ദലിത് പ്രശ്നങ്ങള്‍: ഇതര സംഘടനകളുമായി സഹകരിക്കുമെന്ന് കെ.എസ്.കെ.ടി.യു

മൂവാറ്റുപുഴ: ദലിത് പ്രശ്നങ്ങളില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി ദലിത് സംഘടനകളുമായി സഹകരിക്കുമെന്ന് സി.പി.എമ്മിന്‍െറ കര്‍ഷക തൊഴിലാളി സംഘടനയായ കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂനിയന്‍ (കെ.എസ്.കെ.ടി.യു). വെള്ളിയാഴ്ച സമാപിച്ച സംസ്ഥാന സമ്മേളനം ഇക്കാര്യത്തില്‍ തീരുമാനമെടുത്തതായി സംസ്ഥാന പ്രസിഡന്‍റും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം.വി. ഗോവിന്ദന്‍ പറഞ്ഞു.

ദേശവ്യാപകമായി നടക്കുന്ന ദലിത് വിരുദ്ധ കടന്നാക്രമണങ്ങള്‍ക്കും വര്‍ഗീയതക്കുമെതിരെ മറ്റുസംഘടനകളുമായി യോജിച്ച് ഈ മാസം 22ന് രാജ്ഭവനിലേക്കും ജില്ല കേന്ദ്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും മാര്‍ച്ച് നടത്തും.
 
ഡിസംബര്‍ 17ന് തിരുവനന്തപുരത്ത് പ്രത്യേക കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. യുവാക്കളെ ആകര്‍ഷിക്കാന്‍ കാര്‍ഷികമേഖലയുടെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് കെ.എസ്.കെ.ടി.യു ആവശ്യപ്പെടുന്നത്. കൃഷി ജീവനോപാധിയാണെന്ന് യുവാക്കളെ ബോധ്യപ്പെടുത്താന്‍ ഇതിലൂടെ കഴിയണം. കെ.എസ്.കെ.ടി.യുവിന്‍െറ നേതൃത്വത്തില്‍ തൊഴിലാളികളുടെ ഹരിതസേനകള്‍ സജീവമാക്കുമെന്നും ഇതരസംസ്ഥാന തൊളിലാളികളെയും ഭിന്നലിംഗക്കാരെയും സംഘടന ഉള്‍ക്കൊള്ളുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

നാലുദിവസമായി നടന്ന സമ്മേളനത്തില്‍ കാര്‍ഷികരംഗത്തെ വിഷയങ്ങള്‍, ഇടുക്കിയിലെ പാവപ്പെട്ടവരുടെ പട്ടയപ്രശ്നം എന്നിവ മുന്‍നിര്‍ത്തിയുള്ള പ്രമേയങ്ങള്‍ അവതരിപ്പിച്ചു. സമ്മേളനത്തിന്‍റ ഭാഗമായി മൂവാറ്റുപുഴയില്‍ നടന്ന കൂറ്റന്‍  പ്രകടനത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ പങ്കെടുത്തു. വൈകുന്നേരം അഞ്ചുമണിയോടെ ആശ്രമം ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തില്‍ തപ്പുതാളമേളങ്ങളും കാവടിയും അണിനിരന്നു.

 

Tags:    
News Summary - ksktu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.