തിരുവനന്തപുരം: കേന്ദ്ര-പൊതുമേഖല സ്ഥാപനമായ സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയുമായി 500 മെഗാവാട്ടിന്റെ വൈദ്യുതി കരാർ കെ.എസ്.ഇ.ബി ഒപ്പുവെച്ചു. വൈദ്യുതി ക്ഷാമം രൂക്ഷമായ വൈകീട്ട് ആറിനു ശേഷമുള്ള പീക്ക് മണിക്കൂറുകളിലുൾപ്പെടെ വൈദ്യുതി ലഭ്യമാക്കാൻ കരാർ ഉപകരിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പകൽ സമയത്ത് സൗരോർജ വൈദ്യുതിയും പീക്ക് സമയത്ത് രണ്ട് മണിക്കൂർ നേരം ബാറ്ററി സ്റ്റോറേജ് സിസ്റ്റം വഴിയുള്ള വൈദ്യുതിയുമാണ് ലഭ്യമാക്കുക. വൈകീട്ട് മണിക്കൂറിൽ 250 മെഗാവാട്ട് എന്ന നിലയിൽ തുടർച്ചയായി രണ്ടു മണിക്കൂറോ തവണകളായോ ആവശ്യാനുസൃതം ഈ വൈദ്യുതി ഉപയോഗിക്കാനാകും. യൂനിറ്റിന് താരതമ്യേന കുറഞ്ഞ നിരക്കായ 3.49 രൂപയാണ്. 2026 സെപ്റ്റംബറോടെ വൈദ്യുതി ലഭ്യമായിത്തുടങ്ങും.
25 വർഷമാണ് കരാർ കാലാവധി. ജലവൈദ്യുത പദ്ധതികൾ പാരിസ്ഥിതിക പ്രശ്നങ്ങൾ പറഞ്ഞ് തടസ്സപ്പെടുത്തുന്ന സാഹചര്യത്തിൽ പുറത്തുനിന്ന് വലിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയെത്തിച്ച് വിതരണം ചെയ്യുകയേ നിവൃത്തിയുള്ളൂവെന്നും അത് താരിഫിലൂടെ ഉപഭോക്താക്കളിൽനിന്ന് ഈടാക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.
ആവശ്യകതയുടെ 30 ശതമാനമാണ് ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്നത്. ബാക്കി 70 ശതമാനം പുറത്തുനിന്ന് എത്തിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 12,983 കോടിയുടെ വൈദ്യുതി പുറത്തുനിന്ന് വാങ്ങി ഈ വർഷം അത് 15000 കോടിയിലേക്ക് എത്തും. അനാവശ്യമായ പരിസ്ഥിതി തടസ്സവാദങ്ങളും എതിർപ്പുകളും ഒഴിവാക്കിയാൽ വിവിധങ്ങളായ വൈദ്യുത പദ്ധതികളിലൂടെ ഈ പ്രതിസന്ധി മറികടക്കാനാകും. കോൾ ലിങ്കേജ് വഴി 500 മെഗാവാട്ട് വൈദ്യുതി കുറഞ്ഞ വിലയ്ക്ക് അടുത്ത വർഷം മുതൽ ലഭ്യമാകും.
2030 ഓടെ 10,000 മെഗാവാട്ട് ഉൽപാദനമാണ് ലക്ഷ്യമിടുന്നതെന്ന് കെ.എസ്.ഇ.ബി എം.ഡി ബിജു പ്രഭാകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാമക്കൽമേട്, അട്ടപ്പാടി, മാന്മുട്ടിമേട്, പാപ്പൻപാറ, കഞ്ചിക്കോട് എന്നിവിടങ്ങളിലായി 300 മെഗാവാട്ട് വൈദ്യുതി കാറ്റിൽനിന്ന് ഉൽപാദിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഇതിനു പുറമേ, ഏകദേശം 590 കിലോമീറ്റർ നീളമുള്ള കടൽത്തീരമുള്ള കേരളത്തിന് അറബിക്കടലിൽ ഓഫ്ഷോർ കാറ്റാടി പാടങ്ങൾക്കുള്ള സാധ്യത പഠിച്ചുവരുകയാണെന്നും ബിജു പ്രഭാകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.