തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി നേരിടുന്നതിൽ കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമീഷന്റെ വിമർശനം. പ്രതിസന്ധിയുടെ ഗൗരവമറിഞ്ഞ് പ്രവർത്തിക്കുന്നതിൽ കെ.എസ്.ഇ.ബി പരാജയപ്പെട്ടെന്ന് അഭിപ്രായപ്പെട്ട കമീഷൻ വിഷയം കൈകാര്യം ചെയ്ത രീതിയിൽ നീരസം പ്രകടിപ്പിക്കുകയും ചെയ്തു. ചട്ടം ലംഘിച്ചതിന് നേരത്തേ റദ്ദാക്കിയ കരാർ പ്രകാരം ഡിസംബർ 31വരെ വൈദ്യുതി വാങ്ങാൻ അനുവദിച്ച ഉത്തരവിലാണ് കമീഷൻ ബോർഡിനെ വിമർശിച്ചത്.
ചട്ടം ലംഘിച്ച 465 മെഗാവാട്ടിന്റെ ദീർഘകാല കരാറുകൾ റദ്ദാക്കിയതാണ് പ്രതിസന്ധിക്കിടയാക്കിയതെന്ന വാദം കമീഷൻ തള്ളി. മഴയുടെ കുറവ്, ചൂട് കൂടിയ കാലാവസ്ഥ, കാറ്റാടിപ്പാടങ്ങളിലും കേന്ദ്ര നിലയങ്ങളിലും ഉൽപാദനം കുറഞ്ഞത് എന്നിവയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് കമീഷൻ നിരീക്ഷിച്ചു.
മഴ കുറവും കാറ്റാടി നിലയങ്ങളിലെ ഉൽപാദനം കുറഞ്ഞതുമടക്കം വിവിധ കാരണങ്ങൾ മൂലം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പ്രതിസന്ധി നേരിടുന്നു. കുറവ് നികത്താൻ ഈ സംസ്ഥാനങ്ങൾ ആശ്രയിച്ചതോടെ പവർ എക്സ്ചേഞ്ചിൽ വൈദ്യുതി വില കൂടി. നേരത്തേയുള്ള കരാർ റദ്ദാക്കൽ, കാലവർഷം കുറഞ്ഞത് എന്നിവ മൂലം ജൂലൈയിൽ 58.18 കോടിയും ആഗസ്റ്റ് 20 -ാം തീയതി വരെ 153.54 കോടിയും മാത്രമാണ് കെ.എസ്.ഇ.ബിക്ക് അധിക ബാധ്യത. കഴിഞ്ഞ വർഷത്തെ ബോർഡിന്റെ വരവ് ചെലവുമായി താരതമ്യപ്പെടുത്തുമ്പോൾ ജൂലൈയിൽ 202 കോടിയും ആഗസ്റ്റിൽ 240.30 കോടിയും അധികം വന്നിട്ടുണ്ടെന്നും കമീഷൻ വ്യക്തമാക്കി.
അടുത്ത മേയ് വരെ വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് കെ.എസ്.ഇ.ബി കമീഷനെ അറിയിച്ചു. ആഗസ്റ്റിൽ 83 ദശലക്ഷം യൂനിറ്റായി വൈദ്യുതി ആവശ്യകത ഉയർന്നു (കഴിഞ്ഞ വർഷം ഇതേ സമയം 70 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു ഉപയോഗം). ആഗസ്റ്റിൽ 81.27 ദശലക്ഷം യൂനിറ്റാണ് ശരാശരി വേണ്ടിവരുക. സെപ്റ്റംബറിൽ 84.11, ഒക്ടോബറിൽ 84.63, നവംബറിൽ 82.43, ഡിസംബറിൽ 80.75, അടുത്ത ജനുവരിയിൽ 79.25, ഫെബ്രുവരിയിൽ 82.01, മാർച്ചിൽ 93.23, ഏപ്രിലിൽ 98.02, മേയിൽ 97.82 ദശലക്ഷം യൂനിറ്റ് എന്നിങ്ങനെയായി കുതിച്ചുയരും.
ഈ ആവശ്യകതയുമായി താരതമ്യം ചെയ്യുമ്പോൾ 13.93 മുതൽ 27.58 ദശലക്ഷം യൂനിറ്റ് വരെ വിവിധ മാസങ്ങളിൽ ലഭ്യത കുറവ് ഇപ്പോൾ കണക്കാക്കുന്നു. ആഗസ്റ്റിൽ 23.35 ദശലക്ഷം യൂനിറ്റിന്റെ കുറവുണ്ട്.
നേരത്തേ റദ്ദാക്കിയ കരാറിനു പകരം 500 മെഗാവാട്ട് വാങ്ങിക്കാനുള്ള (മധ്യകാല കരാർ) നടപടികൾ വേഗത്തിലാക്കാൻ കമീഷൻ നിർദേശിച്ചു. ഈ വൈദ്യുതി അടുത്ത വർഷം ജനുവരി മുതലേ ലഭിച്ചുതുടങ്ങൂവെന്ന് ബോർഡ് അറിയിച്ചു.
അടുത്ത മാസം നാലിന് ടെന്‍ഡർ തുറക്കാനും സെപ്റ്റംബർ 11 നകം കരാറിന് അന്തിമ രൂപം നൽകാനും കഴിയും വിധം പുതിയ സമയക്രമത്തിന് അംഗീകാരമായി.
കരാർ നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും ഉന്നത ഉദ്യോഗസ്ഥർ നടപടികൾ ഏകോപിക്കാനും കമീഷൻ നിർദേശിച്ചു. മധ്യകാല കരാർ പുരോഗതി സെപ്റ്റംബർ 11നകം രേഖകൾ സഹിതം സമർപ്പിക്കാനും കമീഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.