തിരുവനന്തപുരം: കെ.എസ്.ഇ.ബി സാമ്പത്തിക പ്രതിസന്ധിയിലെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി. 1180 കോടിയുടെ അധിക ചെലവും 11,000 കോടിയുടെ കടബാധ്യതയുമുണ്ട്. പവർ എക്സേഞ്ചിൽ നിന്ന് വൈദ്യുതി വാങ്ങുമ്പോൾ തുക മുൻകൂറായി നൽകണമെന്ന വ്യവസ്ഥ കെ.എസ്.ഇ.ബിക്ക് കടുത്ത സമ്മർദമുണ്ടാക്കുകയാണ്. പ്രതിദിനം അഞ്ചു കോടിയോളം രൂപ പവർ എക്സ്ചേഞ്ചിൽ ചെലവിടേണ്ടിവരുന്നു. വാട്ടർ അതോറിട്ടിയുൾപ്പെടെ സർക്കാർ സ്ഥാപനങ്ങളുടെ കുടിശ്ശിക പലിശ സഹിതം 3347 കോടിയാണ്. വാട്ടർ അതോറിട്ടിയുടെ മാത്രം കുടിശ്ശിക 2479 കോടിയാണ്. ഇത് പ്രതിമാസം അടക്കാത്തതിനാൽ 37 കോടി വെച്ച് വർധിക്കുകയാണ്.
2022-23 സാമ്പത്തിക വർഷത്തെ കെ.എസ്.ഇ.ബിയുടെ നഷ്ടമായ 1023.62 കോടിയുടെ 75 ശതമാനമായ 767.715 കോടി സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് കെ.എസ്.ഇ.ബി ചെയർമാൻ പുറപ്പെടുവിച്ച കുറിപ്പിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഊർജവകുപ്പ് അഡീഷൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം നിയമസഭയിൽ അറിയിച്ചു.
കേന്ദ്രസർക്കാർ പാസാക്കിയ വൈദ്യുതി നിയമഭേദഗതി ബിൽ ഫെഡറൽ താൽപര്യങ്ങൾക്ക് വിരുദ്ധമാണ്. സ്വകാര്യവത്കരണത്തിന് അനുകൂലമാണ് ഇത്തരം നയങ്ങൾ. വൈദ്യുതി ഉൽപാദനത്തിന് ഇറക്കുമതി കൽക്കരിക്ക് 20 ശതമാനം ഉപയോഗിക്കണമെന്നാണ് കേന്ദ്രനിർദേശം. അദാനിയെപ്പോലുള്ളവർ ആസ്ട്രേലിയയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കൽക്കരി രാജ്യത്ത് ചെലവാകാതെ വന്നപ്പോൾ അത് ചെലവാക്കാൻ വേണ്ടിയാണ് 20 ശതമാനം കൽക്കരി ഉൽപാദന കമ്പനികൾ ഉപയോഗിക്കണമെന്ന നിർദേശമുണ്ടായത്. അതിനനുസരിച്ച് ചാർജ് ചുമത്താനുള്ള അനുമതിയും സ്വകാര്യ കമ്പനികൾക്ക് കേന്ദ്രം നൽകിയിട്ടുണ്ട്. ഇത്തരം തെറ്റായ നയങ്ങൾക്കെതിരെ ശക്തമായ നടപടികൾ കേരളം സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.