ടിട്ടില്ലെന്ന് സർക്കാർ റിപ്പോർട്ടിൽ സമ്മതിക്കുന്നു. ഉദയ് പദ്ധതി പ്രകാരം സ്മാർട്ട് മീറ്ററടക്കം പരിഹാരമാർഗങ്ങൾ നിർദേശിക്കപ്പെട്ടിരുന്നു. 2017ൽ 30 മാസത്തിനുള്ളിൽ ഭാഗികമായി സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നെങ്കിലും നടപടികൾ വൈകുകയാണെന്ന് സി.എ.ജി കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.