തിരുവനന്തപുരം: ഡിപ്പോകൾ പണയം വെച്ച് കിട്ടിയ 50 കോടികൊണ്ട് കെ.എസ്.ആർ.ടി.സിയിൽ ഒരു മാസത്തെ പെൻഷൻ വിതരണമാരംഭിച്ചു. കൊല്ലം ജില്ലയിലെ രണ്ട് ഡിപ്പോകളാണ് സഹകരണബാങ്കിൽ പണയം വെച്ചത്. നാല് മാസത്തെ പെൻഷൻ ഇനി കുടിശ്ശികയുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ഡിപ്പോകൾ പണയം വെച്ചത്. പ്രതിസന്ധി പരിഹരിക്കാൻ 25 കോടി കൂടി ലഭിക്കുന്നതിന് ആലപ്പുഴ ജില്ല സഹകരണബാങ്കിനെയും സമീപിച്ചിട്ടുണ്ട്.
കായംകുളം, ഏറ്റുമാനൂർ ഡിപ്പോകളാണ് ഇതിന് പണയപ്പെടുത്തുന്നതെന്നാണ് വിവരം. വ്യാഴാഴ്ചയാണ് കൊല്ലം സഹകരണബാങ്കില്‍നിന്നുള്ള 50 കോടി 12 ശതമാനം പലിശക്ക് കെ.എസ്.ആര്.ടി.സിക്ക് ലഭിച്ചത്. സര്‍ക്കാര്‍ ഗ്യാരൻറിയുടെ അടിസ്ഥാനത്തിലാണ് വായ്പയെടുത്തതെന്നും പെന്ഷന് പൂര്‍ണമായി കൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കെ.എസ്.ആര്.ടി.സി അധികൃതര്‍ വ്യക്തമാക്കി. വായ്പകള്‍ക്ക് ബാങ്കുകള്‍ ഉയര്‍ന്ന പലിശ ഈടാക്കുന്നതിനാല്‍ കെ.എസ്.ആര്.ടി.സി കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. കടം കൂടിയതോടെ തിരിച്ചടവുകളും മുടങ്ങി. ബാങ്കുകളുടെ കണ്‍സോർട്യം നല്‍കാമെന്നേറ്റിരിക്കുന്ന 3200 കോടിയുടെ വായ്പയിലാണ് സ്ഥാപനത്തിെൻറ പ്രതീക്ഷ. പക്ഷേ, അതാകെട്ട നിബന്ധനകളിൽ തട്ടി അനിശ്ചിതമായി നീളുകയാണ്.
കൂടിയ പലിശനിരക്കിലും കുറഞ്ഞകാല തിരിച്ചടവിലും എടുത്തിട്ടുള്ള വായ്പകള്‍ പൊതുമേഖല ബാങ്കുകളുടെ കണ്സോർട്യത്തിലേക്ക് മാറ്റാനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ബാങ്കുകള്‍ കുറഞ്ഞ പലിശനിരക്കില്‍ ദീര്‍ഘകാല വായ്പ അനുവദിക്കുകയാണെങ്കില്‍ തിരിച്ചടവ് തുകയില്‍ ഒരു മാസം 60 കോടി ലാഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ആയിരത്തിലധികം വരുന്ന പെന്‍ഷന്‍കാര്‍ കഴിഞ്ഞദിവസം സെക്രേട്ടറിയറ്റിന് മുന്നില്‍ ഉപരോധസമരം സംഘടിപ്പിച്ചിരുന്നു. 38,000ഒാളം പെൻഷൻകാരാണ് കെ.എസ്.ആർ.ടി.സിക്കുള്ളത്.
പെൻഷൻ: സാധ്യമായ നടപടി സ്വീകരിക്കണമെന്ന് വി.എസ് തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ കുടിശ്ശിക വിതരണംചെയ്യാൻ സാധ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കണമെന്ന് ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. അഞ്ചുമാസത്തെ പെൻഷൻ കുടിശ്ശികയാണെന്നാണ് അറിയാൻ കഴിഞ്ഞത്. ഇതുമൂലം പെൻഷനെ മാത്രം ആശ്രയിച്ചുകഴിയുന്ന വിരമിച്ച 38000ത്തിലേറെ ജീവനക്കാർ ദുരിതത്തിലാണ്. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പെൻഷൻ സർക്കാർ നൽകണമെന്ന് വിവിധ കോടതി വിധികൾ ഉള്ളതായും ചൂണ്ടിക്കാട്ടപ്പെടുന്നു. കെ.എസ്.ആർ.ടി.സിയും സർക്കാറും സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിടുകയാണെന്നത് വസ്തുതയാണ്. എന്നാലും അഞ്ചുമാസം തുടർച്ചയായി പെൻഷൻ ലഭിക്കാതിരുന്നതുമൂലം പതിനായിരക്കണക്കിന് ആളുകൾക്ക് ദൈനംദിനജീവിതം തന്നെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണ്. ഈ സാഹചര്യം പരിഗണിച്ച് ഇവരുടെ പെൻഷൻ നൽകാൻ നടപടി സ്വീകരിക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.