പാലക്കാട്: ദീർഘകാലത്തേക്കുള്ള നാല് വൈദ്യുതി വാങ്ങൽ കരാർ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷൻ റദ്ദാക്കിയതിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് ഇലക്ട്രിസിറ്റി അപ്പലറ്റ് ട്രൈബ്യൂണലിൽ കെ.എസ്.ഇ.ബി അപേക്ഷ നൽകി. അനുമതിയില്ലാതെ സ്വകാര്യ കമ്പനികളിൽനിന്ന് വൈദ്യുതി വാങ്ങുന്നതിന് അംഗീകാരം നൽകണമെന്ന കെ.എസ്.ഇ.ബിയുടെ അപേക്ഷ മേയ് 10ന് വൈദ്യുതി റെഗുലേറ്ററി കമീഷൻ തള്ളിയിരുന്നു. ഇതേതുടർന്നാണ് ഡൽഹിയിലെ അപ്പലറ്റ് ട്രൈബ്യൂണലിനെ സമീപിച്ചത്. എന്നാൽ, കമീഷൻ ഉത്തരവ് സ്റ്റേ ഹരജി ട്രൈബ്യൂണൽ പരിഗണിച്ചില്ല. അതിഗുരുതര വൈദ്യുതി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കരാർ റദ്ദ് ചെയ്താൽ കേരളം ഇരുട്ടിലായേക്കുമെന്ന് ഹരജിയിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
ജിൻഡാൽ പവർ ലിമിറ്റഡിന്റെ 150 മെഗാവാട്ട്, ജാബുവ പവറിന്റെ 100 മെഗാവാട്ട്, ജിൻഡാൽ ഇന്ത്യ തെർമൽ പവറിന്റെ 100 മെഗാവാട്ട്, ജാബുവ പവറിന്റെ 115 മെഗാവാട്ട് വൈദ്യുതി കരാറുകൾക്കാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷൻ അനുമതി നിരാകരിച്ചത്. കേന്ദ്രസർക്കാറിന്റെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധവും ടെൻഡർ നടപടിക്രമങ്ങളുടെ ലംഘനവും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. കരാറുകൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സ്വകാര്യ കമ്പനി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മൂന്നു മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി റെഗുലേറ്ററി കമീഷനോട് നിർദേശിച്ചിരുന്നു.
യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരിക്കേയാണ് സ്വകാര്യ കമ്പനികളിൽനിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനമെടുത്തതെങ്കിലും തുടർന്നുവന്ന ഇടതു സർക്കാറിന്റെ കാലത്താണ് പ്രാബല്യത്തിൽ വന്നത്. 2015 -16ൽ 308.8, 2016 -17ൽ 2566.5, 2017 -2018ൽ 6262.7, 2018 -19ൽ 7652, 2019 -20ൽ 8137, 2020 -21ൽ 8104.65 കോടി മില്യൺ യൂനിറ്റ് വൈദ്യുതിയാണ് സംസ്ഥാനം വാങ്ങിയത്. കേന്ദ്ര അനുമതി വാങ്ങാതെ വൈദ്യുതി വാങ്ങിയ 2022 -23 മുതൽ 2026 -27 വർഷങ്ങളിലെ പല കരാറുകളും അനധികൃതമാണെന്ന് റെഗുലേറ്ററി കമീഷൻ കണ്ടെത്തിയിരുന്നു.
ഇടക്കാല ക്രമീകരണം ഏർപ്പെടുത്താൻ കമീഷൻ നിർദേശിച്ചിരുന്നെങ്കിലും കെ.എസ്.ഇ.ബിക്ക് ആയിട്ടില്ല. 500 മെഗാവാട്ട് വൈദ്യുതി സംഭരിക്കാൻ ഏറെത്തവണ ടെൻഡർ വിളിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവിൽ എത്തിയതാകട്ടെ, 250 മെഗാവാട്ട് വിതരണം ചെയ്യാമെന്നേറ്റ ടെൻഡർ മാത്രം. ഒടുവിൽ നടപടി റദ്ദ് ചെയ്യേണ്ടിവന്നു. റീടെൻഡർ നടപടികൾക്കാകട്ടെ ആറുമാസമെങ്കിലും പിടിക്കും. കേരളത്തിൽ ലഭ്യമായ ബദൽ ഊർജ മാർഗങ്ങളേക്കാൾ ആദായകരമാണ് റദ്ദാക്കിയ കമ്പനികളുമായുള്ള കരാറെന്ന് വിശദീകരിച്ച റിപ്പോർട്ടാണ് അപ്പലറ്റ് ട്രൈബ്യൂണലിന് സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.