കെ.എസ്.ഇ.ബി ദീർഘകാല വൈദ്യുതി കരാറുകൾ പുനഃസ്ഥാപിച്ചു

തിരുവനന്തപുരം: റദ്ദാക്കിയ ദീർഘകാല വൈദ്യുതി കരാറുകൾ വൈദ്യുതി റെഗുലേറ്ററി കമീഷൻ പുനഃസ്ഥാപിച്ചു. 465 മെഗാവാട്ടിന്റെ നാല് ദീർഘകാല കരാറുകളാണ് പുനഃസ്ഥാപിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമെന്ന് കണ്ടെത്തിയതിനെതുടർന്ന് കഴിഞ്ഞ മേയിലാണ് കരാറുകൾ റദ്ദാക്കിയത്. വൈദ്യുതി പ്രതിസന്ധിയുടെ പാശ്ചാത്തലത്തിൽ കരാറുകൾ പുനഃസ്ഥാപിക്കണമെന്ന സംസ്ഥാന സർക്കാറിന്റെ ആവശ്യം പരിഗണിച്ചാണ് ക്രമക്കേട് ആരോപണം നിലനിൽക്കെ കരാറുകൾ പുനഃസ്ഥാപിച്ചത്. യൂനിറ്റിന് ശരാശരി നാല് രൂപ 29 പൈസ നിരക്കിൽ വൈദ്യുതി വാങ്ങാനായിരുന്നു കരാറുകൾ. പുതിയ കരാറുകളിലൂടെ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി ശ്രമം നടത്തിയെങ്കിലും പഴയ കരാറിനേക്കാൾ ഉയർന്ന നിരക്കാണ് കമ്പനികൾ ആവശ്യപ്പെട്ടത്. ഇതും കരാർ പുനഃസ്ഥാപിക്കാൻ വഴി ഒരുക്കുകയായിരുന്നു.

സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി റെഗുലേറ്ററി കമീഷൻ റദ്ദാക്കിയ വൈദ്യുതി കരാറുകൾ പുനഃസ്ഥാപിക്കുന്നത് സംസ്ഥാന സർക്കാർ ഗൗരവമായാണ് കണ്ടത്. ദീർഘകാല കരാറുകൾ സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് റെഗുലേറ്ററി കമീഷന്‍ റദ്ദാക്കിയതെങ്കിലും നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ ഈ കരാറുകൾ പുനഃസ്ഥാപിക്കുന്നതാണ് സംസ്ഥാനത്തിന് ഗുണകരമെന്നായിരുന്നു സർക്കാർ വിലയിരുത്തൽ. 25 വർഷ കരാറിൽ ഏഴ് വർഷമാണ് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിച്ചത്.

18 വര്‍ഷത്തേക്കുകൂടി നിലവിലെ സാഹചര്യത്തിൽ കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാകുമെന്നിരിക്കെ കൂടുതല്‍ തുകക്ക് ഇപ്പോള്‍ വൈദ്യുതി വാങ്ങുന്നത് പ്രായോഗികമല്ലെന്ന് ധനവകുപ്പും നിലപാടെടുത്തിരുന്നു. ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരിക്കെയാണ് 25 വർഷത്തേക്ക് സ്വകാര്യകമ്പനികളുമായി ദീർഘകാല കരാറുകളിൽ കെ.എസ്.ഇ.ബി ഒപ്പുവെച്ചത്.

Tags:    
News Summary - KSEB has reinstated long-term power contracts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.