തിരുവനന്തപുരം: കെ.എസ്.ഇ.ബിയിലെ പെൻഷൻ ഫണ്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ വൈദ്യുതി റെഗുലേറ്ററി കമീഷൻ സർക്കാറിന്റെ അഭിപ്രായം തേടും. പെന്ഷന് നല്കാന് കെ.എസ്.ഇ.ബി ഇറക്കിയ കടപ്പത്രങ്ങളുടെ മുതലും പലിശയും താരിഫിൽ ഉൾപ്പെടുത്തും വിധം റെഗുലേറ്ററി കമീഷന് ചട്ടത്തില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി ഭേദഗതിയുടെ കരട് പുറത്തിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച അതോറിറ്റി വാദം കേട്ടു.
പെൻഷൻ മുടങ്ങാത്ത വിധം മാസ്റ്റർ ട്രസ്റ്റ് നിലനിർത്തുകയോ പെൻഷൻ സർക്കാർ നൽകുകയോ വേണമെന്ന ആവശ്യമാണ് പെൻഷൻകാരുടെ പ്രതിനിധികൾ ഉന്നയിച്ചത്. എന്നാൽ, പെൻഷൻ മാസ്റ്റർ ട്രസ്റ്റുമായി ബന്ധപ്പെട്ട് വൈദ്യുതി നിരക്കിൽ വർധന വരുത്തുന്നതിനെ ഉപഭോക്താക്കളുടെ സംഘടനകൾ എതിർത്തു. തുടർന്ന്, വിഷയത്തിൽ സർക്കാറിന്റെ അഭിപ്രായം തേടാമെന്ന നിലപാടിലേക്ക് കമീഷൻ എത്തുകയായിരുന്നു.
പെൻഷൻ നൽകുന്നതിന്റെ ഭാഗമായി 2037 വരെ കാലാവധിയുള്ള 8144 കോടി രൂപയുടെ കടപ്പത്രങ്ങളാണ് കെ.എസ്.ഇ.ബി ഇറക്കിയത്. പെന്ഷന് നല്കാൻ രൂപവത്കരിച്ച മാസ്റ്റർ ട്രസ്റ്റിലേക്കാണ് ഈ പണം എത്തുക. 10 ശതമാനമാണ് പലിശ. ഇതിനുപുറമെ, 10 വര്‍ഷത്തേക്ക് ഒമ്പത് ശതമാനം പലിശയിൽ 3751 കോടി രൂപയുടെ കടപ്പത്രങ്ങളും ഇറക്കിയിരുന്നു. ഇതിന്റെ മുതലും പലിശയും തിരിച്ചുനല്‍കേണ്ടത് സര്‍ക്കാറാണ്.
നിരക്ക് വര്‍ധിപ്പിക്കാന്‍ ഈ ബാധ്യത പരിഗണിക്കില്ല. കടപ്പത്രങ്ങളുടെ പലിശ മാത്രമേ 2021 വരെ നിരക്ക് വര്‍ധിപ്പിക്കാന്‍ പരിഗണിച്ചിരുന്നുള്ളൂ. 2021ലെ ചട്ടഭേദഗതിയിലൂടെ മുതലും ഇതിൽ ഉള്‍പ്പെടുത്തി. പെന്ഷന് നല്‍കാനുള്ള ഭാരിച്ച ചെലവ് മുഴുവന്‍ കണ്ടെത്താനാകാതെ വന്നപ്പോഴായിരുന്നു ഇത്. ഈ മാറ്റം ഹൈടെന്‍ഷന്‍ ആന്‍ഡ് എക്സ്ട്രാ ഹൈടെന്‍ഷന്‍ ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രിസിറ്റി കണ്‍സ്യൂമേഴ്സ് അസോസിയേഷന് ഹൈകോടതിയില്‍ ചോദ്യംചെയ്തു.
ചട്ടത്തിന്റെ കരടില്‍ ഇല്ലാതിരുന്ന വ്യവസ്ഥ അന്തിമചട്ടത്തില് ഉള്‍പ്പെടുത്തിയത് ശരിയായില്ലെന്ന് കണ്ടെത്തി കോടതി വിധിയുണ്ടായി. കടപ്പത്രങ്ങള്‍ക്ക് നല്‍കേണ്ട പലിശ മാത്രം നിരക്കുവര്‍ധനക്ക് പരിഗണിച്ചാല്‍ മതിയെന്നായിരുന്നു കോടതി ഉത്തരവ്. ഇതുപ്രകാരം വര്‍ഷംതോറും മുതല്‍ തിരിച്ചുനല്‍കാന്‍ വേണ്ട 407 കോടി രൂപയുടെ ബാധ്യത ഒഴിവാക്കിയാണ് അടുത്തിടെ വൈദ്യുതി നിരക്ക് കൂട്ടി കമീഷന് ഇടക്കാല ഉത്തരവിട്ടത്.
അതേസമയം തെളിവെടുപ്പ് നടത്തി വ്യവസ്ഥകള്‍ പാലിച്ച് ചട്ടത്തില്‍ മാറ്റംവരുത്താന്‍ ഹൈകോടതി കമീഷനെ അനുകൂലിച്ചു. തുടർന്നാണ് ഹിയറിങ് നടത്തിയത്. കടപ്പത്രങ്ങളുടെ മുതലും വൈദ്യുതി നിരക്ക് വഴി ഈടാക്കിയില്ലെങ്കില്‍ പെന്ഷന് ഫണ്ട് പ്രതിസന്ധിയിലാകുമെന്നാണ് കെ.എസ്.ഇ.ബി വാദിക്കുന്നത്.
ബോർഡിന്റെ മൂലധന നിക്ഷേപ പദ്ധതികളുമായി ബന്ധപ്പെട്ട ഹിയറിങ്ങും റെഗുലേറ്ററി കമീഷനിൽ നടന്നു. ഇതിൽ മുടങ്ങിക്കിടക്കുന്ന പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് കമീഷൻ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.