കൽപറ്റ: മുണ്ടക്കൈ ഉരുൾപൊട്ടലിൽ സർവവും നഷ്ടപ്പെട്ടവർ താമസിക്കുന്ന വാടക വീടുകളുടെ ഫ്യൂസ് കെ.എസ്.ഇ.ബി ഊരി. വീടും തൊഴിലും പണിയായുധങ്ങളുമടക്കം നഷ്ടപ്പെട്ട് സർക്കാർ ഒരുക്കിയ വാടകവീടുകളിൽ കഴിയുന്നവർ വൈദ്യുതി ബിൽ അടച്ചില്ലെന്ന കാരണത്താലാണിത്. കൽപറ്റ മുണ്ടേരിയിൽ മുണ്ടക്കൈയിലെ ഏഴ് കുടുംബങ്ങൾ താമസിക്കുന്ന പി.ഡബ്ല്യു.ഡിയുടെ ക്വാർട്ടേഴ്സുകളിലെ ഫ്യൂസാണ് ഊരിയത്.
പ്രതിഷേധമുയർന്നതോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. ദുരന്ത ബാധിതരാണ് ഇവിടെ താമസിക്കുന്നതെന്ന് അറിയില്ലായിരുന്നുവെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്.
ജൂലൈ 30നുണ്ടായ ദുരന്തം മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല, അട്ടമല വാർഡുകളെയാണ് ഇല്ലാതാക്കിയത്. ഇവിടങ്ങളിലെ 983 കുടുംബങ്ങളിലെ 2569 പേരാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞിരുന്നത്. സർക്കാർ പിന്നീടിവരെ വാടകവീടുകളിലേക്കും സർക്കാർ ക്വാർട്ടേഴ്സുകളിലേക്കും മാറ്റി താൽക്കാലികമായി പുനരധിവസിപ്പിച്ചു. ഇത്തരത്തിൽ മുണ്ടേരിയിൽ താമസിക്കുന്നവരുടെ വൈദ്യുതി കണക്ഷനാണ് വിച്ഛേദിക്കപ്പെട്ടത്. ദുരന്ത മേഖലയിലെ ഉപഭോക്താക്കളില്‍നിന്ന് ആറുമാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ലെന്ന് മുമ്പ് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞിരുന്നു.
കുടുംബത്തിലെ രണ്ടുപേർക്ക് മൂന്നുമാസത്തേക്ക് ദിനേന 300 രൂപ വീതം ധനസഹായം നൽകുമെന്ന് സർക്കാർ അറിയിച്ചിരുന്നു. ഈ തുക മാത്രമാണ് ഇവരുടെ ഏക വരുമാനം. എന്നാൽ, ഒരു മാസത്തേക്ക് മാത്രമേ ഈ തുക നൽകാൻ കഴിയൂവെന്നാണ് അധികൃതർ ഇപ്പോൾ പറയുന്നത്.
മന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായിട്ടും ദുരന്തബാധിതർ താമസിക്കുന്ന വീടുകളുടെ പട്ടിക പോലും കെ.എസ്.ഇ.ബിയുടെ പക്കൽ ഇല്ലാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
വാടകവീടുകളിൽ കഴിയുന്നവരുടെ വെള്ളത്തിന്റെയും വൈദ്യുതിയുടെയും ബിൽ സർക്കാർ അടക്കണമെന്നാണ് അതിജീവിതരുടെ ജനകീയസമിതിയുടെ ആവശ്യം. ഇക്കാര്യത്തിൽ തീരുമാനമാകുന്നതുവരെ ഈ ബില്ലുകൾ അടക്കില്ലെന്നാണ് തീരുമാനമെന്ന് ചെയർമാൻ കെ. മൻസൂർ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.