തിരുവനന്തപുരം: കെ.എസ്.ഇ.ബിയിലെ സി.പി.എം അനുകൂല ഓഫിസർ സംഘടനയിലുള്ളവർ നടത്തുന്ന സമരം പരിഹരിക്കാൻ നടന്ന ചർച്ച പരാജയപ്പെട്ടു. നേരത്തേ സസ്പെൻഡ് ചെയ്ത ഓഫിസേഴ്സ് അസോസിയേഷൻ നേതാക്കളുടെ സസ്പെൻഷൻ പിൻവലിക്കാൻ ധാരണയായെങ്കിലും സ്ഥലംമാറ്റുമെന്ന നിലപാടിലാണ് ബോർഡ്. സ്ഥലംമാറ്റം പാടില്ലെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇതോടെയാണ് ചർച്ച പരാജയപ്പെട്ടത്. എക്സിക്യുട്ടിവ് എൻജിനീയർ ജാസ്മിൻ ബാനുവിനെയും പ്രസിഡന്‍റ് എം.ജി. സുരേഷ്കുമാറിന്‍റെയും സസ്പെൻഷൻ പിൻവലിച്ച് ഉത്തരവിറങ്ങി. ജാസ്മിനെ സീതത്തോട്ടേക്കും സുരേഷ്കുമാറിനെ പെരിന്തൽമണ്ണയിലേക്കുമാണ് സ്ഥലംമാറ്റിയത്.
കെ.എസ്.ഇ.ബി ചെയർമാൻ ചർച്ചയിൽ പങ്കെടുത്തില്ല. ഫിനാൻസ് ഡയറക്ടറുടെ നേതൃത്വത്തിൽ ഡയറക്ടർ ബോർഡാണ് ഓൺലൈനായി ചർച്ച നടത്തിയത്. ചർച്ചക്ക് തൊട്ടുമുമ്പ് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവിൽ നേതാക്കളെ സസ്പെൻഡ് ചെയ്ത ഒഴിവിൽ പകരം നിയമനം നടത്തിയിരുന്നു. ജാസ്മിൻ ബാനുവിനെ തിരിച്ചെടുത്ത ഉത്തരവിൽ അച്ചടക്ക നടപടി തുടരുമെന്ന് ബോർഡ് വ്യക്തമാക്കി.
സംഘടനാ സെക്രട്ടറി ഹരികുമാറിന്‍റെ സസ്പെൻഷനും വൈകാതെ റദ്ദാക്കിയേക്കും. തുടർചർച്ചയിൽ ധാരണയായില്ലെന്നും വിവരം അറിയിക്കുമെന്നാണ് ചർച്ചയിൽ പറഞ്ഞതെന്നും നേതാക്കൾ വ്യക്തമാക്കി. ഏകപക്ഷീയ നിലപാട് തിരുത്താൻ തയാറാകണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. ചർച്ച പരാജയപ്പെട്ടതോടെ സമരം തുടരുമെന്ന് നേതാക്കൾ അറിയിച്ചു. വകുപ്പുമന്ത്രിക്ക് പിന്നാലേയാണ് കെ.എസ്.ഇ.ബി ചെയർമാനും ചർച്ചക്ക് തയാറാകാതിരുന്നത്. മന്ത്രിതല ചർച്ച നടത്തില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി ആവർത്തിച്ചു.
ജാസ്മിൻ ബാനുവിനോട് നടപടി പിൻവലിക്കാൻ യാത്രരേഖ ഹാജരാക്കണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത് വിവാദമായി. യാത്രരേഖ സമർപ്പിക്കില്ലെന്നും അത് ആവശ്യപ്പെടുന്നത് സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്നും കോടതി വിധി നടപ്പാക്കാത്തതിനാൽ കോതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും ജാസ്മിൻ ബാനു വ്യക്തമാക്കി. ഏപ്രിൽ ഏഴിലെ തീയതിവെച്ച് 13നാണ് നോട്ടീസ് നൽകിയത്. അതേസമയം, യാത്രരേഖ നൽകാതെതന്നെ പിന്നീട് സസ്പെൻഷൻ പിൻവലിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.