തിരുവനന്തപുരം: വൈദ്യുതി കുടിശ്ശികയെ ചൊല്ലി കെ.എസ്.ഇ.ബിയും കേരള പൊലീസും തമ്മിൽ പോര് രൂക്ഷം. പൊലീസ് ക്യാമ്പിലെ വൈദ്യുതി കുടിശ്ശികയെതുടർന്ന് ജപ്തി നടപടിക്ക് നോട്ടീസ് നൽകിയ കെ.എസ്.ഇ.ബിയോട് സ്ഥാപനങ്ങൾക്ക് സംരക്ഷണം നൽകിയ വകയിലെ 130 കോടി നൽകിയശേഷം അതിനെക്കുറിച്ച് സംസാരിക്കാമെന്നാണ് പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി നൽകിയ കത്ത്. ഇത് രണ്ട് സർക്കാർ വകുപ്പുകൾ തമ്മിലുള്ള തർക്കം രൂക്ഷമാക്കുകയാണ്. വിഷയത്തിൽ വൈദ്യുതി ബോർഡ് എന്ത് തീരുമാനമെടുക്കുമെന്നതാണ് നിർണായകം.
കെ.എ.പി മൂന്നാം ബറ്റാലിയനെതിരെയാണ് ബോർഡ് ജപ്തി നടപടികള്‍ ആരംഭിച്ചത്. 2004 മുതൽ 2009 വരെയുള്ള കുടിശ്ശികയും പിഴയും അടച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജപ്തി നോട്ടീസ് അയച്ചത്. സമാനമായി പല പൊലീസ് യൂനിറ്റുകള്‍ക്കും നോട്ടീസെത്തിയതോടെയാണ് പൊലീസ് ആസ്ഥാനത്തുനിന്ന് തുടർനടപടികൾ കൈക്കൊണ്ടത്.
കെ.എസ്.ഇ.ബി ആസ്ഥാനത്തിനും അണക്കെട്ടുകള്‍ക്കും സംഭരണ കേന്ദ്രങ്ങള്‍ക്കുമെല്ലാം സംരക്ഷണം നൽകുന്നത് പൊലീസാണ്. ഇതിന് ബോർഡ് പണം നൽകുന്നുണ്ട്. പൊലീസ് അടയ്ക്കേണ്ട വൈദ്യുതി ചാർജും സംരക്ഷണത്തിന് നൽകേണ്ട പ്രതിഫലവും കൂട്ടിക്കിഴിച്ച് തിട്ടപ്പെടുത്തി ഇരുകൂട്ടരും മുന്നോട്ടുപോകുകയായിരുന്നു. എന്നാൽ, രണ്ടുവർഷം മുമ്പ് ഇതുസംബന്ധിച്ച തർക്കമുണ്ടായി.
ഇതിൽ തീരുമാനമാകുംമുമ്പ് കുടിശ്ശിക ആവശ്യപ്പെട്ട് ബോർഡ് നോട്ടീസ് അയച്ചതാണ് പൊലീസിനെ ചൊടിപ്പിച്ചത്. പൊലീസിനുള്ള തുക ആദ്യം നൽകിയിട്ട് ജപ്തി നടപടികളെക്കുറിച്ച് ആലോചിക്കാമെന്നാണ് പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി കെ. പത്മകുമാർ കെ.എസ്.ഇ.ബി ചെയർമാന് കത്ത് നൽകിയത്. സംരക്ഷണം നൽകുന്ന വകയിൽ ലഭിക്കേണ്ട കുടിശ്ശിക പിരിച്ചെടുക്കാത്തതിനാൽ പല ഓഡിറ്റുകള്‍ക്കും പൊലീസ് മറുപടി നൽകേണ്ട സാഹചര്യമാണ്.
അതിനാൽ പണം ഡി.ജി.പിയുടെ പേരിൽ ഡി.ഡിയായി ഉടൻ നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കുടിശ്ശികയുടെ കാര്യത്തിൽ ബോർഡ് ഉന്നയിച്ച ന്യായങ്ങളിൽ വ്യക്തതതേടി ഇരുവകുപ്പുകളും സർക്കാറിന് കത്ത് നൽകിയിട്ടുണ്ട്. അതിനാൽ വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.