ഇടുക്കിയിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞു; നാല് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്
text_fieldsപീരുമേട് (ഇടുക്കി): ദേശീയപാത-183ൽ പുല്ലുപാറയിൽ കെ.എസ്.ആർ.ടി.സി ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാലുമരണം. 33 പേർക്ക് പരിക്കേറ്റു. മാവേലിക്കര മറ്റം വടക്ക് കാർത്തികയിൽ ഹരിഹരൻപിള്ളയുടെ മകൻ അരുൺ ഹരി (37), മാവേലിക്കര കൗസ്തുഭം വീട്ടിൽ റിട്ട. സെന്‍ട്രല്‍ എക്‌സൈസ് സൂപ്രണ്ടന്റ് ജി. കൃഷ്ണന്‍ ഉണ്ണിത്താന്‍റെ ഭാര്യ ബിന്ദു ഉണ്ണിത്താൻ (54), മാവേലിക്കര തട്ടാരമ്പലം മറ്റം തെക്ക് സോമസദനം സംഗീത് സോമൻ (42), മാവേലിക്കര പല്ലാരിമംഗലം കോട്ടക്കകത്ത് തെക്കേതിൽ മോഹനൻ നായരുടെ ഭാര്യ രമ മോഹൻ (62) എന്നിവരാണ് മരിച്ചത്.
രമ മോഹനെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും മറ്റുള്ളവർ സംഭവ സ്ഥലത്തുമാണ് മരിച്ചത്. മാവേലിക്കര ഡിപ്പോയിൽനിന്ന് വിനോദസഞ്ചാരത്തിന് പോയ ബസ് തഞ്ചാവൂരിൽനിന്ന് മടങ്ങിവരവേ തിങ്കളാഴ്ച രാവിലെ 6.15ഓടെയാണ് അപകടത്തിൽപ്പെട്ടത്. 34 യാത്രക്കാരും രണ്ട് ഡ്രൈവർമാരും ടൂർ കോഓഡിനേറ്ററുമുൾപ്പെടെ 37 പേരാണ് ബസിലുണ്ടായിരുന്നത്.
പരിക്കേറ്റവർ കോട്ടയം മെഡിക്കൽ കോളജ്, മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, പാലാ മെഡിസിറ്റി എന്നിവിടങ്ങളിൽ ചികിത്സയിലാണ്. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പരിക്കേറ്റ് ചികിത്സയിലുള്ള ഡ്രൈവർ രാജീവ് പറഞ്ഞു.
കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം പാക്കേജിന്‍റെ ഭാഗമായി തഞ്ചാവൂർ, മധുര എന്നിവിടങ്ങളിലേക്ക് തീർഥാടനത്തിന് പോയ സൂപ്പർ ഡീലക്സ് ബസാണ് കൊക്കയിലേക്ക് മറിഞ്ഞത്. കുട്ടിക്കാനം-മുണ്ടക്കയം റോഡിൽ പുല്ലുപാറ കള്ളിവേലിൽ എസ്റ്റേറ്റിന്റെ സമീപത്തായിരുന്നു അപകടം.
ക്രാഷ് ബാരിയർ തകർത്ത് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ക്രാഷ് ബാരിയറിലും വൈദ്യുതി തൂണിലെ കേബിളുകളിലും ഇടിച്ചശേഷം ബസ് മരത്തിൽ തങ്ങിനിന്നതിനാൽ കൂടുതൽ ദുരന്തം ഒഴിവായി. അപകടം നടക്കുമ്പോൾ യാത്രക്കാർ മിക്കവരും ഉറക്കത്തിലായിരുന്നു. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അരുണ്‍ ഹരിയുടെ മാതാവ്: രാധാദേവി. സഹോദരി: ദീപ ഹരി. അരുൺ ഹരി അവിവാഹിതനാണ്. സംഗീത് സോമന്‍റെ ഭാര്യ: ഹരിത. മക്കള്‍: സൗരവ്, സിദ്ധാര്‍ഥ്. രമ മോഹനന്‍റെ മക്കള്‍: മനു മോഹന്‍, രേഷ്മ മോഹന്‍ (യു.കെ.). മരുമക്കള്‍: ബിജി പണിക്കര്‍, നന്ദു ശ്രീറാം. ബിന്ദു ഉണ്ണിത്താന്‍റെ മക്കൾ: ദേവി കൃഷ്ണ, ഡോ. ദീപ കൃഷ്ണ. മരുമക്കള്‍: രാകേഷ്, ഡോ. വിഷ്ണുലാല്‍. എല്ലാവരുടെയും സംസ്‌കാരം നാളെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.