കെ.എസ്.ഇ.ബി: ഓഫിസർമാർ സമരവഴിയിൽ; കൂടുതൽ നടപടിക്ക് ബോർഡ്

തിരുവനന്തപുരം: വൈദ്യുതി ബോർഡിലെ പോര് തുടരവെ ചെയർമാനെതിരെ കൂടുതൽ പ്രതിഷേധവുമായി രംഗത്തിറങ്ങാൻ സി.പി.എം അനുകൂല ഓഫിസേഴ്സ് അസോസിയേഷൻ തീരുമാനിച്ചു. അതേസമയം സമരത്തിന്‍റെ ഭാഗമായി കെ.എസ്.ഇ.ബി ആസ്ഥാനത്ത് ചെയർമാൻ വിളിച്ച യോഗത്തിലേക്ക് തള്ളിക്കയറിയ ജീവനക്കാർക്കെതിരെ നടപടി വരുമെന്ന് സൂചനയുണ്ട്.

പ്രശ്നപരിഹാരത്തിന് സർക്കാറിൽനിന്ന് ഇതുവരെയും ഇടപെടലുകളുണ്ടായിട്ടില്ല. സംഘടനാ നേതാവിന്‍റെ സസ്പെൻഷനുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ മുഖ്യമന്ത്രിയുടെ ഓഫിസ് ആരാഞ്ഞിട്ടുണ്ട്. വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഏപ്രിൽ 12നാണ് ഇനി തലസ്ഥാനത്തെത്തുക. പാർട്ടി കോൺഗ്രസ് കഴിഞ്ഞ് മുഖ്യമന്ത്രിയും എത്തും. ഇതോടെ പ്രശ്നത്തിന് പരിഹാരമുണ്ടായേക്കും.

നേതാക്കൾക്കെതിരായ നടപടിയുടെ സാഹചര്യത്തിൽ സി.പി.എം അനുകൂല ഓഫിസേഴ്സ് അസോസിയേഷൻ സമരം ശക്തമാക്കുകയാണ്. വ്യാഴാഴ്ച കരിദിനം ആചരിച്ചു. വെള്ളിയാഴ്ചയും അത് തുടരും.

ബാഡ്ജ് ധരിച്ചാണ് ഓഫിസുകളിൽ ഹാജരായത്. വെള്ളിയാഴ്ച എല്ലാ കേന്ദ്രങ്ങളിലും സസ്പെൻഷൻ ഉത്തരവ് കത്തിക്കും. ഏപ്രിൽ 11 മുതൽ തിരുവനന്തപുരം വൈദ്യുതി ഭവന് മുന്നിൽ അനിശ്ചിതകാല സത്യഗ്രഹവും ആരംഭിക്കും. പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാകാത്ത വിധം ബോർഡ് മാനേജ്മെന്‍റുമായി നിസ്സഹകരണം പ്രഖ്യാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. 12ന് വർഗ ബഹുജന സംഘടനകളുടെയും സർവിസ് സംഘടനകളുടെ യോഗം ചേർന്ന് തുടർ പ്രക്ഷോഭങ്ങൾ ആലോചിക്കും.

നിഷേധാത്മക നിലപാട് തുടർന്നാൽ ചട്ടപ്പടി സമരമടക്കം ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകുമെന്ന് ഓഫിസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് ഡോ. എം.ജി. സുരേഷ്കുമാറും ജനറൽ സെക്രട്ടറി ബി. ഹരികുമാറും വാർത്തസമ്മേളനത്തിൽ അറിയിച്ചു.

സംഘടനയെ തകർക്കാനാണ് ചെയർമാൻ നീക്കം നടത്തിയത്. പണിമുടക്ക് പൊളിക്കുന്ന സമീപനം ഇടതുമുന്നണി ഭരിക്കുമ്പോൾ പൊതുമേഖല സ്ഥാപനത്തിന്‍റെ മേധാവി സ്വീകരിക്കുകയായിരുന്നു. നേതാക്കൾക്കെതിരായ നടപടി പിൻവലിക്കാനും പ്രതികാര നിലപാട് തിരുത്താനും മാനേജ്മെന്‍റ് തയാറാകണം. വിഷയത്തിൽ വകുപ്പ് മന്ത്രിക്ക് ഇടപെടാതിരിക്കാനാകില്ല. വൈദ്യുതി ഉൽപാദനത്തിൽ 1000 കോടിയുടെ അധികവരുമാനം കിട്ടിയത് ലഭിച്ച മികച്ച മഴകൊണ്ടാണ്. വൈദ്യുതി കമ്മിയും വിലക്കയറ്റവും ഇതിന് സഹായകമായി. അത് ചെയർമാൻ ബി. അശോകിന്‍റെ മിടുക്കുകൊണ്ടല്ലെന്നും അവർ പറഞ്ഞു. 

ചെയർമാന്‍റെ ഡ്രൈവറുടെ വിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്തെന്ന്

തിരുവനന്തപുരം: വൈദ്യുതി ബോർഡ് ചെയർമാൻ ഡോ. ബി. അശോകിന്‍റെ ഡ്രൈവറുടെ വീട്ടുവിലാസത്തിൽ ടാറ്റ ഹാരിയർ കാർ രജിസ്റ്റർ ചെയ്തെന്ന് കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ. മാർച്ച് 16നാണ് ഡ്രൈവർ ആരിഫിന്‍റെ വിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്തത്. ഇതിന് 20 ലക്ഷത്തോളം രൂപ വില വരും. ഡ്രൈവർ വാഹനം വാങ്ങാൻ സാമ്പത്തിക ശേഷിയുള്ള ആളാണെന്നു വിശ്വസിക്കുന്നില്ലെന്നും സംസ്ഥാന പ്രസിഡന്‍റ് എം.ജി. സുരേഷ്കുമാർ ആരോപിച്ചു.

വൈദ്യുതി ബോർഡ് 1200 വൈദ്യുതി വാഹനങ്ങൾ വാങ്ങാൻ തീരുമാനിച്ചിരുന്നു. 65 എണ്ണമാണ് വാങ്ങിയത്. വാങ്ങിയതെല്ലാം ടാറ്റയുടെ വാഹനങ്ങളാണ്. വിതരണ ശൃംഖല നവീകരണത്തിനുള്ള ആർ.ഡി.എസ്.എസ് പദ്ധതിയുടെ ഭാഗമായ ഫാൾട്ട് പാസ് ഇൻഡിക്കേറ്റർ 20,000 എണ്ണം സ്ഥാപിക്കാൻ ഒന്നിന് 1.80 ലക്ഷം രൂപ നിർദേശിച്ചു. ഇത് ആർ.ഡി.എസ്.എസ് പോർട്ടലിലേക്ക് അപ്ലോഡ് ചെയ്യുകയും ചെയ്തു.

എന്നാൽ, പാലക്കാട് യൂനിറ്റിൽ സ്വന്തമായി ഉണ്ടാക്കുന്ന ഫാൾട്ട് പാസ് ഇൻഡിക്കേറ്ററിന് 17,400 രൂപ മാത്രമാണ് ചെലവ്. പുറത്തെ ഏജൻസിയിൽനിന്ന് വാങ്ങാനാണ് പദ്ധതി ഉണ്ടാക്കിയത്. ഇത് സ്ഥാപിത താൽപര്യം മൂലമാണ്. -സുരേഷ്കുമാർ പറഞ്ഞു. 

അധിക കുറ്റപത്രവുമായി ബോർഡ്

തിരുവനന്തപുരം: ചെയർമാന്‍റെ ഡ്രൈവർക്ക് വീട്ടുവിലാസത്തിൽ ടാറ്റ ഹാരിയർ കാർ രജിസ്റ്റർ ചെയ്തുവെന്ന ഓഫിസേഴ്സ് അസോസിയേഷൻ നേതാക്കളുടെ ആരോപണത്തിന്‍റെ പേരിൽ ഓഫിസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് എം.ജി. സുരേഷ്കുമാറിനും സെക്രട്ടറി ഹരികുമാറിനും എതിരെ അധിക കുറ്റപത്രം നൽകാൻ ബോർഡ് തീരുമാനിച്ചു. ഉന്നയിക്കുന്ന വിഷയങ്ങൾ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് ബോർഡ് വാർത്താകുറിപ്പിൽ പറഞ്ഞു. ആരോപണം വ്യക്തിഹത്യയുടെ ഭാഗമാണ്. ഇതിന് കെ.എസ്.ഇ.ബിയുമായി ബന്ധമില്ല. മരുതംകുഴിയിൽ ചെയർമാന്‍റെ താൽക്കാലിക ഡ്രൈവർക്ക് വീടില്ല. പരുത്തിക്കുഴിയിലുള്ള അദ്ദേഹത്തിന്‍റെ വീട്ടിൽ സഹോദരീ ഭർത്താവ് വാങ്ങി വാടകയ്ക്ക് നൽകിയ വാഹനം നിർത്തിയിടാറുണ്ടെന്നും ബോർഡ് വാർത്താകുറിപ്പിൽ അറിയിച്ചു. 

Tags:    
News Summary - KSEB: Officers on strike; Board for further action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.