തിരുവനന്തപുരം: 71 ലക്ഷത്തിലേറെ രൂപയുടെ വൈദ്യുതിചാർജ് കുടിശ്ശിക നിലനിൽക്കെ അധിക ലോഡുമായി ബന്ധപ്പെട്ട പൊലീസ് ആസ്ഥാനത്തുനിന്നുള്ള അപേക്ഷ തീർപ്പാക്കി കെ.എസ്.ഇ.ബി. സാധാരണ വൻ തുക കുടിശ്ശികവരുത്തുന്ന സ്ഥാപനങ്ങൾക്ക് നിലവിലെ ലോഡ് വർധിപ്പിച്ചുനൽകുന്നതടക്കമുള്ള അപേക്ഷകൾ കെ.എസ്.ഇ.ബി പരിഗണിക്കാറില്ല. എന്നാൽ പൊലീസ് ആസ്ഥാനത്തുനിന്നുള്ള അപേക്ഷ ഡയറക്ടർബോർഡ് വിശദമായി ചർച്ച ചെയ്യുകയായിരുന്നു. പൊലീസ് ആസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി 240 കെ.വി.എയിൽ നിന്ന് 350 കെ.വി.എ ആയി വർധിപ്പിക്കണമെന്നായിരുന്നു അപേക്ഷ. സപ്ലൈ കോഡിലെ വ്യവസ്ഥകൾ പ്രകാരം കുടിശ്ശികക്കാർക്ക് ലോഡ് വർധിപ്പിച്ച് നൽകാനും അനുബന്ധ സൗകര്യങ്ങളൊരുക്കാനും അനുവാദമില്ല.
എന്നാൽ പൊലീസുമായുള്ള വൈദ്യുത കുടിശ്ശിക തർക്കം സർക്കാർ പരിഗണനയിലുള്ള വിഷയമായതിനാൽ സർക്കാർ നിർദേശപ്രകാരം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നും അധിക ലോഡിനുള്ള അപേക്ഷ സ്വീകരിക്കാമെന്നും ഡയറക്ടർ ബോർഡ് തീരുമാനിക്കുകയായിരുന്നു. അതേസമയം കെ.എസ്.ഇ.ബിയുടെ ഡാമുകളിലെ പൊലീസ് സുരക്ഷക്ക് നൽകേണ്ട ചെലവിൽനിന്ന് കുടിശ്ശിക തുക കുറവുചെയ്യുന്നതിനുള്ള നിർദേശവും പൂർണതോതിൽ നടപ്പാക്കാനാകാത്ത സാഹചര്യമാണ്. പൊലീസ് ഉൾപ്പെടെ സർക്കാർവകുപ്പുകൾ നൽകാനുള്ള കുടിശ്ശിക ഇൗടാക്കാൻ സർക്കാറിൽ സമ്മർദം ശക്തമാക്കാനുള്ള തയാറെടുപ്പിലാണ് കെ.എസ്.ഇ.ബി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.