തൃശൂർ: കെ.എസ്.ഇ.ബിക്ക് വൈദ്യുതി കുടിശ്ശികയായി പിരിഞ്ഞുകിട്ടാനുള്ളത് 2500 കോടിയിലേറെ രൂപ. ഇതിൽ കോവിഡ് വന്നതിനെത്തുടർന്നുള്ള 550 കോടി വരെ ബോർഡിന് വന്നതായാണ് വിലയിരുത്തൽ. കഴിഞ്ഞ ജൂലൈ വരെ പിരിഞ്ഞുകിട്ടേണ്ട കുടിശ്ശിക തുക 2,499 കോടിയായെന്ന് വകുപ്പ് രേഖകൾ വ്യക്തമാക്കുന്നു. കാലങ്ങളായുള്ള കുടിശ്ശിക അടക്കമുള്ള തുകയാണിതെന്നാണ് അധികൃതരുടെ വിശദീകരണം. ഇതിൽ 500 കോടിയിലേറെ ഇപ്പോൾ നിയമനടപടിയിൽ കുടുങ്ങിക്കിടപ്പാണ്.
കോവിഡ് വന്നതോടെ തുടർച്ചയായി വരുമാനം നിലച്ചതാണ് കുടിശ്ശികയിൽ വൻ വർധന ഉണ്ടാവാൻ കാരണം. സർക്കാർ നിയന്ത്രണങ്ങളും മറ്റും അയയുന്നതോടെ വൈകാതെ കുടിശ്ശികയിൽ കുറവുണ്ടാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കുടിശ്ശികയിൽ 2000 കോടിയിലേറെ വിവിധ സർക്കാർ വകുപ്പുകളിൽനിന്ന് പിരിഞ്ഞുകിട്ടാനുള്ളതാണ്. വാട്ടർ അതോറിറ്റിയാണ് ഇതിൽ മുന്നിൽ. 1360 കോടി രൂപയാണ് വാട്ടർ അതോറിറ്റി അടക്കാനുള്ളതെന്ന് കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ്. പിള്ള 'മാധ്യമ'ത്തോട് പറഞ്ഞു. നാല് ഗഡുക്കളായി ഇൗ തുക നൽകാമെന്ന് സർക്കാർ സമ്മതിച്ചിട്ടുണ്ട്.
ഒരു ഗഡു തന്നു. അടുത്ത സാമ്പത്തികവർഷത്തോടെ മുഴുവൻ തുകയും അടച്ചുതീർക്കാമെന്ന് സർക്കാറുമായി ധാരണയിലായിട്ടുണ്ട്. കോവിഡ് കാലത്ത് ബോർഡിന് വൈദ്യുതി കുടിശ്ശിക ഇനത്തിൽ 350 കോടി മുതൽ 550 കോടി വരെ അധികബാധ്യത വന്നതായും അദ്ദേഹം പറഞ്ഞു. കുടിശ്ശിക തുകയിൽ ജൂലൈ വരെയുള്ള കണക്കനുസരിച്ച് ഗാർഹിക കണക്ഷനുകളിലെ കുടിശ്ശിക 737 കോടിയാണ്. കോവിഡിന് മുമ്പുവരെ ഏറക്കുറെ കൃത്യമായി ഉപഭോക്താക്കൾ അടച്ചിരുന്നു. പിരിഞ്ഞുകിട്ടാനുള്ള 6.7 കോടി രൂപ നിയമനടപടിക്കുരുക്കിലാണ്.
സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന് 963 കോടി രൂപയാണ് കുടിശ്ശിക. ഇതിൽ 321 കോടി രൂപ ലിറ്റിഗേഷൻ നടപടികളിലാണ്. പൊതുമേഖല സ്ഥാപനങ്ങൾ കൊടുക്കാനുള്ളത് 503 കോടിയേിലേറെയാണ്. തദ്ദേശ സ്ഥാപനങ്ങൾ എട്ടുകോടി അടക്കാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.