പുല്ലുപാറക്ക് സമീപം അപകടത്തിൽപെട്ട ബസ്

ഇടുക്കിയിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞു; നാല് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്

പീരുമേട് (ഇടുക്കി): ദേശീയപാത-183ൽ പുല്ലുപാറയിൽ കെ.എസ്.ആർ.ടി.സി ബസ് കൊക്കയിലേക്ക് മറിഞ്ഞ്​ നാലുമരണം. 33 പേർക്ക്​ പരിക്കേറ്റു. മാവേലിക്കര മറ്റം വടക്ക്​ കാർത്തികയിൽ ഹരിഹരൻപിള്ളയുടെ മകൻ അരുൺ ഹരി (37), മാവേലിക്കര കൗസ്തുഭം വീട്ടിൽ റിട്ട. സെന്‍ട്രല്‍ എക്‌സൈസ് സൂപ്രണ്ടന്റ് ജി. കൃഷ്ണന്‍ ഉണ്ണിത്താന്‍റെ ഭാര്യ ബിന്ദു ഉണ്ണിത്താൻ (54), മാവേലിക്കര തട്ടാരമ്പലം മറ്റം തെക്ക്​ സോമസദനം സംഗീത്​ സോമൻ (42), മാവേലിക്കര പല്ലാരിമംഗലം കോട്ടക്കകത്ത്​ തെക്കേതിൽ മോഹനൻ നായരു​ടെ ഭാര്യ രമ മോഹൻ (62) എന്നിവരാണ്​ മരിച്ചത്​.

രമ മോഹനെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും മറ്റുള്ളവർ സംഭവ സ്ഥലത്തുമാണ്​ മരിച്ചത്​. മാവേലിക്കര ഡിപ്പോയിൽനിന്ന്​ വിനോദസഞ്ചാരത്തിന്​ പോയ ബസ്​ തഞ്ചാവൂരിൽനിന്ന്​ മടങ്ങിവരവേ​ തിങ്കളാഴ്ച രാവിലെ 6.15ഓടെയാണ്​ അപകടത്തിൽപ്പെട്ടത്. 34 യാത്രക്കാരും രണ്ട് ഡ്രൈവർമാരും ടൂർ കോഓഡിനേറ്ററുമുൾപ്പെടെ 37 പേരാണ്​ ബസിലുണ്ടായിരുന്നത്​.

പരിക്കേറ്റവർ കോട്ടയം മെഡിക്കൽ കോളജ്, മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, പാലാ മെഡിസിറ്റി എന്നിവിടങ്ങളിൽ ചികിത്സയിലാണ്​. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പരിക്കേറ്റ്​ ചികിത്സയിലുള്ള ഡ്രൈവർ രാജീവ്​ പറഞ്ഞു.

കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം പാക്കേജിന്‍റെ ഭാഗമായി തഞ്ചാവൂർ, മധുര എന്നിവിടങ്ങളിലേക്ക് തീർഥാടനത്തിന് പോയ സൂപ്പർ ഡീലക്സ് ബസാണ്​ കൊക്കയിലേക്ക്​ മറിഞ്ഞത്​. കുട്ടിക്കാനം-മുണ്ടക്കയം റോഡിൽ പുല്ലുപാറ കള്ളിവേലിൽ എസ്റ്റേറ്റിന്റെ സമീപത്തായിരുന്നു അപകടം.

ക്രാഷ് ബാരിയർ തകർത്ത് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ക്രാഷ് ബാരിയറിലും വൈദ്യുതി തൂണിലെ കേബിളുകളിലും ഇടിച്ചശേഷം ബസ്​ മരത്തിൽ തങ്ങിനിന്നതിനാൽ കൂടുതൽ ദുരന്തം ഒഴിവായി. അപകടം നടക്കുമ്പോൾ യാത്രക്കാർ മിക്കവരും ഉറക്കത്തിലായിരുന്നു. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്​.

അരുണ്‍ ഹരിയുടെ മാതാവ്: രാധാദേവി. സഹോദരി: ദീപ ഹരി. അരുൺ ഹരി അവിവാഹിതനാണ്​. സംഗീത് സോമന്‍റെ ഭാര്യ: ഹരിത. മക്കള്‍: സൗരവ്, സിദ്ധാര്‍ഥ്​. രമ മോഹനന്‍റെ മക്കള്‍: മനു മോഹന്‍, രേഷ്മ മോഹന്‍ (യു.കെ.). മരുമക്കള്‍: ബിജി പണിക്കര്‍, നന്ദു ശ്രീറാം. ബിന്ദു ഉണ്ണിത്താന്‍റെ മക്കൾ: ദേവി കൃഷ്ണ, ഡോ. ദീപ കൃഷ്ണ. മരുമക്കള്‍: രാകേഷ്, ഡോ. വിഷ്ണുലാല്‍. എല്ലാവരുടെയും സംസ്‌കാരം നാളെ.

Tags:    
News Summary - KSRTC bus with 34 passengers on board falls off into cliff at Pullupara, Idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.